1 GBP = 104.21

നടി തൊടുപുഴ വാസന്തി അന്തരിച്ചു

നടി തൊടുപുഴ വാസന്തി അന്തരിച്ചു

തൊടുപുഴ: നടിയും നാടക പ്രവർത്തകയും നൃത്താദ്ധ്യാപികയുമായിരുന്ന തൊടുപുഴ വാസന്തി (65) അന്തരിച്ചു. ഇന്ന് പുലർച്ചെ 4.30 ഓടെ വാഴക്കുളത്തുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൊണ്ടയിൽ കാൻസർ ബാധിച്ചും പ്രമേഹ രോഗത്തെ തുടർന്ന് വലതുകാൽ മുറിച്ചു മാറ്രിയും കഴിഞ്ഞ ഒരു വർഷത്തോളമായി തൊടുപുഴ മണക്കാടുള്ള വീട്ടിൽ ചികിത്സയും വിശ്രമവുമായി കഴിയുകയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് തൊടുപുഴ മണക്കാട് സഹോദരൻ സുരേഷ് കുമാറിന്റെ വീട്ടുവളപ്പിൽ നടക്കും.

നാടകത്തിലൂടെയും നൃത്തത്തിലൂടെയും മലയാള സിനിമയിലെത്തിയ വാസന്തി അമ്മയും മരുമകളും അമ്മായിയമ്മയും ഭാര്യ കഥാപാത്രങ്ങളുമൊക്കൊയായി മലയാള സിനിമയിൽ തന്നെ അടയാളപ്പെടുത്തി പോന്നു. 450 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1976 ൽ പുറത്ത് വന്ന ‘ എന്റെ നീലാകാശം ‘ ആയിരുന്നു ആദ്യ സിനിമ. 2016 ൽ പുറത്തിറങ്ങിയ ‘ ഇതു താൻടാ പൊലീസ് ‘ ആയിരുന്നു അവസാന ചിത്രം. കെ.ജി.ജോർജിന്റെ സംവിധാനത്തിലുള്ള ‘ യവനിക ‘ എന്ന സിനിമയിലെ രാജമ്മയെന്ന കഥാപാത്രം വാസന്തിയുടെ ജീവിതത്തിൽ വലിയ അവസരങ്ങൾക്ക് കളമൊരുക്കി. പിന്നിടങ്ങോട്ട് പ്രമുഖ സംവിധായകരായ പലരുടെയും ചിത്രങ്ങളിൽ വാസന്തിക്ക് നല്ല വേഷങ്ങൾ ലഭിച്ചു തുടങ്ങി. ആലോലം, നവംബറിന്റെ നഷ്ടം, ഗോഡ്ഫാദർ, കാര്യം നിസാരം എന്നി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഭരതൻ, പദ്മരാജൻ, ജോഷി, ഹരിഹരൻ, പി.ജി വിശ്വംഭരൻ തുടങ്ങി ഒട്ടു മിക്ക പ്രമുഖ സംവിധായകരുടെയെല്ലാം ചിത്രങ്ങളിൽ അഭിനയിക്കാനായി. സിനിമകളിലാണ് സജീവമായി അറിയപ്പെട്ടിരുന്നതെങ്കിലും സംസ്ഥാന സർക്കാരിന്റെ പുരസ്കാരം തേടിയെത്തിയത് കേരള സംഗീത നാടക അക്കാഡമി വഴിയായിരുന്നു. നാടകരംഗത്തെ സംഭാവനകൾക്കായിരുന്നു പുരസ്കാരം.

ഇടുക്കി ജില്ലയിൽ തൊടുപുഴയ്ക്കടുത്ത് മണക്കാട് എന്ന ഗ്രാമത്തിൽ ജനിച്ച വാസന്തി നാടകപ്രവർത്തകനായിരുന്ന അച്ഛൻ രാമകൃഷ്ണന്റെ ആഗ്രഹപ്രകാരമായിരുന്നു നാടകരംഗത്തേയ്ക്ക് വന്നത്. ശാരംഗപാണിയുടെ ട്രൂപ്പിൽ ചേർന്ന് നാടകരംഗത്തും സജീവമായി. പിന്നീട് ഉദയ സ്റ്റുഡിയോയിലെത്തി. അതുവഴി സിനിമയിലേയ്ക്കുള്ള വരവും എളുപ്പമായി. അടൂ‌ർ ഭവാനിക്കൊപ്പം നാടകട്രൂപ്പിൽ പ്രവർത്തിക്കുന്ന കാലത്ത് വാസന്തി ‘പീനൽകോഡ് ‘ എന്ന നാടകത്തിൽ അഭിനയിക്കവെ അടൂർ ഭവാനിയാണ് തൊടുപുഴ വാസന്തിയെന്ന പേരിട്ട് വിളിച്ചത്. പിന്നീടങ്ങോട്ട് ഇത് പേരായി തീർന്നു. വാസന്തിയുടെ ശബ്ദത്തിന്റെ പ്രത്യേകത ഏറെ ശ്രദ്ധയാകർഷിക്കപ്പെട്ടിട്ടുള്ളതാണ്. ബേസ് വോയ്സ് ആയതിനാൽ പുരുഷ ശബ്ദമായാണ് റേഡിയോകളിൽ അവതരിപ്പിച്ചിരുന്നത്. നാടകാചാര്യനായ ഒ. മാധവന്റെ ശബ്ദമായുള്ള വാസന്തിയുടെ ശബ്ദസാമ്യം കൗതുകകരമായി പലരും അക്കാലത്ത് തിരിച്ചറിഞ്ഞിരുന്നു.
അവസാനകാലം വേദനകളുടെ കാലം
സിനിമകളിൽ അവസരം കുറഞ്ഞതോടെ തൊടുപുഴയിൽ നൃത്തം വിദ്യാലയം ആരംഭിച്ച് മുന്നോട്ടു പോകവെ, 2017 ആഗസ്‌റ്റ് 17ന് പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് വാസന്തിയുടെ വലതുകാൽ മുറിച്ചു മാറ്റിയതോടെ ജീവിതം കട്ടിലിലായി. ഇതു കൂടാതെ തൊണ്ടയിൽ കാൻസർ കൂടി പിടിപെട്ടു. 20 തവണ റേഡിയേഷൻ നടത്തി. സിനിമയിൽ നിന്നുള്ള സമ്പാദ്യങ്ങൾ കൊണ്ട് വീടിനോട് ചേർന്ന് ഒരേക്കർ വസ്തു വാങ്ങിയിരുന്നു. ഇവിടെ നൃത്തവിദ്യാലയം തുടങ്ങിയായിരുന്നു കഴിഞ്ഞ വർഷം വരെയുള്ള പ്രവർത്തനം. കോഴിക്കോട് സ്വദേശിയായ ഭർത്താവ് രജീന്ദ്രനും കാൻസർ ബാധിച്ചതിനെ തുടർന്നുള്ള ചികിത്സയ്ക്കായി ഈ വസ്തു ഭൂരിഭാഗവും വിൽക്കേണ്ടി വന്നു. പിന്നീട് ലക്ഷങ്ങൾ മുടക്കിയുള്ള ചികിത്സയിൽ കടുത്ത സാമ്പത്തിക പ്രയാസവും രോഗങ്ങളുടെ കൊടിയ വേദനകളും സഹിച്ചായിരുന്നു അവസാന നാളുകൾ തള്ളിനീക്കിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more