1 GBP = 103.12

സോളാർ: സരിതയുടെ കത്തും പരാമർശങ്ങളും ഹൈക്കോടതി നീക്കി,​ റിപ്പോർട്ട് റദ്ദാക്കില്ല

സോളാർ: സരിതയുടെ കത്തും പരാമർശങ്ങളും ഹൈക്കോടതി നീക്കി,​ റിപ്പോർട്ട് റദ്ദാക്കില്ല

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആശ്വാസമേകി സോളാർ കമ്മിഷൻ റിപ്പോർട്ടിൽ നിന്ന് കേസിലെ പ്രതി സരിതയുടെ കത്തും ബന്ധപ്പെട്ട പരാമർശങ്ങളും നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം സോളാർ കമ്മിഷൻ റിപ്പോർട്ട് റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. ഇക്കാര്യം ഉന്നയിച്ച് ഉമ്മൻചാണ്ടി നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
സോളാ‌ർ കമ്മിഷനെ നിയോഗിച്ചത് പൊതുതാൽപര്യം മുൻനിറുത്തിയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ (ടേംസ് ഒഫ് റഫറൻസ്)​ മാറ്റിയെന്ന വാദം നിലനിൽക്കില്ല. കമ്മിഷന് മുന്പാകെ ഹാജരായി പറയാനുള്ളത് പറഞ്ഞശേഷം റിപ്പോർട്ട് സമർപ്പിക്കുന്പോൾ പരിഗണനാ വിഷയങ്ങളിൽ നിന്ന് വ്യതിചലിച്ചു എന്ന ആക്ഷേപം ഉന്നയിച്ച് ചോദ്യം ചെയ്യലിന് മുതിരുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു.

റിപ്പോർട്ടിൽ ഹർജിക്കാരനെ അപകീർത്തിപ്പെടുത്തും വിധമുള്ള നിരീക്ഷണങ്ങളും നിഗമനങ്ങളും റദ്ദാക്കണം,​ സരിത എഴുതിയതെന്ന് പറയുന്ന കത്ത് റിപ്പോർട്ടിന്റെ ഭാഗമാക്കിയത് ഒഴിവാക്കണം. അതിന്റെ അടിസ്ഥാനത്തിലുള്ള പരാമർശങ്ങളും നീക്കണം. കത്ത് പ്രസിദ്ധപ്പെടുത്തുന്നതും അതിന്റെ അടിസ്ഥാനത്തിൽ ചർച്ചകൾ നടത്തുന്നതും തടയണം തുടങ്ങിയവയായിരുന്നു ഉമ്മൻചാണ്ടി ഹർജിയിൽ ഉന്നയിച്ച ആവശ്യങ്ങൾ.

സരിതയുടെ കത്തിന്റെ അടിസ്ഥാനത്തിൽ ഏകപക്ഷീയമായാണ് കമ്മിഷൻ റിപ്പോർട്ട് തയ്യാറാക്കിയതെന്ന വാദം കോടതി തള്ളി. ഹർജിക്കാരന് കമ്മിഷൻ മുന്പാകെ വാദം ബോധിപ്പിക്കുന്നതിന് അവസരം ലഭിച്ചതായി കോടതി ചൂണ്ടിക്കാട്ടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more