1 GBP = 104.01

മോഷണശേഷം ഉറങ്ങിപ്പോയി; കുപ്രസിദ്ധ മോഷ്ടാവ് പത്തനംതിട്ട ഷാജി പിടിയിൽ

മോഷണശേഷം ഉറങ്ങിപ്പോയി; കുപ്രസിദ്ധ മോഷ്ടാവ് പത്തനംതിട്ട ഷാജി പിടിയിൽ

തൊടുപുഴ: വധശ്രമവും ഭവനഭേദവുമടക്കം നിരവധി കേസുകളിൽ പ്രതിയായ മോഷ്ടാവ് അറസ്റ്റിലായി. പത്തനംതിട്ട മേലെ വെട്ടിപ്പുറം തോന്നിയാമലയ്ക്കു സമീപം പരിയപ്ലാക്കൽ ചരിവ് പുരയിൽ വീട്ടിൽ ഷാജി എന്ന ഷാജഹാൻ (പത്തനംതിട്ട ഷാജി-44) ആണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. ജയ്‌റാണി പബ്ലിക് സ്‌കൂളിന് സമീപത്തെ കപ്പേളയിലെ മോഷണശേഷം റോഡരികിലെ കെട്ടിടത്തിന് മുന്നിൽ ഉറങ്ങുമ്പോഴാണ് ഇയാളെ പിടികൂടിയത്.

ജോലി അന്വേഷിച്ച് വന്നതാണെന്നാണ് ഷാജി പോലീസിനോട് പറഞ്ഞത്. എന്നാൽ ഇയാളെ പരിശോധിച്ചപ്പോൾ കപ്പേളയിൽനിന്ന് മോഷണംപോയ നാണയത്തുട്ടുകളടക്കം കണ്ടെടുത്തു. തുടർന്ന് നടന്ന ചോദ്യംചെയ്യലിൽ ജൂൺ രണ്ടിന് കാഞ്ഞാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മൂലമറ്റം ഫൊറോന പള്ളിയിലെ ഭണ്ഡാരക്കുറ്റി തകർത്ത് മോഷണം നടത്തിയത് ഷാജിയാണെന്ന് തെളിഞ്ഞു.

 

തൊടുപുഴ പോലീസ് ഇയാളുടെ ചിത്രം മറ്റ് സ്റ്റേഷനുകളിലേക്ക് അയച്ചു. അവിടങ്ങളിൽനിന്ന് കിട്ടിയ വിവരങ്ങൾ പോലീസിനെ ഞെട്ടിച്ചു. പത്തനംതിട്ടയിൽ പോലീസുദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ ഉൾപ്പെടെ പ്രതിയാണ് ഷാജി. കണ്ണൂർ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം നിരവധി മോഷണങ്ങൾ നടത്തിയ വിവരങ്ങളും പോലീസിന് ലഭിച്ചു.

വിസർജ്യം എറിഞ്ഞ് രക്ഷപ്പെടുന്നത് തന്ത്രം

രാത്രികാലങ്ങളിൽ ബസിലും ട്രെയിനിലുമെത്തുന്ന ഷാജി റോഡരികിലെ കടകൾ, വീടുകൾ എന്നിവിടങ്ങളിലാണ് സാധാരണ മോഷണം നടത്തുന്നത്. ആളുകളോ പോലീസോ പിടികൂടിയാൽ മലവിസർജനം നടത്തിയ ശേഷം വാരിയെറിഞ്ഞ് രക്ഷപ്പെടുകയാണ് രീതി. തിരുവല്ല സ്റ്റേഷൻ പരിധിയിലെ ഒരു കേസിൽ ശിക്ഷിക്കപ്പെട്ട് രണ്ടര വർഷമായി ജയിലിലായിരുന്ന ഷാജി മേയ് 26-നാണ് പുറത്തിറങ്ങിയത്.

ഏതാനും ദിവസം തിരുവനന്തപുരത്ത് തങ്ങി. മേയ് 30-ന് ഇതേ ജയിലിൽനിന്ന് പുറത്തിറങ്ങിയ മറ്റൊരു കൊടുംകുറ്റവാളി അമ്പിളി സന്തോഷിനൊപ്പം നേമത്ത് മൊബൈൽ ഷോപ്പ്, ജിംനേഷ്യം ഉപകരണങ്ങൾ വിൽക്കുന്ന കട, ഫാൻസി സ്റ്റോർ എന്നിവയുൾപ്പെടെ ആറ് കടകൾ കുത്തിത്തുറന്ന് മോഷണം നടത്തി. തുടർന്ന് ഇരുവരും കൊല്ലത്തേക്ക് രക്ഷപ്പെട്ടു. ഇവിടെ വെച്ച് മറ്റൊരു മോഷ്ടാവായ ജോമേഷുമൊത്ത് തൊടുപുഴയിലും പരിസരത്തും മോഷണം നടത്തുന്നതിന് പദ്ധതിയിട്ടു.

ഇതിനിടെ കോട്ടയത്തെത്തിയ ഷാജിയെ നാഗമ്പടം റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് അടിപിടി കേസിൽ കോട്ടയം പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കൂടുതൽ അന്വേഷണം നടത്താതെ വിട്ടയച്ചു. ജൂൺ ഒന്നിന് പറഞ്ഞുറപ്പിച്ച പ്രകാരം ഷാജിയും സംഘവും തൊടുപുഴയിലെത്തി. തൊട്ടടുത്ത ദിവസമാണ് മൂലമറ്റത്തെ മോഷണം.

12-ന് തൊടുപുഴയിലെ മോഷണശേഷം ഉറങ്ങുന്നതിനിടെയാണ് ഷാജി പിടിയിലായത്. ജൂൺ രണ്ടിനും 11-നും ഇടയിലുള്ള ദിവസങ്ങളിൽ മൂവാറ്റുപുഴ, പെരുമ്പാവൂർ തുടങ്ങിയ സ്ഥലങ്ങളിൽ മോഷണം നടത്തിയതായി ഷാജി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. 11-ന് പട്ടാമ്പിയിലെ വ്യാപാരസ്ഥാപനത്തിൽ ഇരുവരും മോഷണം നടത്തുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.

തൊടുപുഴയിലുൾപ്പെടെയുള്ള മോഷണങ്ങളിൽ ഇവർക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു. കൂട്ടാളിയായ സന്തോഷ് ഉടൻ വലയിലാകുമെന്ന് പോലീസ് അറിയിച്ചു. സർക്കിൾ ഇൻസ്‌പെക്ടർ എൻ.ജി.ശ്രീമോൻ, എസ്.ഐ.മാരായ വി.സി.വിഷ്ണുകുമാർ, എ.എച്ച്.ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്. പ്രതിയെ മുട്ടം കോടതി റിമാൻഡ് ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more