1 GBP = 104.16

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അജപാലന കർമ്മപദ്ധതി ആലോചനായോഗം നാളെ മുതൽ കെഫെൻലി പാർക്കിൽ…..

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അജപാലന കർമ്മപദ്ധതി ആലോചനായോഗം നാളെ മുതൽ കെഫെൻലി പാർക്കിൽ…..

ഫാ. ബിജു കുന്നയ്‌ക്കാട്ട്
പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അടുത്ത അഞ്ച് വർഷങ്ങളിലെ (2017 – 2022) അജപാലന കർമ്മ പരിപാടികൾക്ക് രൂപം നൽകുന്നതിനായി അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയിൽ നാളെ മുതൽ ആലോചനാ യോഗം ചേരും. വെയിൽസിലെ ന്യൂടൗണിലെ കെഫെൻലി പാർക്കിൽ നാളെ വൈകീട്ട് അഞ്ച് മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ വൈദികരും സന്യസ്തരും ഓരോ വി. കുർബാന കേന്ദ്രങ്ങളിൽ നിന്നുമുള്ള അൽമായ പ്രതിനിധികളുമടക്കം 250 ൽ പരം ആളുകൾ പങ്കെടുക്കും.

തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ മൂന്ന് ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ആലോചനാ യോഗത്തിന് അടിസ്ഥാന ചിന്തകൾ നൽകുന്നതിനായി ലിവിങ് സ്റ്റോൺസ് എന്ന പേരിൽ ഒരു മാസം മുൻപ് കരട് രേഖ രൂപത പുറത്തിറക്കിയിരുന്നു. എട്ട് വിവിധ റീജിയണുകളിലായി ആദ്യ അഭിഷേകാഗ്നി കൺവൻഷൻ നടന്നപ്പോൾ ഇത് എല്ലാ കുടുംബങ്ങൾക്കുമായി വിതരണം ചെയ്തിരുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ അംഗങ്ങളായിരിക്കുന്ന സഭാ മക്കളുടെ പ്രത്യേക പ്രവാസ ജീവിത സാഹചര്യങ്ങൾ പരിഗണിച്ച് രൂപതയുടെ അജപാലന പ്രവർത്തനങ്ങളെ കുറിച്ച് അൽമായ വിശ്വാസികളുടെ അഭിപ്രായങ്ങൾ ആരായുന്നതിനും ഇവിടുത്തെ ജീവിത സാഹചര്യത്തിന് അനുയോജ്യമായ കർമ്മപദ്ധതികൾ ആവിഷ്കരിക്കുന്നതിനുമാണ് പ്രധാനമായി ഈ ആലോചനായോഗം ചേരുന്നത്.

രൂപത പുറത്തിറക്കിയ കരട് രേഖയിൽ അടുത്ത ഓരോ വർഷങ്ങളിലും കുട്ടികൾ, യുവജനങ്ങൾ, ദമ്പതികൾ, ഫാമിലി യൂണിറ്റുകൾ, ഇടവക സമൂഹം എന്നിങ്ങനെ ഓരോ വിഭാഗത്തിലൂന്നിയ പ്രവർത്തന പദ്ധതികളാണ് ആവിഷ്ക്കരിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആലോചനാ യോഗങ്ങളിൽ ഈ ഓരോ വിഭാഗങ്ങളിലുമുള്ള പ്രസന്റേഷൻ തുടർന്ന് പൊതു ചർച്ച എന്നിവ ഉണ്ടായിരിക്കും. എല്ലാ കുടുംബങ്ങളിലുമുള്ള ലിവിങ് സ്റ്റോൺസ് എന്ന മാർഗ്ഗ രേഖ നൽകിയത് വഴി രൂപതയിലുള്ള എല്ലാവർക്കും അവരവരുടെ അഭിപ്രായങ്ങളും ആശയങ്ങളും രൂപതാ സമിതിയെ അറിയിക്കാൻ അവസരമൊരുക്കിയിരുന്നു.

സീറോ മലബാർ സഭയുടെ തനിമ, പാരമ്പര്യം, ആത്മീയത, ആരാധനാക്രമം എന്നീ അടിസ്ഥാന സ്വഭാവ പ്രത്യേകതകളെ കുറിച്ച് ആമുഖ പഠനവും ഈ ആലോചനാ യോഗത്തിന്റെ ആദ്യ മണിക്കൂറുകളിൽ ഉണ്ടായിരിക്കും. നാളെ വൈകീട്ട് 5.30ന് മാർ ജോസഫ് സ്രാമ്പിക്കൽ ദിവ്യബലിയർപ്പിച്ച് ആമുഖ പ്രഭാഷണം നടത്തും. പൊതു ചർച്ചകളെ കൂടാതെ സീറോ മലബാർ സഭയുമായി ബന്ധപ്പെട്ടു പൊതു ചോദ്യോത്തരങ്ങൾക്കുള്ള അവസരവും ഉണ്ടായിരിക്കും. സീറോ മലബാർ സഭയുടെ വിവിധ യാമ പ്രാർത്ഥനകളും ഈ ദിവസങ്ങളിൽ നടക്കും.

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിനെ കൂടാതെ 35 ൽ അധികം വൈദികരും സിസ്റ്റേഴ്‌സും 200 ലധികം അൽമായ പ്രതിനിധികളും ഈ ചരിത്ര സമ്മേളനത്തിൽ പങ്കു ചേരാനെത്തും. ഈ സമ്മേളനത്തിലുരുത്തിരിയുന്ന ആശയങ്ങളുടെയും അഭിപ്രായങ്ങളുടെയും വെളിച്ചത്തിലായിരിക്കും സീറോ മലബാർ സഭാ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രധാന പ്രവർത്തന ശൈലി രൂപപ്പെടുന്നത്. ഈ ദിവസങ്ങളിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾ സമൃദ്ധമായി ഉണ്ടാകുന്നതിനായി എല്ലാ വിശ്വാസികളും പ്രാർത്ഥിക്കണമെന്ന് രൂപതാധ്യക്ഷൻ മാർ സ്രാമ്പിക്കൽ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more