1 GBP = 103.69

യുക്മ സൗത്ത് വെസ്റ്റ് കലാമേളയ്ക്ക് ആവേശോജ്വല സമാപനം; പൊന്നിൻ ശോഭയിൽ നാലാം തവണയും ജി എം എ ചാമ്പ്യന്മാർ; എസ് എം എ രണ്ടാം സ്ഥാനത്ത്. ജി എം എ യുടെ ഷാരോൺ ഷാജി കലാതിലകം

യുക്മ സൗത്ത് വെസ്റ്റ് കലാമേളയ്ക്ക് ആവേശോജ്വല സമാപനം; പൊന്നിൻ ശോഭയിൽ നാലാം തവണയും ജി എം എ ചാമ്പ്യന്മാർ; എസ് എം എ രണ്ടാം സ്ഥാനത്ത്. ജി എം എ യുടെ ഷാരോൺ ഷാജി കലാതിലകം

എം പി പദ്മരാജ്

ഓക്സ്ഫോർഡ്: കഴിഞ്ഞ ശനിയാഴ്ച ഓക്സ്ഫോർഡിൽ നടന്ന യുക്മ സൗത്ത് വെസ്റ്റ് കലാമേളയ്ക്ക് ആവേശോജ്വലമായ സമാപനം. ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ തുടർച്ചയായി നാലാം തവണയും കിരീടം സ്വന്തമാക്കി. സാലിസ്ബറി മലയാളി അസോസിയേഷൻ രണ്ടാം സ്ഥാനം നിലനിറുത്തിയപ്പോൾ എയ്ൽസ്ബറി മലയാളി അസ്സോസിയേഷൻ മൂന്നാം സ്ഥാനത്തെത്തി. ഗ്ലോസ്റ്റെർഷെയർ മലയാളി അസ്സോസിയേഷന്റെ ഷാരോൺ ഷാജിയെന്ന കൊച്ചു മിടുക്കി കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു.


ഒക്ടോബർ ഏഴ് ശനിയാഴ്ച ഓക്സ്ഫോർഡ്ഷെയറിലെ വാലിങ്‌ഫോർഡ് സ്‌കൂളിൽ രാവിലെ ഒമ്പത് മണിക്ക് രജിസ്ട്രേഷനോടെ ആരംഭിച്ച കലാമേളയ്ക്ക് യുക്മ നാഷണൽ വൈസ് പ്രസിഡന്റ് സുജു ജോസഫ് തിരി തെളിച്ച് ഉത്‌ഘാടനം ചെയ്തു. സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് വർഗീസ് ചെറിയാൻ അധ്യക്ഷനായ ചടങ്ങിൽ മുൻ യുക്മ നാഷണൽ ജനറൽ സെക്രട്ടറി സജീഷ് ടോം യുക്മ ടൂറിസം ക്ലബ്ബ് വൈസ് ചെയർമാൻ ടിറ്റോ തോമസ്, നാഷണൽ എക്സിക്യു്ട്ടീവ് അംഗം ഡോ ബിജു പെരിങ്ങത്തറ തുടങ്ങിയവർ മുഖ്യാതിഥികളായി. സൗത്ത് വെസ്റ്റ് റീജിയണിലെ ശക്തരായ ഓക്സ്ഫോർഡ് മലയാളി സമാജവും നവാഗതരായ ഒരുമയും ആതിഥേയരായ കലാമേളയ്ക്ക് റീജിയണിലെ മുഴുവൻ അസ്സോസിയേഷനുകളുടെയും പ്രാതിനിധ്യമുണ്ടായിരുന്നു. യുക്മ നാഷണൽ പ്രസിഡന്റ് ശ്രീ മാമ്മൻ ഫിലിപ്പ്, സെക്രട്ടറി ശ്രീ റോജിമോൻ വർഗീസ്, മുൻ യുക്മ പ്രസിഡന്റ് ശ്രീ ഫ്രാൻസിസ് മാത്യു തുടങ്ങിയവർ ആശംസകളുമായി കലാമേള വേദിയിലെത്തിയിരുന്നു.


മൂന്ന് വേദികളിലായി ചിട്ടയോടെ നടന്ന കലാമേളയിൽ വീറും വാശിയുമേറിയ പ്രകടനങ്ങളാണ് നടന്നത്. ഇക്കുറി പുതുതായി ഏർപ്പെടുത്തിയ ജൂനിയർ സബ് ജൂനിയർ വിഭാഗങ്ങളിൽ നടന്ന ഇംഗ്ളീഷ് പ്രസംഗ മത്സരങ്ങൾക്ക് ആവേശകരമായ സ്വീകരണമാണ് മത്സരാർതഥികളിൽ നിന്ന് ലഭിച്ചത്. കഴിഞ്ഞ മൂന്ന് തവണയും ചാമ്പ്യന്മാരായ ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷൻ 181 പോയിന്റ് കരസ്ഥമാക്കിയാണ് ഇക്കുറിയും കിരീടം നേടിയത്. സാലിസ്ബറി മലയാളി അസ്സോസിയേഷൻ 83 പോയിന്റ് നേടി ഇക്കുറിയും രണ്ടാം സ്ഥാനം നിലനിറുത്തുകയായിരുന്നു. 59 പോയിന്റ് നേടി എയ്ൽസ്ബറി മലയാളി അസ്സോസിയേഷൻ മൂന്നാം സ്ഥാനത്തെത്തി.

കിഡ്സ് വിഭാഗത്തിൽ ഗ്ലോസ്റ്റെർഷെയർ മലയാളി അസ്സോസിയേഷന്റെ ദിയ ബൈജു വ്യക്തിഗത ചാമ്പ്യനായപ്പോൾ സബ് ജൂനിയർ വിഭാഗത്തിൽ ഗ്ലോസ്റ്റെർഷെയറിന്റെ തന്നെ ഷാരോൺ ഷാജിയും ജൂനിയർ വിഭാഗത്തിൽ സാലിസ്ബറി മലയാളി അസ്സോസിയേഷന്റെ സോനാ ജോസും സീനിയർ വിഭാഗത്തിൽ ഗ്ലോസ്റ്റെർഷെയർ മലയാളി അസ്സോസിയേഷന്റെ ബിന്ദു സോമനും വ്യക്തിഗത ചാമ്പ്യന്മാരായി. പതിനാറര പോയിന്റ് നേടിയ ഗ്ലോസ്റ്റെർഷെയർ മലയാളി അസ്സോസിയേഷന്റെ ഷാരോൺ ഷാജി കലാതിലകപ്പട്ടമണിഞ്ഞു.

കലാമേളയിൽ ആതിഥേയ മര്യാദയുടെ അവസാന വാക്കായി ഒരുമയും ഓക്സ്മാസും മാറിയപ്പോൾ അതിന് പിന്നിൽ പ്രവർത്തിച്ചവരെ പ്രസിഡന്റ് വർഗീസ് ചെറിയാൻ പ്രത്യേകം അഭിനന്ദിച്ചു. വിശാലമായ വാലിങ്ഫോർഡ് സ്‌കൂളിൽ മത്സരാർതഥികൾക്കും ആതിഥേയർക്കുമായി പ്രത്യേക സൗകര്യങ്ങളൊരുക്കിയാണ് ആതിഥേയർ സ്വീകരണമൊരുക്കിയത്. ഓക്‌സ്മാസ് രക്ഷാധികാരി മൈക്കിൾ കുര്യൻ, സെക്രട്ടറി ജയചന്ദ്രൻ നായർ, ബിബി തോമസ്, വർഗീസ് ഫിലിപ്പ്, രേഖ കുര്യൻ, ഒരുമ രക്ഷാധികാരി തോമസ് ജോൺ, പ്രസിഡന്റ് തോമസ് പാലാട്ടി, സെക്രട്ടറി ജോജി സെബാസ്റ്റിയൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രാദേശിക തലത്തിൽ വിപുലമായ കമ്മിറ്റി രൂപീകരിച്ചാണ് കലാമേള ഒരുക്കങ്ങൾ നടത്തിയത്. ശ്രീ മനോജ് വേണുഗോപാൽ, ശ്രീ മനോജ് രാമചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കൃത്യതയോടെ ബാക്ക് ഓഫീസ് പ്രവർത്തിച്ചിരുന്നു. മൈക്കിൾ കുര്യൻ, ബെറ്റി തോമസ്, സിൽവി ജോസ്, ജോയിന്റ് സെക്രട്ടറി കോശിയാ ജോസ്, ആർട്സ് കോർഡിനേറ്റർ ജോ സേവ്യർ, ജെയ്‌സൺ കുര്യൻ ജൂണിയ റെജി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വിവിധ വേദികളിൽ കൃത്യതയോടെ മത്സരങ്ങൾ സംഘടിപ്പിച്ചത്.

നാഷണൽ എക്സിക്യു്ട്ടീവ് അംഗം ഡോ ബിജു പെരിങ്ങത്തറ, ട്രഷറർ ജിജി വിക്ടർ, വൈസ് പ്രസിഡന്റ് സജിമോൻ സേതു, കലാമേള കോർഡിനേറ്റർ ജിജു യോവൽ തുടങ്ങിയവർ വിവിധ മേഖലകളിൽ നേതൃത്വം കൊടുത്ത് കൊണ്ട് കലാമേളയുടെ വിജയത്തിനായി പ്രവർത്തിച്ചു. കലാമേളയുടെ സ്പോൺസർമാരായി അലൈഡ് ഫിനാൻഷ്യൽ സർവീസസ്, ലോ ആൻഡ് ലോയേഴ്സ്, ബെറ്റർ ഫ്രെയിംസ് ഫോട്ടോഗ്രാഫി, യുഗ്രാന്റ് തുടങ്ങിയവരായിരുന്നു.

യുകെയിലെ മികച്ച ഫോട്ടോഗ്രാഫേഴ്‌സായ ബെറ്റർ ഫ്രെയിംസ് ഫോട്ടോഗ്രാഫി ഒരുക്കിയ ചിത്രങ്ങൾ കാണാൻ ഇ ലിങ്കിൽ ക്ലിക്ക് ചെയ്യുക

കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more