1 GBP = 103.81

ഐ.എസ്.ആര്‍.ഒ കുതിക്കുകയാണ് പാഴാക്കാന്‍ സമയവുമില്ല; ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയിലെ സ്വകാര്യ കമ്പനികള്‍ക്കും അനുമതി

ഐ.എസ്.ആര്‍.ഒ കുതിക്കുകയാണ് പാഴാക്കാന്‍ സമയവുമില്ല; ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയിലെ സ്വകാര്യ കമ്പനികള്‍ക്കും അനുമതി

തിരുവനന്തപുരം: ഉപഗ്രഹ വിക്ഷേപണരംഗത്ത് ഒന്നാമന്‍മാരായ ഐ.എസ്.ആര്‍.ഒ ഉപഗ്രഹ നിര്‍മ്മാണം സ്വകാര്യമേഖലയെ ഏല്പിക്കുന്നു. ഉപഗ്രഹ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബംഗളൂരു ആസ്ഥാനമായ ആല്‍ഫ ഡിസൈന്‍ ടെക്‌നോളജീസ് എന്ന സ്ഥാപനവുമായി ഐ.എസ്.ആര്‍.ഒ കരാര്‍ ഒപ്പുവച്ചുകഴിഞ്ഞു. ഇലക്ട്രോണിക്‌സ് ബിസിനസ് രംഗത്തെ പ്രമുഖനായ എച്ച്.എസ്. ശങ്കര്‍ ചെയര്‍മാനായുള്ള ആല്‍ഫ ഡിസൈന്‍ ടെക്‌നോളജീസ് ആറുമാസത്തിനുള്ളില്‍ രണ്ട് ഉപഗ്രഹങ്ങളാണ് നിര്‍മ്മിച്ച് കൈമാറുക.
കഴിഞ്ഞ വര്‍ഷം വിക്ഷേപിച്ച ഗതിനിര്‍ണയ ഉപഗ്രഹപരമ്പരയില്‍ ഉള്‍പ്പെടുത്തേണ്ട ഐ.ആര്‍.എന്‍.എസ്.എസ് ഉപഗ്രഹങ്ങളാണിവ. ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ ഏഴെണ്ണത്തില്‍ ഏതിനെങ്കിലും തകരാര്‍ സംഭവിച്ചാല്‍ ഉടനേ വിക്ഷേപിക്കുന്നതിന് കരുതിവയ്ക്കാനാണ് ഇവ നിര്‍മ്മിക്കുന്നത്. സ്വകാര്യ മേഖലയില്‍ നിര്‍മ്മിക്കുന്ന ഉപഗ്രഹം ഐ.എസ്.ആര്‍.ഒ ടീം സദാസമയവും അവലോകനം ചെയ്തുകൊണ്ടിരിക്കും. പദ്ധതി വിജയിച്ചാല്‍ സ്വകാര്യ മേഖലയില്‍ കൂടുതല്‍ ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കും.

ചൊവ്വാ ദൗത്യം, ബുധനിലേക്കുള്ള വിക്ഷേപണ പദ്ധതി, സൂര്യനെ കുറിച്ചുള്ള പഠനം, ചന്ദ്രയാന്‍, കാലാവസ്ഥാ നിര്‍ണയം, ഗതിനിര്‍ണയം, വാര്‍ത്താവിതരണം, ദുരന്തനിവാരണം തുടങ്ങി ഐ.എസ്.ആര്‍.ഒ ഏറ്റെടുക്കുന്ന പദ്ധതികളുടെ വ്യാപ്തിയേറുകയാണ്. ഇതിനെല്ലാം പുറമേ വിവിധ രാജ്യങ്ങള്‍ക്കായുള്ള വാണിജ്യ വിക്ഷേപണങ്ങളുമുണ്ട്. റോക്കറ്റ് നിര്‍മ്മാണത്തിനും ഉപഗ്രഹ നിര്‍മ്മാണത്തിനും സമയമില്ലാതിരുന്നത് കൊണ്ടാണ് ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന സാഹസ ദൗത്യത്തിന് പോലും ഐ.എസ്.ആര്‍.ഒ മുതിര്‍ന്നത്.

രാജ്യത്തെ വാര്‍ത്താവിനിമയ സംവിധാനത്തിന് ഉപയോഗിക്കുന്ന ഉപഗ്രഹ ട്രാന്‍സ്‌പോണ്ടറിന് വന്‍ ക്ഷാമമാണിപ്പോള്‍. 285 ട്രാന്‍സ്‌പോണ്ടറുകള്‍ ആവശ്യമുള്ള സ്ഥാനത്ത് 200ല്‍ താഴെയെണ്ണമാണ് ഇപ്പോഴുള്ളത്. ഈ വര്‍ഷം ഡിസംബറിനുമുമ്പ് അഞ്ച് ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിച്ചില്ലെങ്കില്‍ രാജ്യത്തെ വാര്‍ത്താവിതരണ സംവിധാനം പ്രതിസന്ധിയിലാകും. നേരത്തേ എല്ലാമാസവും ഒരു ഉപഗ്രഹമെങ്കിലും വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അത് നടപ്പാക്കാന്‍ ഐ.എസ്.ആര്‍.ഒയ്ക്ക് കഴിഞ്ഞില്ല. സ്വകാര്യ സംരംഭകരുടെ സഹായത്തോടെ ഈ പ്രശ്‌നങ്ങള്‍ അതിജീവിക്കുകയാണ് ലക്ഷ്യം.

എം. അണ്ണാദുരൈ (ഐ.എസ്.ആര്‍.ഒ സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍ )
ഐ.ആര്‍.എന്‍.എസ്.എസ് പരമ്പരയില്‍ ആദ്യ ഉപഗ്രഹം മാത്രമാണ് ഐ.എസ്.ആര്‍.ഒ നേരിട്ട് നിര്‍മ്മിച്ചത്. ബാക്കി ആറ് ഉപഗ്രഹങ്ങളിലെ 85 ശതമാനം ഭാഗങ്ങളും സ്വകാര്യമേഖലയിലാണ് നിര്‍മ്മിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more