1 GBP = 103.81
breaking news

ദിലീപിനെ അറസ്റ്റ് ചെയ്ത എസ്.പി ജോര്‍ജ് അറസ്റ്റ് ഭീഷണിയിൽ; ശ്രീജിത്തിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത് എസ് പി ജോർജ്ജിന്റെ സ്‌ക്വാഡിലുള്ള സംഘമെന്ന് റിപ്പോർട്ട്

ദിലീപിനെ അറസ്റ്റ് ചെയ്ത എസ്.പി ജോര്‍ജ് അറസ്റ്റ് ഭീഷണിയിൽ; ശ്രീജിത്തിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത് എസ് പി ജോർജ്ജിന്റെ സ്‌ക്വാഡിലുള്ള സംഘമെന്ന് റിപ്പോർട്ട്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിന് നേതൃത്വം നല്‍കിയ ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജും അറസ്റ്റ് ഭീഷണിയില്‍ ! വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ പ്രത്യേക അന്വേഷണ സംഘം സഹായിച്ചാലും റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജ് ഒടുവില്‍ നിയമ നടപടി നേരിടേണ്ടി വരും.

എസ്.പിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ടൈഗര്‍ ഫോഴ്‌സാണ് ശ്രീജിത്തിനെ രാത്രി പത്തുമണിയോടെ കസ്റ്റഡിയിലെടുത്ത്. ഈ സംഘമാണ് യുവാവിനെ മര്‍ദ്ദിച്ചതെന്ന കാര്യവും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.ലോക്കല്‍ പൊലീസ് നിയമപരമായി ചെയ്യേണ്ട കാര്യം എങ്ങനെ എസ്.പിയുടെ സ്‌ക്വാഡു ചെയ്തു എന്നതിന് കൃത്യമായ  വിശദീകരണം നല്‍കാന്‍ ഇതുവരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും കഴിഞ്ഞിട്ടില്ല.

ആള് മാറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് മനസ്സിലായതോടെ സംഭവസ്ഥലത്തില്ലാത്ത സി.ഐ ഉള്‍പ്പെടെയുള്ളവരെ ബലിയാടാക്കാനാണ് നീക്കം നടക്കുന്നതെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. ഇവരെല്ലാം ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. ഏത് നിമിഷവും പ്രതിയാക്കപ്പെട്ട് ജയിലിലാവാനും സാധ്യതയുണ്ട്. ജോര്‍ജ്ജ് പ്രതിയായാലും സമാന സാഹചര്യം നേരിടേണ്ടിവരും. ഇക്കാര്യത്തില്‍ എസ്.പിയുടെ സ്‌ക്വാഡിലുളള പൊലീസുകാരുടെ അറസ്റ്റും അവരുടെ മൊഴിയും ഫോണ്‍ രേഖ ഉള്‍പ്പെടെയുള്ളവയും നിര്‍ണ്ണായകമാകും. അടുത്ത ജനുവരിയില്‍ ഡി.ഐ.ജിയാവേണ്ട എ.വി.ജോര്‍ജിനെ സംരക്ഷിക്കാന്‍ മറ്റ് ഉദ്യോഗസ്ഥരെ മാത്രം കുരുക്കിയാല്‍ ശക്തമായി രംഗത്തിറങ്ങാനാണ് ബന്ധുക്കളുടെ തീരുമാനം.

ഇതിനിടെ എസ്.പിയുടെ സ്‌ക്വാഡിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വരാപ്പുഴയില്‍ തന്നെ കഴിഞ്ഞ വര്‍ഷം ജൂണില്‍ ചീട്ടുകളി പിടിക്കാന്‍ പോയ ഈ സംഘത്തെ പേടിച്ച് വെള്ളത്തില്‍ ചാടിയ യുവാവ് മരണപ്പെട്ടിരുന്നു. തുടര്‍ന്ന് സ്‌ക്വാഡിന്റെ പ്രവര്‍ത്തനത്തിനെതിരെ സംസ്ഥാന ഇന്റലിജന്‍സ് തന്നെ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കാതിരുന്നതിനാലാണ് ഇപ്പോള്‍ ശ്രീജിത്തിന് ജീവന്‍ നല്‍കേണ്ടി വന്നതെന്നാണ് സേനയിലെ തന്നെ അഭിപ്രായം.

കുറ്റം ചെയ്തത് എസ്.പിയുടെ സ്വക്വാഡിലുള്ളവരാണ് എന്ന് തെളിയുന്നതോടെ സ്വാഭാവികമായും എസ്.പി എ.വി ജോര്‍ജിനെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യേണ്ടി വരും. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്.പിക്കെതിരെ നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാറാണ്. റിപ്പോര്‍ട്ട് വൈകുംതോറും തെളിവുകള്‍ നശിപ്പിക്കപ്പെടും എന്ന ആശങ്കയുള്ളതിനാല്‍ ജോര്‍ജിനെ ചുമതലയില്‍ നിന്നും മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നു കഴിഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിനും കേസന്വേഷണത്തിനും നേതൃത്വം നല്‍കിയ റൂറല്‍ എസ്.പിക്ക് ഇപ്പോള്‍ ദിലീപിന് സമാനമായ സാഹചര്യമാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. ആ കേസിലെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച എ.ഡി.ജി.പി ബി.സന്ധ്യയെ അപ്രധാന തസ്തികയിലേക്ക് സര്‍ക്കാര്‍ മാറ്റിയപ്പോഴും പിടിച്ചു നിന്ന ജോര്‍ജ് ഇപ്പോള്‍ ശരിക്കും വെട്ടിലായതായാണ് പൊലീസുകാര്‍ പോലും ചൂണ്ടിക്കാണിക്കുന്നത്.

താന്‍ നിരപരാധിയാണ് എന്ന് ജോര്‍ജിന് മുന്നില്‍ അന്ന് തുറന്ന് പറഞ്ഞത് ദിലീപ് ആണെങ്കില്‍ ഇന്ന് ഇക്കാര്യം പറയുന്നത് റൂറല്‍ എസ്.പി തന്നെയാണ്. ദിലീപിനോട് ചെയ്തതിന് ദൈവം നല്‍കിയ ‘അഗ്‌നിപരീക്ഷണം’ ആണ് ഇതെന്നാണ് ദിലീപ് ആരാധകരുടെ പ്രതികരണം.

ദിലീപിന്റെ ‘കമ്മാരസംഭവം’ പുറത്തിറങ്ങുന്നതിനു മുന്‍പ് ഇങ്ങനെ ഒരു ‘സംഭവം’ ഉണ്ടായതിനെ ദൈവ നിശ്ചയമായാണ് അവര്‍ നോക്കിക്കാണുന്നത്.

അതേസമയം സത്യസന്ധമായ അന്വേഷണം നടക്കില്ലന്ന് ഉറപ്പ് ഉള്ളതിനാല്‍ സി.ബി.ഐക്ക് കേസ് വിടണമെന്നതാണ് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന്റെ ആവശ്യം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more