1 GBP = 104.06

രഞ്ജിത് കുമാറിന് ജന്മനാടിന്റെ അന്ത്യാഞ്ജലി; പ്രിയ സഹപ്രവർത്തകന് അവസാന യാത്രയയപ്പ് നൽകാൻ യുക്മ ഭാരവാഹികളും

രഞ്ജിത് കുമാറിന് ജന്മനാടിന്റെ അന്ത്യാഞ്ജലി; പ്രിയ സഹപ്രവർത്തകന് അവസാന യാത്രയയപ്പ് നൽകാൻ യുക്മ ഭാരവാഹികളും

യുക്മ ന്യൂസ് ടീം

കൂത്താട്ടുകുളം: യുക്മയുടെ എക്കാലത്തെയും ജനകീയ നേതാവും യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ പ്രസിഡന്റുമായ രഞ്ജിത് കുമാറിന് ജന്മനാട്ടിൽ അന്ത്യവിശ്രമമൊരുങ്ങി. ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് കൂത്താട്ടുകുളത്തെ തിരുമാറാടിയിലുള്ള അദ്ദേഹത്തിന്റെ കുടുംബ വളപ്പിൽ മൃതദേഹം സംസ്കരിച്ചത്. കുടുംബങ്ങളും സുഹൃത്തുക്കളും നാട്ടുകാരുമടക്കം നൂറു കണക്കിന് ആളുകൾ അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തന്നെ പ്രത്യേക ചടങ്ങുകളൊന്നും കൂടാതെയാണ് സംസ്കാരം നടത്തിയത്.

ഇക്കഴിഞ്ഞ മാർച്ച് 16 വെള്ളിയാഴ്ച പുലർച്ചയോടെ കേംബ്രിഡ്ജ് ആദം ബ്രുക് ഹോസ്പിറ്റലിൽ വച്ച് മരണമടഞ്ഞ രഞ്ജിത് കുമാറിന്റെ മൃതദേഹം കഴിഞ്ഞ ശനിയാഴ്ചയാണ് നാട്ടിലേക്ക് കൊണ്ട് പോയത്.കുടുംബങ്ങളോടൊപ്പം യുക്മ നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പും മൃതദേഹത്തെ അനുഗമിച്ചിരുന്നു. ഇന്നലെ(ഞായറാഴ്ച) രാവിലെ 9.45ന് നെടുമ്പാശ്ശേരി അന്തരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മൃതദേഹം യുക്മ പ്രസിഡണ്ട് മാമ്മൻ ഫിലിപ്പ്, മുൻ നാഷണൽ പ്രസിഡണ്ട് വിജി കെ പി, മുൻ നാഷണൽ സെക്രട്ടറി ഏബ്രഹാം ലൂക്കോസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് കൂത്താട്ടുകുളത്തെ തിരുമാറാടിയിലുള്ള കുടുംബ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു.

നാട്ടുകാർക്കും ഏറെ പ്രിയങ്കരനായ രഞ്ജിത് കുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറു കണക്കിന് ആളുകളാണ് കീച്ചേരിൽ കുടുംബ വീട്ടിൽ ഒഴുകിയെത്തിയത്. യുക്മ നേതാക്കളായ മാമ്മൻ ഫിലിപ്പ്, വിജി കെ പി, ഏബ്രഹാം ലൂക്കോസ്, സിന്ധു ഉണ്ണി തുടങ്ങിയവർ യുക്മക്ക് വേണ്ടി തങ്ങളുടെ പ്രിയ സഹപ്രവർത്തകന് റീത്ത് സമർപ്പിച്ചു. യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന് വേണ്ടി എക്സിക്യു്ട്ടീവ് കമ്മിറ്റി അംഗം ബിനോയ് തോമസ് അന്ത്യാഞ്ജലി അർപ്പിച്ചു. ജിജോ ജോർജ്ജ് കേംബ്രിഡ്ജ്, മഹേഷ് കേംബ്രിഡ്ജ്, ബിനോയ് ലിവർപൂൾ, ജോജോ ഇപ്‌സ്‌വിച്ച് തുടങ്ങിയവരും തങ്ങളുടെ പ്രിയ രഞ്ജിത്ചേട്ടന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.

മാരകമായ അർബുദത്തോട് പോരാടി നേടിയതായിരുന്നു രഞ്ജിത് കുമാറിന്റെ കഴിഞ്ഞ പത്ത് വർഷത്തെ ജീവിതം. പ്രതിസന്ധികളിൽ തളരാതെ യുക്മ വേദികളിൽ സജീവമായി പൊതുപ്രവർത്തന രംഗത്ത് തിളങ്ങി നിന്നിരുന്ന രഞ്ജിത് കുമാർ യുക്മ നാഷണൽ കമ്മിറ്റി അംഗം എന്ന നിലയിലാണ് ദേശീയ നേതൃത്വത്തിൽ എത്തുന്നത്. തുടർച്ചയായി രണ്ടാം തവണയാണ് യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. യുക്മ ന്യൂസ് ടീമംഗം എന്ന നിലയിലും സജീവ സാന്നിദ്ധ്യമായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more