1 GBP = 103.62
breaking news

അടിക്ക് തിരിച്ചടി: സുഞ്ജുവാൻ ആക്രമണത്തിന്റെ സൂത്രധാരനെ സൈന്യം വധിച്ചു

അടിക്ക് തിരിച്ചടി: സുഞ്ജുവാൻ ആക്രമണത്തിന്റെ സൂത്രധാരനെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മുകാശ്മീരിലെ സുഞ്ജ്‌വാൻ സൈനിക ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തിന്റെ സൂത്രധാരനെ തെക്കൻ കാശ്‌മീരിൽ വച്ചുണ്ടായ ഏറ്റുമുട്ടലിനിടെ സൈന്യം വധിച്ചു. സൈന്യം, സി.ആർ.പി.എഫ്, കാശ്‌മീർ പൊലീസിന്റെ പ്രത്യേക സംഘം തുടങ്ങിയവർ ചേർന്ന് നടത്തിയ സംയുക്ത ആക്രമണത്തിലാണ് ജെയ്‌ഷെ മുഹമ്മദ് ഭീകരൻ മുഫ്‌തി വഖാസ് കൊല്ലപ്പെട്ടത്. ഇയാൾ ലെത്താപ്പോറയിൽ നടന്ന ഭീകരാക്രമണത്തിലും മുഖ്യപ്രതിയായിരുന്നുവെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.
ഇയാളിൽ നിന്ന് ആയുധങ്ങളും ബോംബ് നിർമിക്കാൻ ഉപയോഗിക്കുന്ന ഐ.ഇ.ഡി പോലുള്ള സ്‌ഫോടക വസ്‌തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. മുഫ്‌തി വഖാസ് വിദേശ പൗരനാണെന്നും പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി. ആക്രമണത്തിനിടെ പരിക്കേറ്റ ഒരു പൊലീസുകാരനെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സുഞ്ജ്‌വാൻ 36 ബ്രിഗേഡ് ക്യാമ്പിലെ ക്വാർട്ടേഴ്‌സിൽ കഴിഞ്ഞ ഫെബ്രുവരി 10ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. സൈനിക ക്യാമ്പിലെ കുടുംബങ്ങൾ താമസിക്കുന്ന ക്വാർട്ടേഴ്സിനു നേരെ തുടർച്ചയായി വെടിയുതിർത്ത് കൊണ്ടാണ് ഭീകരർ പ്രവേശിച്ചത്. ആക്രമണത്തിൽ ആറ് സൈനികർ അടക്കം ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിനെത്തിയ മൂന്ന് ഭീകരരെയും സൈന്യം വധിച്ചിരുന്നു.

ഇതിന് പിന്നാലെ സൈനിക ക്യാംപ് ആക്രമിച്ചതിന് പാകിസ്ഥാൻ കനത്ത വില നൽകേണ്ടി വരുമെന്ന് പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ മുന്നറിയിപ്പ് നൽകിയിരുന്നു. പാക് പങ്ക് വ്യക്തമാക്കുന്ന നിരവധി തെളിവുകൾ പ്രതിരോധമന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. ഇത് പാകിസ്ഥാന് കൈമാറും. പാക് ഭീകരനായ അസർ മസൂദിന്റെ ജെയ്ഷെ മുഹമ്മദാണ് ആക്രമണത്തിന് പിന്നിൽ. തീവ്രവാദികൾക്ക് കാശ്‌മീരിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more