1 GBP = 103.12

സാലിസ്ബറി റഷ്യൻ സ്പൈ ആക്രമണം; സ്ക്രിപാലിനും മകൾക്കും വിഷബാധയേറ്റത് വീടിന്റെ മുൻ വശത്തെ വാതിലിൽ നിന്നുമെന്ന് സ്ഥിരീകരണം

സാലിസ്ബറി റഷ്യൻ സ്പൈ ആക്രമണം; സ്ക്രിപാലിനും മകൾക്കും വിഷബാധയേറ്റത് വീടിന്റെ മുൻ വശത്തെ വാതിലിൽ നിന്നുമെന്ന് സ്ഥിരീകരണം

സാലിസ്ബറി: ബ്രിട്ടന്റെ മുൻ റഷ്യൻ ചാരനായ സെർഗെയ് സ്ക്രിപാലിനും മകൾ യൂലിയയ്ക്കും വിഷബാധയേറ്റത് സ്ക്രിപാലിന്റെ സാലിസ്ബറിയിലെ വീടിന്റെ മുൻവശത്തെ കതകിൽ നിന്നുമാണെന്ന് അന്വേഷണോദ്യോഗസ്ഥർ വെളിപ്പെടുത്തി. വീടിന്റെ മുൻ വാതിലിൽ റഷ്യൻ നിർമ്മിത നെർവ് ഏജന്റായ നോർവിചോക്കിന്റെ അംശം കൂടുതലായി കണ്ടെത്തിയിരുന്നു. അതേസമയം സ്‌ക്രിപാലും മകളും കുഴഞ്ഞു വീണതായി കാണപ്പെട്ട സിറ്റി സെന്ററിലെ മാർട്ടിങ്‌സ് ഏരിയയിലും അന്വേഷണം നടക്കുന്ന മറ്റ് സ്ഥലങ്ങളിലും നോർവിചോക്കിന്റെ അംശം താരതമ്യേന കുറവായാണ് കാണപ്പെട്ടതെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. അത് കൊണ്ട് തന്നെ അന്വേഷണം ഇപ്പോൾ സ്ക്രിപാലിന്റെ വീട് കേന്ദ്രീകരിച്ചാണ് മുഖ്യമായും നടക്കുന്നത്.

കഴിഞ്ഞ മൂന്ന് ആഴ്ചകളായി നടന്ന് വരുന്ന അന്വേഷണത്തിന് ഇരുന്നൂറ്റി അൻപതോളം കൗണ്ടർ ടെററിസം ഗ്രൂപ്പ് ഡിറ്റക്ടീവുകളാണ് നേതൃത്വം കൊടുക്കുന്നത്. ഇതിനകം തന്നെ പല സ്ഥലങ്ങളിൽ നിന്നായി എടുത്ത 5000 മണിക്കൂർ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘം പരിശോധനക്ക് വിധേയമാക്കിയത്. അഞ്ഞൂറോളം സാക്ഷികളിൽ നിന്ന് മൊഴികൾ രേഖപ്പെടുത്തിയ അന്വേഷണസംഘം 1350 ഓളം തെളിവുകളും ശേഖരിച്ചിട്ടുണ്ട്.

സ്ക്രിപാലിന്റെയും മകളുടെയും നില ഗുരുതരമായി തന്നെ തുടരുകയാണ്. സംഭവത്തിന്റെ ഉത്തരവാദിത്വം ആരോപിച്ച് റഷ്യക്കെതിരെ നിരവധി രാജ്യങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. 26 രാജ്യങ്ങളിൽ നിന്നായി 130 ഓളം റഷ്യൻ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more