1 GBP = 103.92
breaking news

സീറോ മലബാര്‍ സഭാ തര്‍ക്കം അവസാനിക്കുന്നു; മാര്‍പാപ്പയുടെ അന്തിമ തീരുമാനം വരെ കാത്തിരിക്കാന്‍ ധാരണ

സീറോ മലബാര്‍ സഭാ തര്‍ക്കം അവസാനിക്കുന്നു; മാര്‍പാപ്പയുടെ അന്തിമ തീരുമാനം വരെ കാത്തിരിക്കാന്‍ ധാരണ

കൊച്ചി: സീറോ മലബാര്‍ സഭയുടെ കീഴിലുള്ള എറണാകുളം അതിരൂപതയിലെ ഭൂമി വില്‍പ്പന തര്‍ക്കത്തില്‍ സമവായമായി. ഭൂമികച്ചവട വിവാദവുമായി കാര്യങ്ങളില്‍ അന്തിമ തീരുമാനം കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പ്പ സ്വീകരിക്കട്ടെയെന്നും അതുവരെ തര്‍ക്കങ്ങളില്‍ നിന്നും പരസ്യപ്രതിഷേധത്തില്‍ നിന്നും മാറിനില്‍ക്കാനും ഇന്ന് ചേര്‍ന്ന എറണാകുളം -അങ്കമാലി അതിരൂപതയിലെ വൈദിക സമിതി യോഗത്തില്‍ ധാരണയായി.

കഴിഞ്ഞദിവസം കെസിബിസി അധ്യക്ഷനും തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രാപ്പോലീത്തയുമായ സൂസെപാക്യവും സിബിസിഐ അധ്യക്ഷനും സീറോ മലങ്കര സഭാ തലവനുമായ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസും മുന്‍കൈയെടുത്ത് നടത്തിയ മധ്യസ്ഥചര്‍ച്ചകളില്‍ ഭൂമി വില്‍പ്പന വിവാദത്തില്‍ സമവായ സാധ്യതകള്‍ തെളിഞ്ഞിരുന്നു.

കേരളത്തിലെ കത്തോലിക്കാ സഭാ ആസ്ഥാന മന്ദിരമായ എറണാകുളം പിഒസിയില്‍ നടന്ന ചര്‍ച്ചകളിലാണ് പ്രശ്‌നപരിഹാര വഴികള്‍ തെളിഞ്ഞത്. ഭൂമിയിടപാടില്‍ എറണാകുളം അതിരൂപതയ്ക്ക് ധനനഷ്ടം വന്നതായും ഇത് പരിഹരിക്കാമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി, ഇന്നലെ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ അറിയിച്ചിരുന്നു. ഇക്കാര്യം വൈദികസമിതി യോഗത്തിലും മാര്‍ ആലഞ്ചേരി അറിയിക്കണമെന്ന നിര്‍ദേശമുയര്‍ന്നതിനെ തുര്‍ന്നാണ് ഇന്ന് അടിയന്തര വൈദിക സമിതി യോഗം ചേര്‍ന്നത്. ഈ യോഗത്തിലാണ് പ്രശ്‌നപരിഹാരത്തിനുള്ള ധാരണയുണ്ടായത്.

ഭൂമി ഇടപാടില്‍ തെറ്റുപറ്റിയകാര്യം മാര്‍ ആലഞ്ചേരി തുറന്നുസമ്മതിക്കണമെന്നായിരുന്നു വൈദികസമിതിയുടെ നിലപാട്. എന്നാല്‍ ഇതിന് മാര്‍ ആലഞ്ചേരി വിസമ്മതിച്ചതോടെയാണ് വിഷയം സങ്കീര്‍ണമായതും മാര്‍ ആലഞ്ചേരി രൂപതാധ്യക്ഷസ്ഥാനമൊഴിയണമെന്ന ആവശ്യമുയര്‍ന്നതും.

എന്നാല്‍ തനിക്ക് തെറ്റ് പറ്റിയകാര്യം മാര്‍ ആലഞ്ചേരി ഇന്നത്തെ വൈദിക സമിതി യോഗത്തില്‍ സമ്മതിച്ചു. ഇതിന് പരിഹാരം കാണാനും തയാറാണന്ന് അദ്ദേഹം അറിയിച്ചു. ഇതോടെയാണ് പ്രശ്‌നപരിഹാരം തെളിഞ്ഞത്. കര്‍ദിനാള്‍ മാപ്പ് പറയണമെന്ന മുന്‍ ആവശ്യത്തില്‍ നിന്ന് വൈദികര്‍ ഇന്നത്തെയോഗത്തില്‍ വൈദികര്‍ പിന്മാറി. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ് കേന്ദ്രീകരിച്ചാവും തന്റെ ഇനിയുള്ള പ്രവര്‍ത്തനമെന്നും എറണാകുളം രൂപതയുടെ ഭരണപരമായ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് രൂപതയുടെ സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും മാര്‍ ജോസ് പുത്തന്‍വീട്ടിലും ആയിരിക്കുമെന്നും മാര്‍ ആലഞ്ചേരി യോഗത്തില്‍ വ്യക്തമാക്കി.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാമ്പത്തിക ബാധ്യത, കോടികളുടെ സാമ്പത്തിക ബാധ്യതയ്ക്ക് ഉത്തരവാദിയായ മാര്‍ ആലഞ്ചേരി എറണാകുളം അതിരൂപതയുടെ അധ്യക്ഷസ്ഥാനം ഒഴിയണം തുടങ്ങിയ ആവശ്യങ്ങളില്‍ അന്തിമതീരുമാനം ആഗോള കത്തോലിക്ക സഭയുടെ അധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിക്കട്ടെയെന്നുമാണ് ഇന്നത്തെ യോഗത്തിലുണ്ടായ ധാരണ. മാര്‍പാപ്പയുടെ തീരുമാനം ഉണ്ടാകുംവരെ പരസ്യപ്രതികരണത്തില്‍ നിന്നും പ്രതിഷേധത്തില്‍ നിന്നും എല്ലാവരും ഒഴിഞ്ഞുനല്‍ക്കണമെന്നുമാണ് യോഗത്തിലെ ധാരണ.

സഭയിലെ എല്ലാതലത്തിലും ശുദ്ധീകരണം ആരംഭിക്കണമെന്നും ചര്‍ച്ചയില്‍ തീരുമാനമായി. സഭയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളില്‍ വിശ്വാസികള്‍ വിശ്വസിക്കരുതെന്നും അത്തരം വാര്‍ത്തകളുടെ പ്രചാരത്തില്‍ നിന്നും എല്ലാവരും മാറി നില്‍ക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.

യോഗശേഷം മാര്‍ ആലഞ്ചേരി പത്രക്കുറിപ്പും ഇറക്കി. തന്റെ ഭാഗം വിശദീകരിക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ചാനല്‍ ചര്‍ച്ചകളില്‍ ആരും തന്റെ പേരില്‍ പങ്കെടുക്കേണ്ടതില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു. പറയാനുള്ള കാര്യം സഭയുടെ ഔദ്യോഗികവക്താക്കള്‍ അറിയിക്കുമെന്നും പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നു.

അതേസമയം, ഇന്നത്തെ യോഗത്തില്‍ പ്രശ്‌നപരിഹാരമല്ല ഉണ്ടായത് പ്രശ്‌നപരിഹാരത്തിനുള്ള തുടക്കമാണ് ഉണ്ടായത് എന്നാണ് വൈദികസഭാ സെക്രട്ടറി ഫാദര്‍ കുര്യാക്കാസ് മുണ്ടാടന്‍ പ്രതികരിച്ചത്.

എറണാകുളം അതിരൂപതയിലെ സാമ്പത്തിക ബാധ്യത അവസാനിപ്പിക്കാനായി രൂപതയുടെ കീഴില്‍, എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തുണ്ടായിരുന്ന മൂന്നേക്കറിലധികം ഭൂമി കച്ചവടം ചെയ്തതും എന്നാല്‍ ഉദ്ദേശിച്ച വില ലഭിക്കാതിരിക്കുകയും രൂപതയുടെ സാമ്പത്തിക ബാധ്യത 70 കോടിയോളമായി ഉയരുകയും ചെയ്തതാണ് വന്‍ വിവാദമായത്. ഇടനിലക്കാരന്റെ തട്ടിപ്പിന് രൂപതാധ്യക്ഷന്‍ മാര്‍ ആലഞ്ചേരിയും ഫിനാന്‍സ് ഓഫീസര്‍, വികാരി ജനറല്‍ എന്നീ സ്ഥാനങ്ങളിലുള്ള വൈദികരും അനുവാദം കൊടുത്തുവെന്നായിരുന്നു ആരോപണം. രൂപതയിലെ വൈദികരില്‍ ഭൂരിഭാഗവും സഹായമെത്രാന്മാരായ രണ്ടുപേരും കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരേ നിലപാട് സ്വീകരിക്കുകയും വിശ്വാസികളില്‍ ഒരു വിഭാഗം ഇവര്‍ക്കൊപ്പം ചേരുകയും ചെയ്തതോടെയാണ് വിവാദം ശക്തമായത്.

ഇതിനിടെ, വൈദികസമിതി യോഗം ഇന്ന് രൂപതാസ്ഥാനത്ത് ചേരുന്നതിനിടെ വിശ്വാസികള്‍ രണ്ട് ചേരികളിലാണ് പുറത്ത് ഏറ്റുമുട്ടി. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഏറ്റുമുട്ടിയ ഇരുവിഭാഗത്തെയും പൊലീസ് എത്തി ബലംപ്രയോഗിച്ച് മാറ്റുകയായിരുന്നു. സംഘര്‍ഷത്തില്‍ പലരുടെയും വസ്ത്രങ്ങള്‍ കീറുകയും പലര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more