1 GBP = 102.95
breaking news

കാര്‍ഡിഫിന്റെ ധീരപുത്രിക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. യുക്മയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ടീന പോളിന്റെ ഭൗതിക ശരീരം അന്ത്യവിശ്രമത്തിനായി വ്യാഴാഴ്ച ഇന്ത്യന്‍ ഹൈകമ്മീഷന്റെ ചിലവില്‍ നാട്ടിലേക്ക്. കൂടാതെ യുക്മ സാന്ത്വനത്തിന്റെ സഹായവും.

കാര്‍ഡിഫിന്റെ ധീരപുത്രിക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. യുക്മയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന്  ടീന പോളിന്റെ ഭൗതിക ശരീരം അന്ത്യവിശ്രമത്തിനായി വ്യാഴാഴ്ച ഇന്ത്യന്‍ ഹൈകമ്മീഷന്റെ ചിലവില്‍ നാട്ടിലേക്ക്. കൂടാതെ യുക്മ സാന്ത്വനത്തിന്റെ സഹായവും.

ബാല സജീവ്കുമാര്‍, യുക്മ പി ആര്‍ ഒ

ക്യാന്‍സര്‍ എന്ന മാരകരോഗം പിടിപെട്ടപ്പോഴും, ധീരതയോടെ അതിനെ സ്വീകരിച്ച്, നേരിട്ട്, പലവുരു സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്ന ടീന പോളിനെ കാര്‍ഡിഫുകാരും, സുഹൃത്തുക്കളും എന്നും നിറപുഞ്ചിരിയോടെ മാത്രമേ കണ്ടിട്ടുള്ളൂ. കടുത്ത വേദനയിലും ആശ കൈവിടാതെ ധൈര്യം സ്പുരിക്കുന്ന പുഞ്ചിരിയോടെ മരണം വരെ പോരാടി മരണത്തിന് കീഴടങ്ങിയ ടീന യു കെ മലയാളികളുടെ മനസ്സിനെ തെല്ലൊന്നുമല്ല ഉലച്ചത് എന്ന് വെളിവാക്കുന്നതായിരുന്നു ഇന്നലെ കാര്‍ഡിഫ് സെന്റ് ഫിലിപ്പ് ഇവാന്‍സ് ചര്‍ച്ചില്‍ തടിച്ചുകൂടിയ മലയാളികളുടെ കൂട്ടം. കാലത്ത് 11 മണിയോടെ ചര്‍ച്ച് ഹാളില്‍ ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. മുഖ്യ കാര്‍മ്മികനായ സീറോമലബാര്‍ യു കെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തത്സമയം തന്നെ എത്തി എങ്കിലും 11.40 ഓടെ ആണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചത്. വിശുദ്ധ കുര്‍ബാനയും, ഒപ്പീസും, പരേതയെ അനുസ്മരിക്കുന്ന ചടങ്ങുകളും, അന്ത്യ ദര്‍ശനവും എല്ലാം തീര്‍ത്ത് ഉദ്ദേശം രണ്ടുമണിയോടെ ചടങ്ങുകള്‍ അവസാനിച്ചു.

മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഫാദര്‍മാരായ ജോര്‍ജ്ജ് എ പുത്തൂര്‍, മാത്യു ചൂരപൊയ്കയില്‍, പോള്‍ വെട്ടിക്കാട്ട്, അംബ്രോസ് മാളിയേക്കല്‍, എന്നിവരും ഡീക്കന്‍ ജോസഫ് ഫിലിപ്പും തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. പരേതയെ അനുസ്മരിച്ച് ടീന പോള്‍ ജോലി ചെയ്തിരുന്ന നേഴ്‌സിംഗ് ഹോമിന്റെ മാനേജര്‍ സുജാത സിംഗ് അനുസ്മരിച്ച വരികള്‍ ഏവരെയും കണ്ണീരണിയിച്ചു. ജോലിക്കുള്ള അപേക്ഷ അയച്ച് ഇന്റര്‍വ്യൂവിന് ഈ ധീര സഹോദരി എത്തിയപ്പോള്‍ അവള്‍ പറഞ്ഞത് ‘ ഈ ജോലി എനിക്ക് തന്നാല്‍ ഒരു നിറ പുഞ്ചിരിയോടെ ഒരു സഹായ ഹസ്തമായി ഇവിടുത്തെ അന്തേവാസികള്‍ക്ക് ടൈ എന്‍ഫി നേഴ്‌സിംഗ് ഹോമില്‍ ഞാനുണ്ടാകും ‘ എന്നാണ്. അന്ത്യസമയം വരെ ആ നിറ പുഞ്ചിരി കാത്തുസൂക്ഷിച്ച ജോലിയില്‍ കൃത്യനിഷ്ടക്കാരിയായ, ഏവര്‍ക്കും സഹായ ഹസ്തമായ ടീനയെ സ്മരിച്ചപ്പോള്‍ സുജാത സിംഗിന്റെ പോലും കണ്ണുകള്‍ നിറഞ്ഞു. വൈദികരായ ജോര്‍ജ്ജ് എ പുത്തൂര്‍, ഫാദര്‍ അംബ്രോസ് മാളിയേക്കല്‍ എന്നിവര്‍ പരേതയെ അനുസ്മരിച്ച് സംസാരിച്ചു. ടീനയുടെ യു കെയിലെ ആഗമന കാലം മുതല്‍ യു കെയില്‍ കൂടെ താമസിച്ചിരുന്ന ജോണ്‍ പോളും കുടുംബവുമായിരുന്നു ടീനയുടെ അന്ത്യസമയം വരെയുള്ള ആശ്രയം. സഹപാഠികളായിരുന്ന ആ സൗഹൃദത്തിനും, വലിയ മനസ്സിനും നന്ദി പ്രകാശിപ്പിക്കുവാനും ഈ അവസരം വിനിയിഗിക്കപ്പെട്ടു.

യുക്മ നാഷണല്‍ കമ്മിറ്റിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ടീനയുടെ ഭൗതികശരീരം ഗവണ്‍മെന്റ് ചിലവില്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ തയ്യാറായി. കൂടാതെ, യു കെയില്‍ ഏതു മലയാളി മരണപ്പെട്ടാലും അവരുടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് ആവശ്യമായ തുക യു കെ യില്‍ ആയാലും, ഇന്ത്യയില്‍ ആയാലും അവ നടത്തേണ്ടുന്നതിന് വേണ്ടി പത്ര പരസ്യങ്ങളില്ലാതെ യുക്മ സാന്ത്വനം വാട്‌സ്ആപ്പ് ഗ്രൂപ്പ് സ്വരൂപിച്ച് നല്‍കുന്ന യുക്മ സാന്ത്വനത്തിന്റെ സഹായം ടീനയുടെ കുടുംബത്തിന് നല്‍കുമെന്നും യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ. ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍ അറിയിച്ചു.

ഈ ധീര സഹോദരിക്ക് യുക്മയുടെ ആദരാഞ്ജലികള്‍. വെള്ളിയാഴ്ച തവളപ്പാറ സെന്റ് ജോസഫ്‌സ് പള്ളിയില്‍ നടക്കുന്ന സംസ്‌കാരകര്‍മ്മങ്ങളില്‍ യുക്മയെ പ്രതിനിധീകരിച്ച് അഡ്വ. ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍ സംബന്ധിക്കുന്നതുമാണ്. ടീന പോള്‍ നമുക്ക് സമ്മാനിച്ച പുഞ്ചിരി നമുക്ക് നമ്മുടെ മുഖത്തണിയാം! ഏതു തീരാ വേദനയിലും മറ്റുള്ളവരെ സമാശ്വസിപ്പിക്കുന്ന മാലാഖയുടെ മുഖം നമുക്കും പകര്‍ന്നു നല്‍കാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more