1 GBP = 103.96

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ കിരീടം ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷന് ; രണ്ടാം സ്ഥാനത്ത് സാലിസ്ബറി മലയാളി അസ്സോസിയേഷൻ

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ കിരീടം ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷന്  ; രണ്ടാം സ്ഥാനത്ത് സാലിസ്ബറി മലയാളി അസ്സോസിയേഷൻ

ആൻഡോവർ: ഇക്കഴിഞ്ഞ ശനിയാഴ്ച്ച ആൻഡോവറിൽ നടന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ വീണ്ടും കരുത്ത് തെളിയിച്ച് നിലവിലെ ചാമ്പ്യന്മാരായ ഗ്ലോസ്റ്റർഷെയർ മലയാളി അസ്സോസിയേഷൻ(ജി എം എ) കിരീടം ചൂടി. കായികമേളയിലുടനീളം തങ്ങളുടെ അപ്രമാദിത്യം പ്രകടിപ്പിച്ച ജി എം എ 177 പോയിന്റുമായാണ് ഓവറാൾ ചാമ്പ്യന്മാരായത്. തൊട്ടു പിന്നാലെ കഴിഞ്ഞ വർഷത്തെ റണ്ണർ അപ്പായ സാലിസ്ബറി മലയാളി അസോസിയേഷൻ(എസ് എം എ) 77 പോയിന്റുമായി വീണ്ടും രണ്ടാം സ്ഥാനത്തെത്തി. ഡോർസെറ്റ് മലയാളി അസ്സോസിയേഷൻ(ഡി എം എ) 65 പോയിന്റുമായി മൂന്നാം സ്ഥാനത്തും ഓക്സ്ഫോർഡ് മലയാളി സമാജം(ഓക്‌സ്മാസ്) 57 പോയിന്റുമായി നാലാം സ്ഥാനത്തുമെത്തി.

ശനിയാഴ്ച രാവിലെ ആൻഡോവറിലെ ചാൾട്ടൻ ആൻഡ് ലെഷർ സെന്ററിലെ അത്ലറ്റിക് ട്രാക്കുകളിലാണ് പ്രസിഡന്റ് വർഗ്ഗീസ് ചെറിയാന്റെ നേതൃത്വത്തിൽ ആദ്യ മത്സരങ്ങൾക്ക് തുടക്കമായത്. റീജിയണിലെ ഒമ്പതോളം അസോസിയേഷനിൽ നിന്നുള്ള കായികതാരങ്ങളുടെ മികച്ച പ്രകടനമാണ് ചാൾട്ടൻ ലെഷർ സെന്ററിൽ അരങ്ങേറിയത്. ആറു വ്യക്തിഗത നേട്ടങ്ങളുമായാണ് ജി എം എ ഇക്കുറി ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയത്. സാലിസ്ബറി മലയാളി അസോസിയേഷൻ മൂന്ന് വ്യക്തിഗത ചാമ്പ്യൻ പട്ടവും ഓക്‌സ്മാസ് രണ്ടെണ്ണവും ഡി എം എ ഒരെണ്ണവും നേടി.

കിഡ്സ് വിഭാഗത്തിൽ ജി എം എയുടെ മീനാക്ഷി നായർ, ഓക്‌സ്മാസിന്റെ ആൽവിൻ തോമസ്, സബ് ജൂനിയർ വിഭാഗത്തിൽ എസ് എം എയുടെ ഫിയോണ ജോബിൻ ഓക്‌സ്മാസിന്റെ ആന്റോസ് തോമസ്, ജൂനിയർ വിഭാഗത്തിൽ എസ് എം എയുടെ അലീന ബിജു, ജി എം എയുടെ ജീവൻ എബ്രഹാം, സീനിയർ വിഭാഗത്തിൽ എസ് എം എ യുടെ എം പി പദ്മരാജ്, ജി എം എയുടെ സന്ധ്യ പ്രെജു, അടൽറ്റിൽ ജി എം എ യുടെ പ്രെജു ഗോപിനാഥ്, ഷീജ ഷാജി തുടങ്ങിയവരും 

സൂപ്പർ സീനിയർ വിഭാഗത്തിൽ ജി എം എയുടെ അശോകൻ ഭായ്, ഡി എം എയുടെ ഫിലോമിന ലാലിച്ചൻ തുടങ്ങിയവരാണ് വിവിധ വിഭാഗങ്ങളിലായി വ്യക്തിഗത ചാമ്പ്യന്മാരായത്.

ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾക്കൊടുവിൽ നടന്ന വാശിയേറിയ വടം വലി മത്സരത്തിൽ വിൽറ്റ്‌ഷെയർ മലയാളി അസ്സോസിയേഷന്റെ സ്വിൻഡൻ സ്റ്റാർഴ്സ് വിജയികളായി. ഗ്ലോസ്റ്റർഷെയർ മലയാളി അസ്സോസിയേഷന്റെയും ഓക്‌സ്മാസിന്റെയും ടീമുകളെ നിലംപരിശാക്കിയാണ് വിൽറ്റ്‌ഷെയർ മലയാളി അസ്സോസിയേഷൻ വടംവലി ജേതാക്കളായത്.

വൈകുന്നേരം അഞ്ചരമണിയോടെ പ്രസിഡന്റ് വർഗ്ഗീസ് ചെറിയാന്റെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ ദേശീയ വൈസ് പ്രസിഡന്റ് സുജു ജോസഫ് കായിക താരങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. യുക്മ ദേശീയ എക്സിക്യു്ട്ടീവ് അംഗം ഡോ.ബിജു പെരിങ്ങത്തറ, മുൻ യുക്മ നാഷണൽ സെക്രട്ടറിയും ദേശീയ നിർവാഹക സമിതിയംഗവുമായ സജീഷ് ടോം, റീജിയണൽ സ്പോർട്ട്സ് കോർഡിനേറ്റർ അനോജ് ചെറിയാൻ, ട്രഷറർ ജിജി വിക്ടർ, വൈസ് പ്രസിഡന്റ് സജിമോൻ സേതു, ജോയിന്റ് സെക്രട്ടറി കോശിയാ ജോസ്, യുക്മ ചാരിറ്റി ട്രസ്റ്റി ലാലിച്ചൻ ജോർജ്ജ്, വിവിധ അസ്സോസിയേഷൻ ഭാരവാഹികൾ, യുക്മ പ്രതിനിധികൾ തുടങ്ങിയവർ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more