1 GBP = 103.14

റവ. ഫാ. ജോര്‍ജ് ജോയിയെ കോര്‍ – എപ്പിസ്‌കോപ്പ സ്ഥാനത്തേക്ക് ഉയര്‍ത്തുന്നു; ഞായറാഴ്ച നടക്കുന്ന ചടങ്ങിന് അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമനസ്സ് മുഖ്യ കാര്‍മ്മികത്വം വഹിക്കും…

റവ. ഫാ. ജോര്‍ജ് ജോയിയെ കോര്‍ – എപ്പിസ്‌കോപ്പ സ്ഥാനത്തേക്ക് ഉയര്‍ത്തുന്നു; ഞായറാഴ്ച നടക്കുന്ന ചടങ്ങിന് അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമനസ്സ് മുഖ്യ കാര്‍മ്മികത്വം വഹിക്കും…

സോജി ടി മാത്യു

ലണ്ടന്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും മാനേജിങ് കമ്മിറ്റി അംഗവുമായ റവ. ഫാ. ജോര്‍ജ് ജോയിക്ക് കോര്‍ – എപ്പിസ്‌കോപ്പ സ്ഥാനം നല്‍കുന്നു. നാളെ രാവിലെ നോര്‍ത്ത് ലണ്ടന്‍ ഹെമെല്‍ഹെംസ്റ്റേര്‍ഡ് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമനസ്സ് കൊണ്ടാണ് കോര്‍ – എപ്പിസ്‌കോപ്പ സ്ഥാനം നല്‍കുന്നത്.
രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് വി. കുര്‍ബാന മദ്ധ്യേ കോര്‍ – എപ്പിസ്‌കോപ്പ സ്ഥാനാഭിഷേക ശുശ്രൂഷകളും നടത്തും. യുകെയിലുള്ള മലങ്കര വിശ്വാസികളുടെ കുടിയേറ്റത്തിന് അഞ്ചു പതിറ്റാണ്ട് പഴക്കമുണ്ടെങ്കിലും യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു സ്ഥാനാരോഹണ ചടങ്ങും കോര്‍ – എപ്പിസ്‌കോപ്പ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്ന വൈദികനും.
30 വര്‍ഷമായി മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി  സഭയുടെ വൈദികനായും 10 വര്‍ഷമായി ഇടവക ആരംഭിച്ചത് മുതല്‍ ലണ്ടന്‍ ഹെമെല്‍ഹെംസ്റ്റേര്‍ഡ് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി വികാരിയുമാണ്  റവ. ഫാ. ജോര്‍ജ് ജോയി. കോട്ടയം തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ബിഡിഎംഡി ബിരുദവും സറാമ്പൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും മാസ്റ്റര്‍ ജിയോളജിയില്‍ ബിരുദാനന്തര ബിരുദവും നേടിയ റവ. ഫാ. ജോര്‍ജ് ജോയി മുന്‍ തുമ്പമണ്‍ ഭദ്രാസനാധിപന്‍ ദാനിയേല്‍ മാര്‍  ഫീലക്‌സിനോസ് മെത്രാപ്പോലീത്തായുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൂടാതെ കോട്ടയം വൈദിക സെമിനാരി ലൈബ്രേറിയന്‍ ,  കൊല്‍ക്കത്ത ബിഷപ്പ്‌സ് കോളേജ് അദ്ധ്യാപകന്‍, ബാംഗ്ലൂര്‍ ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ട്രാന്‍സ്ലേറ്റര്‍ അഡ്വൈസര്‍ എന്നീ നിലകളിലും സിംഗപ്പൂര്‍ സെന്റ് തോമസ്, മലേഷ്യ സെന്റ് മേരീസ്, ബാംഗ്ലൂര്‍ സെന്റ് ജോര്‍ജ്, സെന്റ് മേരീസ്, സെന്റ് തോമസ്, സെന്റ് ബസേലിയോസ് എന്നീ സ്ഥലങ്ങളില്‍ ഇടവക വികാരിയായും യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിലെ മാതൃ ദേവാലയമായ ലണ്ടന്‍ സെന്റ് ഗ്രിഗോറിയാസ് പള്ളിയിലെ ഇടവക പട്ടക്കാരനായും  യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്റെ പ്രഥമ സെക്രട്ടറിയായും ഫാ. ജോര്‍ജ് ജോയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എലിസബത്തും ജോയിയാണ് ഭാര്യ. സുദര്‍ശന്‍ തോമസ് ജോയി, ദീപ്തി റേച്ചല്‍ ജോയി എന്നിവര്‍ മക്കളാണ്. .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more