1 GBP = 103.87
breaking news

സോളാർ കമ്മിഷൻ റിപ്പോർട്ട്; ആശയക്കുഴപ്പം തീർന്നാൽ ഇന്ന് അന്വേഷണ ഉത്തരവ്

സോളാർ കമ്മിഷൻ റിപ്പോർട്ട്; ആശയക്കുഴപ്പം തീർന്നാൽ ഇന്ന് അന്വേഷണ ഉത്തരവ്

തിരുവനന്തപുരം: സോളാർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ള ഉന്നത നേതാക്കൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരേ ക്രിമിനൽ, വിജിലൻസ് കേസെടുത്ത് അന്വേഷിക്കാനുള്ള ഉത്തരവ് ഇന്നിറങ്ങിയേക്കും. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശപ്രകാരം ഉത്തരവിന്റെ കരട് ഇന്നലെ ചീഫ്സെക്രട്ടറി തയ്യാറാക്കി. സർക്കാരിന്റെ ആശയക്കുഴപ്പം തടസമായി നില്ക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി ഇന്ന് അനുമതി നൽകുമെന്നാണ് സൂചന. കമ്മിഷൻ റിപ്പോർട്ട് ആദ്യ വിവരമായി പരിഗണിച്ചാവും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക.
കൂത്തുപറമ്പ് വെടിവയ്പ് അന്വേഷിച്ച 1995ലെ ജസ്റ്റിസ് കെ.പത്മനാഭൻനായർ കമ്മിഷന്റെ റിപ്പോർട്ടിലെ ശുപാർശ പ്രകാരമാണ് എം.വി.രാഘവൻ അടക്കമുള്ളവർക്കെതിരേ കേസെടുത്തത്. സമാനമായ സാഹചര്യമാണ് ഇവിടെയുള്ളതെന്നും ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാമെന്നുമാണ് നിയമോപദേശം. എന്നാൽ, ഉമ്മൻചാണ്ടിക്കെതിരേയടക്കം മാനഭംഗക്കുറ്റം നിലനില്ക്കുമോയെന്ന് നിയമവകുപ്പ് സംശയമുന്നയിച്ചതോടെയാണ് സർക്കാർ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടിയത്. മൂന്നാമതൊരാളെ സാമ്പത്തികമായി ചൂഷണം ചെയ്യാൻ സരിത ഉമ്മൻചാണ്ടിയടക്കമുള്ള നേതാക്കളെ ഉപയോഗിച്ചെന്നാണ് കമ്മിഷൻ കണ്ടെത്തിയത്. അങ്ങനെയാണെങ്കിൽ സരിതയ്ക്കും നേതാക്കൾക്കുമെതിരേ ഐ.പി.സി 420പ്രകാരമുള്ള വഞ്ചനാക്കുറ്റമേ നിലനില്ക്കൂ എന്നാണ് നിയമവകുപ്പിന്റെ നിലപാട്. സോളാർ ഇടപാടിൽ സാമ്പത്തികനഷ്ടമുണ്ടായ മല്ലേലിൽ ശ്രീധരൻനായർ കോടതിയിലും കമ്മിഷനിലും ആറുതരം മൊഴികളാണ് നൽകിയത്. ഈ കേസിൽ ഉമ്മൻചാണ്ടിക്കെതിരേ വഞ്ചനാക്കുറ്റം എങ്ങനെ നിലനിൽക്കുമെന്ന് ഹൈക്കോടതി സംശയമുന്നയിച്ചിരിക്കുകയാണ്.

സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം ഉന്നതർക്കെതിരേ മാനഭംഗക്കേസ് രജിസ്റ്റർ ചെയ്യാനാവില്ലെന്നും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. നിർഭയക്കേസിനു ശേഷം 2013ലുണ്ടായ ഭേദഗതി പ്രകാരം ഉന്നതർക്കെതിരേ കേസെടുക്കാനാവില്ല. സരിത ഉന്നയിക്കുന്ന ആരോപണങ്ങൾ 2013നു മുൻപുള്ളതായതിനാൽ അക്കാലത്തെ നിയമമാണ് ബാധകം. അതിനാൽ, തന്നെ മാനഭംഗപ്പെടുത്തിയെന്ന സരിതയുടെ പരാതിയിൽ പുതുതായി മൊഴി രേഖപ്പെടുത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ഉന്നതരെ അറസ്റ്റ് ചെയ്യാനാവില്ലെന്നും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

സരിതയുടെ പരാതിയിൽ എഫ്.ഐ.ആർ
ഉമ്മൻചാണ്ടിയടക്കമുള്ള ഉന്നത നേതാക്കൾക്കും പൊലീസുദ്യോഗസ്ഥർക്കുമെതിരേ സരിത മുഖ്യമന്ത്രിക്കും ക്രൈംബ്രാഞ്ചിലും നൽകിയ പരാതികളിൽ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്. ഉന്നത കോൺഗ്രസ് നേതാവിന്റെ മകനെതിരേയും കേസുണ്ട്. എം.എൽ.എയായിരിക്കേ എ.പി.അബ്ദുള്ളക്കുട്ടി മാസ്കറ്റ് ഹോട്ടലിൽ വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തിയതായുള്ള സരിതയുടെ പരാതിയിൽ മ്യൂസിയം പൊലീസെടുത്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. സരിത പിന്നീട് നൽകിയ രണ്ട് പരാതികളും ഈ കേസിനൊപ്പം കൂട്ടിച്ചേർക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് ഈഞ്ചയ്ക്കൽ യൂണിറ്റിലെ ഡിവൈ.എസ്.പിയാണ് കേസന്വേഷിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more