1 GBP = 104.26
breaking news

നാലിടത്ത് പാര്‍പ്പിച്ചു, ഒരിക്കലും ഉപദ്രവിച്ചില്ല:ഫാ. ടോം

നാലിടത്ത് പാര്‍പ്പിച്ചു, ഒരിക്കലും ഉപദ്രവിച്ചില്ല:ഫാ. ടോം

ന്യൂഡല്‍ഹി: യെമനില്‍ ഭീകരര്‍ തടവിലിട്ട പതിനെട്ട് മാസത്തിനിടെ തന്നെ നാലിടത്ത് പാര്‍പ്പിച്ചതായും ഒരിക്കല്‍ പോലും ഭീകരര്‍ തന്നെ ഉപ്രദവിച്ചില്ലെന്നും ഫാ.ടോം ഉഴുന്നാലില്‍ പറഞ്ഞു. ഭീകരര്‍ ഏത് സംഘടനയാണെന്ന് അറിയില്ല. ചിലപ്പോഴൊക്കെ തന്നെ ഉപ്രദവിക്കാന്‍ പോകുന്നുവെന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും ഒന്നും ചെയ്തില്ല.
റോമില്‍ നിന്ന് ഇന്നലെ ഡല്‍ഹിയില്‍ എത്തിയ അദ്ദേഹം പത്രസമ്മേളനത്തില്‍ നല്‍കിയ അനുഭവക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ആദ്യത്തെ ഒളിസങ്കേതത്തില്‍ രണ്ടാഴ്ചയോളം താസിച്ചു. പിന്നീടുള്ള രണ്ട് കേന്ദ്രങ്ങളില്‍ നാലും അഞ്ചും മാസങ്ങളും നാലാമത്തെ കേന്ദ്രത്തില്‍ ഒരു വര്‍ഷത്തിലധികവും കഴിഞ്ഞു. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോള്‍ കണ്ണ് കെട്ടിയിരുന്നു. നാലിടത്തും വെട്ടം കയറുന്ന ഒറ്റ മുറിയിലാണ് കഴിഞ്ഞത്. എല്ലായിടത്തും മെത്ത നല്‍കിയിരുന്നു. ഇരുപ്പും കിടപ്പും അതിലായിരുന്നു. ജനാലയുണ്ടായിരുന്നെങ്കിലും പുറത്തേക്ക് നോക്കരുതെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു. ദിവസമോ സമയമോ പുറംലോകത്ത് എന്താണ് നടക്കുന്നെന്നോ അറിയാന്‍ മാര്‍ഗമില്ലായിരുന്നു. ദൈവത്തോട് കൂടുതല്‍ അടുക്കാന്‍ ഈ കാലം ഉപയോഗപ്പെടുത്തി. ആദ്യം തട്ടിക്കൊണ്ടുപോയവര്‍ മറ്റൊരു സംഘത്തിന് തന്നെ കൈമാറി. എല്ലാവരും അറബിയാണ് സംസാരിച്ചത്.
രണ്ട് തവണ താന്‍ രോഗബാധിതനായി. കടുത്ത പ്രമേഹമുള്ളതിനാല്‍ ഇന്‍സുലിന്‍ വേണമായിരുന്നു. അതില്ലാതെ രോഗം കൂടിയപ്പോള്‍ അവര്‍ മരുന്ന് നല്‍കി. രണ്ട് തവണ പനി വന്നെങ്കിലും കൂടിയില്ല. ഒരിക്കല്‍ തോളിന് കടുത്ത വേദന വന്നെങ്കിലും ബുദ്ധിമുട്ടിക്കാതെ പോയി. പനിക്കും അവര്‍ മരുന്ന് എത്തിച്ചു. ഡോക്ടറെയും കൊണ്ടുവന്നു. തന്നെ ബന്ദിയാക്കുമ്പോള്‍ 82 കിലോ ഭാരമുണ്ടായിരുന്നു. ഇപ്പോള്‍ 55 കിലോ ആയി കുറഞ്ഞു.

മരണത്തെ ഒരിക്കലും ഭയപ്പെട്ടില്ല. എന്നെ വധിക്കില്ലെന്ന് മനസ് പറഞ്ഞിരുന്നു. എന്നാല്‍, കടുത്ത ആശങ്കയുണ്ടായിരുന്നു. എന്ത് സംഭവിക്കുമെന്ന് ഒരു നിശ്ചയവുമില്ലായിരുന്നു. എങ്കിലും പ്രതീക്ഷ കൈവിട്ടില്ല. ദൈവത്തിലുള്ള വിശ്വാസം മുറുകെ പിടിച്ചു. എന്റെ കണ്‍മുന്നില്‍ വെടിയേറ്റ് മരിച്ച സിസ്റ്റര്‍മാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. മുറിയില്‍ ഒറ്റയ്ക്കായിരുന്നതിനാല്‍ പ്രാര്‍ത്ഥന ഗീതങ്ങള്‍ പാടുമായിരുന്നു. പ്രാര്‍ത്ഥനയായിരുന്നു പ്രധാനം. ദൈവത്തോട് കൂടുതല്‍ അടുക്കാന്‍ കഴിഞ്ഞു. യെമനിലെ കന്യാസ്ത്രീകളെയും അവിടുത്തെ ജനങ്ങളെയും സഹായിക്കാനാണ് എന്നെ അവിടേക്ക് അയച്ചത്. എന്നെ തട്ടിക്കൊണ്ടുപോയവരുടെ മനസ് മാറാനായി പ്രാര്‍ത്ഥിക്കാനായിരിക്കും ദൈവം ഇങ്ങനെയൊരു കാര്യം എന്നിലൂടെ നിര്‍വഹിച്ചത് – ഫാ.ടോം പറഞ്ഞു.

തന്റെ മോചനത്തിന് ശ്രമിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി സുഷമ സ്വരാജ്, ഫ്രാന്‍സിസ് മാര്‍പാപ്പ, ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സായീദ് അല്‍സായീദ് തുടങ്ങിയ എല്ലാവര്‍ക്കും നന്ദി അറിയിച്ചു. തനിക്ക് വേണ്ടി ഹിന്ദുക്കള്‍ ക്ഷേത്രങ്ങളില്‍ പൂജനടത്തിയതായും മുസ്ലിങ്ങള്‍ പള്ളികളില്‍ പ്രാര്‍ത്ഥന നടത്തിയതായും അറിഞ്ഞു. അതിനെല്ലാം നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more