1 GBP = 104.21
breaking news

ത‌ൃപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ട് 55 പവനും പണവും മൊബൈലുകളും കവർന്നു

ത‌ൃപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ട് 55 പവനും പണവും മൊബൈലുകളും കവർന്നു

തൃപ്പൂണിത്തുറ: കൊച്ചിയെ നടുക്കി വീണ്ടും വീട്ടിൽ അതിക്രമിച്ച് കയറി വൻ കവർച്ച. തൃപ്പൂണിത്തുറ എസ്.എം.പി കോളനി റോഡിൽ നന്നപ്പിള്ളി വീട്ടിൽ ആനന്ദകുമാറിന്റെ വീട്ടിലാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ കവർച്ച നടന്നത്. പതിനഞ്ചംഗ കൊള്ളസംഘം ഇരുനില വീട്ടിലെ മുൻവശത്തെ ജനൽ കമ്പികൾ പൊളിച്ചു മാറ്റിയാണ് അകത്തു കടന്നത്. 55 പവൻ സ്വർണവും ഇരുപതിനായിരം രൂപയും വില കൂടിയ മൂന്ന് മൊബൈൽ ഫോണുകളും കവർച്ച ചെയ്തതായി ഗൃഹനാഥൻ ആനന്ദ കുമാർ പൊലീസിനെ അറിയിച്ചു.
പുലർച്ചെ മോഷണം നടക്കുമ്പോൾ ആനന്ദകുമാറടക്കം അഞ്ച് പേർ വീട്ടിലുണ്ടായിരുന്നു. കവർച്ചാ ശ്രമത്തെ എതിർത്ത ഇയാളെ അക്രമിസംഘം തലയ്ക്കടിച്ച് പരിക്കേല്പിച്ചു. ഗുരുതരമായി പരിക്കേറ്റ ആനന്ദകുമാറിന് തലയിൽ എട്ട് തുന്നലുണ്ട്. ഓരോരുത്തരും വെവ്വേറെ മുറികളിലായി കിടന്നുറങ്ങുകയായിരുന്നു. ഭാര്യ ഷാരി (46), അമ്മ സ്വർണമ്മ (72), മക്കൾ ദീപക്, രൂപക് എന്നിവരാണ് ആനന്ദിനെ കൂടാതെ വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടുകാരെ ഓരോരുത്തരെയായി കെട്ടിയിട്ട് മർദ്ദിച്ചാണ് കവർച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മോഷ്ടാക്കൾ സംഘത്തോടെ ഇരുനില വീടിന്റെ ഉള്ളിൽ കടന്നു ഒാരോരുത്തരുടേയും മുറികളിൽ കയറി കൈകൾ പിന്നിൽ കെട്ടി വായിൽ തുണി തിരുകി. വീണ്ടും ഒച്ചയുണ്ടാക്കിയ വീട്ടുകാരെ കമ്പി വടി കൊണ്ട് മർദ്ദിച്ചു അവശരാക്കി. തുടർന്ന് ഒാരോരുത്തരേയും ഓരോ മുറികളിലായി പൂട്ടിയിട്ടു. ആനന്ദകുമാറിന്റെ ഭാര്യ ഷാരി മോൾ, കൈകൾ കൂട്ടിക്കെട്ടി വായിൽ തുണി തിരുകി ബാത്ത് റൂമിൽ പൂട്ടിയിട്ട നിലയിലായിരുന്നു. 15 അംഗ ബംഗാളി സംഘമാണ് കവർച്ച നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

കവർച്ചക്കാർ രക്ഷപെട്ട ശേഷം രൂപക് കെട്ടഴിച്ച് വായിലെ തുണി മാറ്റി ഒച്ചവച്ചതിനെ തുടർന്ന് പരിസരവാസികൾ ഓടിയെത്തുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. പരിക്കേറ്റവരെ തൃപ്പൂണിത്തുറയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തൃപ്പൂണിത്തുറ എസ്.ഐ എസ്. സനിലിന്റെ നേതൃത്വത്തിൽ പൊലീസ് സംഭവ സ്ഥലത്തെത്തി. ഫോറൻസിക് വിദഗ്‌ദ്ധൻ അപ്പുക്കുട്ടനും സ്ഥലത്തെത്തി പരിശോധന നടത്തി. സിറ്റി പൊലീസ് കമ്മീഷണർ എം.പി ദിനേശ്, എ.സി.പി ലാൽജി എന്നിവരും സംഭവ സ്ഥലം പരിശോധിച്ചു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കവർച്ച നടന്ന തൃപ്പൂണിത്തുറയിലെ വീട് റെയിൽവെ ട്രാക്കിൽ നിന്നും 80 മീറ്റർ അകലെ മാത്രമാണ്. ട്രെയിൻ മാർഗം വന്ന മോഷ്ടാക്കൾ റെയിവേ ട്രാക്ക് വഴി മോഷണം നടന്ന വീടിന്റെ തെക്ക് ഭാഗത്ത് കാട് പിടിച്ച് കിടക്കുന്ന പറമ്പിലൂടെയാണ് എത്തിയതെന്ന് സൂചനയുണ്ട്. അതേസമയം, ഇന്നലെ പുല്ലേപ്പടിയിൽ നടന്ന മോഷണത്തിന്റെ സമാന സ്വഭാവമാണ് ഈ മോഷണത്തിനെന്ന് ഫോറൻസിക് വിദഗ്ദ്ധർ സൂചിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more