1 GBP = 103.95

വയലുങ്കൽ പിതാവിന് ഊഷ്‌മള സ്വീകരണം; പ്രധാന തിരുന്നാൾ നാളെ…ക്നാനായക്കാർ ആവേശത്തിൽ…

വയലുങ്കൽ പിതാവിന് ഊഷ്‌മള സ്വീകരണം; പ്രധാന  തിരുന്നാൾ നാളെ…ക്നാനായക്കാർ ആവേശത്തിൽ…

അലക്സ് വർഗീസ്

മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ സെന്റ് മേരീസ് ക്നാനായ ഇടവകയുടെ പ്രധാന തിരുനാൾ നാളെ ശനിയാഴ്ച 10.30 വിഥിൻഷോ സെന്റ് ആന്റൻസ് ദേവാലയത്തിൽ ഭക്തിപൂർവ്വമായ പൊന്തിഫിക്കൽ കുർബാനയോടെ ആരംഭിക്കും.

പെരുന്നാളിന്റെ മുഖ്യാതിഥിയായ മാർ കുര്യൻ വയലുങ്കൽ ഇന്നലെ എത്തിച്ചേർന്നു. പിതാവിന് ഊഷ്മള സ്വീകരണമാണ് ക്നാനായക്കാർ നൽകിയത്. 1991 ൽ കോട്ടയം അതിരൂപതാ മെത്രാൻ മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ച വയലുങ്കൽ പിതാവ് കോട്ടയം അതിരൂപതയിലെ വിവിധ ദേവാലയങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അതിനു ശേഷം തന്റെ അജപാലന ധക്ത്യം വത്തിക്കാനിലേക്ക് മാറ്റുകയും റോമിന്റെ ഡെലിഗേറ്റായി വിവിധ രാജ്യങ്ങളിൽ സേവനം അനുഷ്ഠിക്കുകയും ചെയ്തു. തന്നെ ഏൽപ്പിച്ച ദൗത്യങ്ങൾ എല്ലാം ദൈവത്തിന്റെയും സഭയുടെയും പരിപാലനയിൽ അടിയുറച്ചു നിന്ന് കൊണ്ട് നിർവഹിച്ച പിതാവിനെ 2016 ൽ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ വത്തിക്കാന്റെ പാപ്പുവാ ന്യൂ ഗിനിയയുടെ അപ്പസ്തോലിക് അംബാസിഡറായി ഉയർത്തി.

 

അതേ സമയം മാഞ്ചസ്റ്ററിൽ ക്നാനായക്കാർ ആവേശത്തിലാണ്. ഇടവക മധ്യസ്ഥതയുടെ തിരുന്നാളിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരുന്നാൾ കമ്മിറ്റി അറിയിച്ചു.

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മാഞ്ചസ്റ്ററിൽ നിന്നുമുള്ള ദൈവവിശ്വാസികളെ സ്വീകരിക്കാൻ മാഞ്ചസ്റ്ററിലുള്ള ക്നാനായക്കാർ ഒരുങ്ങിക്കഴിഞ്ഞു. ശനിയാഴ്ച രാവിലെ 10 മണിക്ക് കൊടി ഉയർത്തിയതിന് ശേഷം പത്തരയ്ക്ക് പിതാക്കന്മാരെയും വൈദികരെയും സ്വീകരിച്ചു ദേവാലയത്തിലേക്ക് ആനയിക്കുന്നതോട് കൂടി ദിവ്യബലി ആരംഭിക്കും. അതിന് ശേഷം ഭക്തിപൂർവ്വമായ പ്രദക്ഷിണം വയ്ക്കലും അടിമ വയ്ക്കലും കഴുന്നെടുക്കലും നടക്കും.

തുടർന്ന് സ്നേഹവിരുന്നിനു ശേഷം വിഥിൻഷോ ഫോറം സെന്ററിൽ കലാസന്ധ്യയും റെഡിച്ചിൽ നിന്നുമുള്ള നാടകവും അരങ്ങേറും.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ , ഷ്രൂസ്ബറി രൂപത മെത്രാൻ മാർ മാർക്ക് ഡേവീസും വിവിധ കർമ്മങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാനും മാതാവിന്റെ അനുഗ്രഹം പ്രാപിക്കുവാനും എല്ലാ ദൈവവിശ്വാസികളെയും ഇടവക വികാരിയും ജനറാളുമായ ഫാ. സജി മലയിൽ പുത്തൻപുര സ്വാഗതം ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more