ഇന്ത്യ ബ്രിട്ടന്റെ അടുത്ത സുഹൃത്ത് തന്നെയെന്ന് ഉറപ്പിച്ച് തെരേസാ മേയ്, ഇന്ത്യന്‍ ബിസിനസ്സുകാര്‍ക്കായി പ്രത്യേക റജിസ്റ്റേര്‍ഡ് ട്രാവലര്‍ സ്‌കീം


ഇന്ത്യ ബ്രിട്ടന്റെ അടുത്ത സുഹൃത്ത് തന്നെയെന്ന് ഉറപ്പിച്ച് തെരേസാ മേയ്, ഇന്ത്യന്‍ ബിസിനസ്സുകാര്‍ക്കായി പ്രത്യേക റജിസ്റ്റേര്‍ഡ് ട്രാവലര്‍ സ്‌കീം

ഇന്ത്യ ബ്രിട്ടന്റെ എക്കാലത്തേയും ഉറ്റ സുഹൃത്ത് തന്നെയെന്ന് ഉറപ്പിച്ചുകൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ ഇന്ത്യാ സന്ദര്‍ശനം ആരംഭിച്ചു. ഇന്നലെ രാത്രി ഏറെ വൈകി ഡല്‍ഹിയിലെത്തിയ മേയ് ഇന്ന് രാവിലെ ഡല്‍ഹിയിലെ ഒരു ടെക് സമ്മിറ്റില്‍ പങ്കെടുത്തു. ടയര്‍ 2 വീസയില്‍ ബ്രിട്ടന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ത്യക്കാര്‍ക്ക് ശക്തമായ തിരിച്ചടിയാകുമെന്ന് കരുതിയപ്പോള്‍ ഇന്ത്യന്‍ ബിസിനസ്സുകാര്‍ക്കായി പ്രത്യേക രജിസ്‌ട്രേഡ് ട്രാവല്‍ പദ്ധതി പ്രഖ്യാപിച്ചു. ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി ബ്രിട്ടനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് യാത്രാ നടപടികള്‍ എളുപ്പത്തിലാക്കാനുള്ള പദ്ധതിയാണ് രജിസ്‌ട്രേഡ് ട്രാവല്‍ പദ്ധതി.

ബ്രക്‌സിറ്റിന് ശേഷം ബ്രിട്ടനെ ആഗോള വ്യാപാര രംഗത്തെ പ്രമുഖ ശക്തിയാക്കി മാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് തെരേസാ മേയ് പ്രഖ്യാപിച്ചു. ഇതിനായി ഇന്ത്യയും ബ്രിട്ടനും തമ്മില്‍ നിലവിലുള്ള വ്യാപാര തടസ്സങ്ങള്‍ കുറയ്‌ക്കേണ്ടതുണ്ടെന്നും ഇത്തരത്തില്‍ തടസ്സങ്ങള്‍ കുറച്ചുകൊണ്ട് ഇരുരാജ്യങ്ങളിലേക്കും കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരുകയാണ് ലക്ഷ്യമെന്നും മേയ് പ്രഖ്യാപിച്ചു.

ബ്രിട്ടനിലേക്ക് ഇന്ത്യക്കാര്‍ക്ക് യാതൊരുവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി തെരേസാ മേയ് ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ നിന്ന് വീസയ്ക്കായി അപേക്ഷിക്കുന്നവരില്‍ പത്തില്‍ ഒന്‍പത് അപേക്ഷകളും ഹോം ഓഫീസ് അംഗീകരിക്കാറുണ്ടെന്ന് മേയ് ചൂണ്ടിക്കാട്ടി.

ഉച്ചയ്ക്ക് 12 മണിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തന്ത്രപ്രധാന വിഷയങ്ങളില്‍ ചര്‍ച്ച നടത്തുകയാണ് തെരേസാ മേയ്. സൗജന്യ വ്യാപാര കരാര്‍, പ്രതിരോധം, വ്യാപാരം എന്നീ വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. ഇന്റര്‍നാഷണല്‍ ട്രേഡ് സെക്രട്ടറി ലിയാം ഫോക്‌സ് അടക്കമുള്ള 40 അംഗസംഘമാണ് തെരേസാ മേയെ അനുഗമിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകാന്‍ തീരുമാനിച്ചതിന് ശേഷമുള്ള മേയുടെ ആദ്യത്തെ വിദേശ സന്ദര്‍ശനമാണ് ഇത്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317