1 GBP = 103.84
breaking news

തോമസ് ചാണ്ടി നാളെ രാജി വയ്‌ക്കുമെന്ന് സൂചന

തോമസ് ചാണ്ടി നാളെ രാജി വയ്‌ക്കുമെന്ന് സൂചന

തിരുവനന്തപുരം: കായൽ കൈയ്യേറ്റക്കേസിൽ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ ഹൈക്കോടതി വിധിയുടെ പ്രത്യാഘാതങ്ങൾ പഠിച്ച ശേഷം നടപടിയെടുക്കുമെന്ന് എൻ.സി.പി ദേശീയ നേതൃത്വം വ്യക്തമാക്കി. പൊതുപ്രവർത്തകർ ഏറ്റവും സത്യസന്ധത പുലർത്തണമെന്നാണ് പാർട്ടിനിലപാടെന്ന് പ്രഫുൽ പട്ടേൽ പറഞ്ഞു. മുഖ്യമന്ത്രിയുമായും എൽ.ഡി.എഫ് നേതൃത്വവുമായും പാർട്ടി നേതാക്കൾ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഡൽഹിയിലേക്ക് തിരിക്കാനിരുന്ന തോമസ് ചാണ്ടി മുഖ്യമന്ത്രി വിളിപ്പിച്ചതനുസരിച്ച് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. നാളെ രാവിലെ മന്ത്രിസഭാ യോഗത്തിന് മുമ്പ് അദ്ദേഹം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും. മുഖ്യമന്ത്രി പറഞ്ഞാൽ താൻ രാജിവയ്‌ക്കാമെന്ന് ചാണ്ടി അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി നടക്കുന്ന കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ചാണ്ടി രാജി വച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്.

ബുധനാഴ്‌ച തിരുവനന്തപുരത്തെത്തുന്ന എൻ.സി.പി നേതാക്കൾ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും കാണും. എൻ.സി.പി നേതാക്കൾ ഇന്ന് ഇരുവരുമായും ടെലഫോൺ സംഭാഷണം നടത്തിയിരുന്നു.

സർക്കാരിനെതിരെ വ്യക്തിപരമായ ആവശ്യങ്ങളുന്നയിച്ച് മന്ത്രിക്ക് കോടതിയെ സമീപിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചാണ്ടിയുടെ ഹർജി തള്ളിയത്. റിപ്പോർട്ടിൽ പിഴവുണ്ടെങ്കിൽ തോമസ് ചാണ്ടിയ്ക്ക് കളക്‌ടറെ തന്നെ സമീപിക്കാം. 15 ദിവസത്തിനുള്ളിൽ കളക്ടർ തോമസ് ചാണ്ടിയുടെ പരാതി കേൾക്കണമെന്നും ജ.രവീന്ദ്രൻ പറഞ്ഞു. എന്നാൽ രവീന്ദ്രന്റെ വിധിയിൽ തോമസ് ചാണ്ടിക്കെതിരെ പരാമർശങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ, ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ രൂക്ഷമായാണ് തോമസ് ചാണ്ടിയെ വിമർശിച്ചത്.

മന്ത്രി കോടതിയെ സ​മീപിച്ചതോടെ മന്ത്രിസഭയിൽ കൂട്ടുത്തരവാദത്തിന്റെ ലംഘനം ഉണ്ടായതായി ദേവൻ രാമചന്ദ്രൻ പറഞ്ഞു. സർക്കാരിനെതിരെ മന്ത്രി ഹർജി നൽകുന്നത് കേട്ടുകേൾവി ഇല്ലാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായിരുന്നു കൊണ്ട് സർക്കാരിനെതിരെ ഹർജി നൽകുന്നത് ഭരണഘടനാവിരുദ്ധമാണ്. അതിന് മന്ത്രിക്ക് അവകാശമില്ലെന്നും ജ.ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഉച്ചയ്ക്ക് ശേഷം കേസ് പരിഗണിച്ചപ്പോൾ തോമസ് ചാണ്ടിയെ കോടതി ആവർത്തിച്ച് വിമർശിച്ചു. മന്ത്രി ദന്തഗോപുരത്തിൽനിന്ന് താഴെയിറങ്ങണം. സാധാരണക്കാരനെപ്പോലെ വിഷയത്തെ സമീപിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more