1 GBP = 104.06

യുക്മ സ്റ്റാര്‍ സിംഗര്‍ 3 ഒഡീഷന് അപേക്ഷ സമര്‍പ്പിക്കാന്‍ ഇനി മൂന്ന് നാള്‍ മാത്രം

യുക്മ സ്റ്റാര്‍ സിംഗര്‍ 3  ഒഡീഷന് അപേക്ഷ സമര്‍പ്പിക്കാന്‍ ഇനി മൂന്ന് നാള്‍ മാത്രം

സജീഷ് ടോം, യുക്മ പി ആര്‍ ഓ

പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ മ്യൂസിക്കല്‍ റിയാലിറ്റി ഷോ ആയ യുക്മ സ്റ്റാര്‍ സിംഗറിന്റെ മൂന്നാം പരമ്പരയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 15 ആണ്. കഴിഞ്ഞ രണ്ട് പരമ്പരകള്‍ ചെലുത്തിയ സ്വാധീനവും ഇത്തവണത്തെ പ്രചാരണ പരിപാടികളുടെ പ്രത്യേകതകളും കൊണ്ട് നിരവധി ഗായകര്‍ ഇതിനകം അപേക്ഷിച്ചു കഴിഞ്ഞു.

കഴിഞ്ഞ തവണത്തേതിന് സമാനമായി ഗര്‍ഷോം ടി വി തന്നെയാണ് ഇത്തവണയും സ്റ്റാര്‍ സിംഗര്‍ പ്രോഗ്രാം അണിയിച്ചൊരുക്കുന്നത്. യുക്മ ദേശീയ സമിതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും ഇത്തവണത്തെ പരിപാടി സംഘടിപ്പിക്കപ്പെടുക. ‘ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍ സിംഗര്‍ : 3’ എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയുടെ ഒഡിഷനിലേക്ക് പതിനാറ് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കുവാന്‍ അവസരമുള്ളത് . പ്രധാനമായും യുകെ മലയാളി ഗായകര്‍ക്ക് വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കപ്പെടുന്നതെങ്കിലും, ഇത്തവണ ഇതര യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുവരെ മത്സരാര്‍ത്ഥികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് യുക്മ സ്റ്റാര്‍ സിംഗര്‍ 3 ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. അവസാന തീയതിയിലേക്ക് കാത്തുനില്‍ക്കാതെ, പങ്കെടുക്കുവാന്‍ താല്പര്യമുള്ള ഗായകര്‍ എത്രയുംവേഗം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷിക്കുന്നവര്‍ തങ്ങളുടെ പൂര്‍ണ്ണമായ പേരും മേല്‍വിലാസവും ഫോണ്‍ നമ്പര്‍, വയസ്സ്, ജനനതീയതി എന്നീ വിവരങ്ങള്‍ സഹിതം [email protected] എന്ന ഇ മെയില്‍ വിലാസത്തിലേക്ക് അപേക്ഷിക്കേണ്ടതാണ്.

കൂടുതല്‍ പുതിയ പ്രതിഭകള്‍ക്ക് അവസരം ലഭിക്കുന്നതിന് വേണ്ടി ആദ്യ രണ്ട് പരമ്പരകളിലും ഗ്രാന്‍ഡ് ഫിനാലെയില്‍ എത്തിയവര്‍ ഒഡിഷന് അപേക്ഷിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഒഡിഷനില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍, യുകെയുടെ മൂന്ന് വ്യത്യസ്തമായ സ്ഥലങ്ങളില്‍ ഒരുക്കുന്ന വേദികളില്‍, ക്ഷണിക്കപ്പെട്ട പ്രേക്ഷകരുടെയും വിധികര്‍ത്താക്കളുടെയും സാന്നിദ്ധ്യത്തില്‍, പുതുമയാര്‍ന്ന വിവിധ റൗണ്ടുകളിലൂടെ മത്സരിച്ചു വിജയിച്ചാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ എത്തേണ്ടത്. സെപ്റ്റംബര്‍ രണ്ട് ശനിയാഴ്ചയാണ് ഒഡിഷന്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്നത്.

യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് ചെയര്‍മാനും ദേശീയ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് വൈസ് ചെയര്‍മാനും സജീഷ് ടോം ചീഫ് പ്രോഗ്രാം കോഓര്‍ഡിനേറ്ററും ജോമോന്‍ കുന്നേല്‍ മീഡിയ കോഓര്‍ഡിനേറ്ററും ഗര്‍ഷോം ടി വി മാനേജിങ് ഡയറക്ടര്‍ ബിനു ജോര്‍ജ് പ്രോഗ്രാം പ്രൊഡ്യൂസറുമായുള്ള സമിതി ആയിരിക്കും ‘ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍ സിംഗര്‍ : 3’ നിയന്ത്രിക്കുക. പ്രവാസി മലയാളി സമൂഹത്തിലെ ഗായകര്‍ക്ക് കേരളത്തില്‍ ആയിരിക്കുമ്പോള്‍ ലഭിക്കുന്നതിന് തുല്യമായ അവതരണത്തിനും പ്രകടനത്തിനും അവസരമൊരുക്കുന്നു എന്നത് തന്നെയാണ് സ്റ്റാര്‍ സിംഗര്‍ പരിപാടിയുടെ ഏറ്റവും വലിയ സവിശേഷത. ഉദ്ഘാടനം മുതല്‍ ഗ്രാന്‍ഡ് ഫിനാലെ വരെ എട്ട് മാസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കുന്ന രീതിയിലാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. ഒഡിഷന്‍ മുതല്‍ എല്ലാ ഗാനങ്ങളും ഗര്‍ഷോം ടി വി സംപ്രക്ഷേപണം ചെയ്യുന്നതായിരിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more