1 GBP = 104.24

എസ് ബി ഐ ഭവന, വാഹന വായ്‌പ പലിശ നിരക്കുകൾ വീണ്ടും കുറച്ചു; പത്ത് മാസത്തിനിടെ ഇത് രണ്ടാം തവണ

എസ് ബി ഐ ഭവന, വാഹന വായ്‌പ പലിശ നിരക്കുകൾ വീണ്ടും കുറച്ചു; പത്ത് മാസത്തിനിടെ ഇത് രണ്ടാം തവണ

മുംബയ്: പത്തു മാസത്തെ ഇടവേളയ്‌ക്കു ശേഷം എസ്.ബി.ഐ വീണ്ടും ഭവന, വാഹന വായ്‌പാ പലിശ നിരക്കുകൾ കുറച്ചു. പുതിയ നിരക്കുകൾ നവംബർ ഒന്നിന് പ്രാബല്യത്തിൽ വന്നു. 8.35 ശതമാനത്തിൽ നിന്ന് 8.30 ശതമാനത്തിലേക്കാണ് ഭവന വായ്‌പാപലിശ കുറച്ചത്. ഇതോടെ, ഭവന വായ്‌പയ്ക്ക് ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ പലിശ ഈടാക്കുന്ന ബാങ്കായി എസ്.ബി.ഐ മാറി. എച്ച്.ഡി.എഫ്.സി ലിമിറ്റഡ്, ആക്‌സിസ് ബാങ്ക്, എൽ.ഐ.സി ഹൗസിംഗ് ഫിനാൻസ്, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയവ ഈടാക്കുന്ന പലിശ 8.35 ശതമാനമാണ്.

ശമ്പള വരുമാനക്കാരായ ഏവർക്കും 30 ലക്ഷം രൂപവരെയുള്ള ഭവന വായ്‌പയ്‌ക്ക് പലിശ 8.30 ശതമാനമായിരിക്കുമെന്ന് എസ്.ബി.ഐ വ്യക്തമാക്കി. മറ്റുള്ളവർക്ക് വായ്‌പാത്തുകയുടെയും ക്രെഡിറ്റ് സ്‌കോറിന്റെയും അടിസ്ഥാനത്തിൽ പലിശ നിരക്ക് വ്യത്യാസപ്പെടും. വാഹന വായ്‌പയുടെ വാർഷിക പലിശനിരക്ക് 8.70 ശതമാനം മുതൽ 9.20 ശതമാനം വരെയാക്കിയാണ് പുതുക്കി നിശ്‌ചയിച്ചത്. നേരത്തേ ഇത്, 8.75 ശതമാനം മുതൽ 9.25 ശതമാനം വരെയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയുടെ ചുവടുപിടിച്ച് മറ്റു ബാങ്കുകളും വൈകാതെ ഭവന, വാഹന വായ്‌പാപലിശ നിരക്കുകൾ കുറയ്‌ക്കുമെന്നാണ് സൂചന. എസ്.ബി.ഐ ഭവന, വാഹന വായ്‌പാ പലിശ കുറയ്‌ക്കുന്നത് പത്തു മാസങ്ങൾക്ക് ശേഷം. നോട്ട് അസാധുവാക്കലിനെ തുടർന്ന് നിക്ഷേപം കുമിഞ്ഞു കൂടിയ സാഹചര്യത്തിൽ കഴിഞ്ഞ ജനുവരി ഒന്നിന് പലിശ കുറച്ചിരുന്നു.

നവംബർ ഒന്നു മുതൽ ലഭ്യമാകുന്ന പുതിയ വായ്‌പകൾക്കാണ് എസ്.ബി.ഐയുടെ പുതുക്കിയ പലിശനിരക്ക് ബാധകം. നിലവിൽ വായ്‌പകൾ ഉള്ളവർക്ക്, അവയുടെ എം.സി.എൽ.ആർ കാലാവധി പൂർത്തിയാകുമ്പോഴേ പലിശനിരക്ക് വ്യത്യാസപ്പെടൂ. ഫിക്‌സഡ് ഡെപ്പോസിറ്റുകളുടെ (സ്ഥിരനിക്ഷേപം) പലിശനിരക്കും നവംബർ ഒന്നിന് പ്രാബല്യത്തിൽ വരുംവിധം എസ്.ബി.ഐ കുറച്ചിരുന്നു. 6.50 ശതമാനത്തിൽ നിന്ന് 6.25 ശതമാനമായാണ് കുറച്ചത്. മുതിർന്ന പൗരന്മാർക്ക് ലഭ്യമായിരുന്ന പലിശനിരക്ക് ഏഴ് ശതമാനത്തിൽ നിന്ന് 6.75 ശതമാനത്തിലേക്കും കുറച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more