1 GBP = 104.00

ശുഹൈബ് വധക്കേസിലെ പ്രതികള്‍ സിപിഐഎമ്മുകാരെന്ന് പൊലീസ്; പിടിയിലായവര്‍ ഡമ്മി പ്രതികളല്ലെന്നും ഡിജിപി

ശുഹൈബ് വധക്കേസിലെ പ്രതികള്‍ സിപിഐഎമ്മുകാരെന്ന് പൊലീസ്; പിടിയിലായവര്‍ ഡമ്മി പ്രതികളല്ലെന്നും ഡിജിപി

കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായവര്‍ സിപിഐഎമ്മുകാരെന്ന് ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്‍. പിടിയിലായവര്‍ യഥാര്‍ത്ഥപ്രതികളാണെന്ന് വ്യക്തമാക്കിയ ഡിജിപി, ഡമ്മി പ്രതികളാണെന്ന ആരോപണം നിക്ഷേധിച്ചു.

പിടിയിലായവര്‍ കീഴടങ്ങുകയായിരുന്നുവെന്ന വാര്‍ത്തകളെയും ഡിജിപി തള്ളിക്കളഞ്ഞു. പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതികള്‍ സിപിഐഎം പ്രവര്‍ത്തരാണ്. ഇപ്പോള്‍ പിടിയിലായ രണ്ടുപേരും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. ശുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയവരെ പിടികൂടാനുണ്ടെന്നും ഡിജിപി വ്യക്തമാക്കി. ഗൂഢാലോചന പൊലീസ് തെളിയിക്കും. പൊലിസിന് കേസില്‍ ഒന്നും ഒളിച്ചുവയ്ക്കാനില്ല. വധക്കേസുമായി ബന്ധപ്പെട്ട് ഇതുവരെ 15 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവെന്നും ഡിജിപി അറിയിച്ചു. പ്രതികളെ പിടികൂടാനായി 55 ഇടങ്ങളില്‍ പൊലീസ് പരിശോധന നടത്തിയെന്നും രാജേഷ് ദിവാന്‍ വ്യക്തമാക്കി.

റിജിന്‍ രാജ്, ആകാശ് തില്ലങ്കേരി എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. കൊല നടത്തിയ സംഘത്തില്‍ അഞ്ച് പേരുണ്ടെന്നും മറ്റുള്ള പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിമാക്കിയിരിക്കുകയാണെന്നും പൊലീസ് നേരത്തെ അറിയിച്ചിരുന്നു.

ശുഹൈബ് വധക്കേസില്‍ പിടി യിലായവര്‍ സിപിഐഎം നിശ്ചയിച്ച ഡമ്മി പ്രതികളാണെന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണമുന്നയിച്ചിരുന്നു. സിപിഐഎം ഡമ്മി പ്രതികളെ തീരുമാനിക്കുന്നതിനായി പൊലീസ് പ്രതികളെ പിടികൂടുന്നത് വൈകിപ്പിക്കുകയായിരുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ വാദം.

ശുഹൈബിനെ ബോംബ് എറിഞ്ഞ് വെട്ടികൊലപ്പെടുത്തിയ കേസില്‍ സിപിഐഎം നേതൃത്വത്തില്‍ ഡമ്മി പ്രതികളെയാണ് ഹാജരാക്കിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസും വൈസ് പ്രെസിഡന്റ് സിആര്‍ മഹേഷും സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരസമരം ആരംഭിച്ചിരുന്നു.

അതേസമയം, ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ രാവിലെ നിരാഹാര സമരം ആരംഭിച്ചിരുന്നു. ശുഹൈബ് വധം അട്ടിമറിയ്ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

വധവുമായി ബന്ധപ്പെട്ട പ്രതികളുടെ അറസ്റ്റ് എസ്പിയെ മറികടന്നായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. ഡമ്മി പ്രതികളെ അറസ്റ്റ് ചെയ്യാന്‍ എസ്പിക്ക് മേല്‍ സമ്മര്‍ദമുണ്ട്. ഇത് യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനാണ്. ഇരിട്ടി ഡിവൈഎസ്പി കേസ് എങ്ങനെയെങ്കിലും ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും സുധാകരന്‍ ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഐഎം സംസ്ഥാന സെക്രട്ടറി പി ജയരാജന്റെയും സന്തത സഹചാരിയാണ് ഇപ്പോള്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍. ഈ കൊലപാതത്തെ കുറിച്ച് ഇരുവര്‍ക്കും അറിവില്ലെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോയെന്നും സുധാകരന്‍ ചോദിച്ചു. ശുഹൈബ് വധത്തെ സംബന്ധിച്ച നീതിയുക്തമായ അന്വേഷണത്തിന് സ്വതന്ത്ര ഏജന്‍സി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more