സച്ചിന്‍ സംസ്ഥാനത്തെ ലഹരി വിരുദ്ധ പ്രചരണത്തിന്റെ അംബാസിഡറാകും


സച്ചിന്‍ സംസ്ഥാനത്തെ ലഹരി വിരുദ്ധ പ്രചരണത്തിന്റെ അംബാസിഡറാകും

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സംസ്ഥാന സര്‍ക്കാരിന്റെ ‘കേരള ലഹരി വര്‍ജന മിഷന്‍-വിമുക്തി’ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറാകും. ഈ മാസം 20 ന് നടക്കുന്ന സംസ്ഥാനതല പ്രചരണ പരിപാടിയുടെ ഉദ്ഘാടനത്തില്‍ സച്ചിന്‍ പങ്കെടുക്കുമെന്നും എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു. വിദ്യാലയങ്ങള്‍ കേന്ദ്രമാക്കി വിവിധ തരത്തിലുളള മയക്കുമരുന്ന് കച്ചവടം വ്യാപകമാകുകയാണെന്നും ഇതു തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നുമുളള സി.ദിവാകരന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ലഹരി വിരുദ്ധ പ്രചരണത്തിന് സച്ചിന്റെ സേവനം പരമാവധി വിനിയോഗിക്കും. വിദ്യാലയങ്ങളില്‍ ലഹരിവിരുദ്ധ ക്ലബുകള്‍, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ്, കുടുംബശ്രീ, സന്നദ്ധസംഘടനകള്‍, ലൈബ്രറി കൗണ്‍സില്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവ ഏകോപിച്ചുളള ബോധവല്‍ക്കരണ പരിപാടകള്‍ വിമുക്തിയുടെ ഭാഗമായി നടത്തും.

പദ്ധതി നടത്തിപ്പിനായി മുഖ്യമന്ത്രി ചെയര്‍മാനായ സംസ്ഥാനതല ഗവേണിംഗ് ബോര്‍ഡും എക്‌സൈസ് മന്ത്രി ചെയര്‍മാനായി എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. ജില്ലാതലത്തിലും തദ്ദേശസ്ഥാപന തലത്തിലും ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി എക്‌സിക്യൂട്ടീവ് കമ്മിറ്റികള്‍ രൂപീകരിക്കും. ബിവറേജസ് കോര്‍പറേഷന്‍ വഴി വില്‍ക്കുന്ന മദ്യത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ അഞ്ചു ശതമാനമാണ് ഈ പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത്.

എല്ലാ സ്‌കൂളിലും കോളേജിലും ലഹരി വിരുദ്ധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. നിലവില്‍ 1735 സ്‌കൂളുകലിലും 255 കോളജുകളിലും ക്ലബുകള്‍ രൂപീകരിച്ചു. വിദ്യാലയ പരിസരത്ത് ലഹരിവില്‍പ്പനയോ കൈമാറ്റമോ നടക്കുന്നുണ്ടെന്ന് കണ്ടാല്‍ രക്ഷകര്‍ത്താക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പേര് വെളിപ്പെടുത്താതെ പരാതി നല്‍കാന്‍ സ്‌കൂളുകളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിച്ചു വരുന്നുണ്ട്. എക്‌സൈസ് ക്രൈം റെക്കോഡ്‌സ് ബോര്‍ഡിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 507
Latest Updates