1 GBP = 104.19
breaking news

യുക്മയുടെ ചിരകാല ആവശ്യം കേരള സർക്കാർ പരിഗണിക്കപ്പെടുന്നു. യുകെ മലയാളികളുടെ എക്കാലത്തെയും ആശങ്കയായ മൃതദേഹം നാട്ടിലെത്തിക്കലിന് ശാശ്വത പരിഹാരമാകുന്നു. സർക്കാരിന്റെ കണ്ണ് തുറപ്പിച്ചത് ഇംഗ്ലണ്ടിൽ നിന്നുള്ള ലോക കേരള സഭ അംഗമായ രാജേഷ് കൃഷ്ണയുടെ നിരന്തര ഇടപെടൽ

യുക്മയുടെ ചിരകാല ആവശ്യം കേരള സർക്കാർ പരിഗണിക്കപ്പെടുന്നു. യുകെ മലയാളികളുടെ എക്കാലത്തെയും ആശങ്കയായ മൃതദേഹം നാട്ടിലെത്തിക്കലിന് ശാശ്വത പരിഹാരമാകുന്നു. സർക്കാരിന്റെ കണ്ണ് തുറപ്പിച്ചത് ഇംഗ്ലണ്ടിൽ നിന്നുള്ള ലോക കേരള സഭ അംഗമായ രാജേഷ് കൃഷ്ണയുടെ നിരന്തര ഇടപെടൽ

സ്വന്തം ലേഖകൻ

പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ പദ്ധതിയുമായി കേരള സർക്കാർ. യുകെ മലയാളികളുടെ ദേശീയ പ്രസ്ഥാനമായ യുക്മ ഉൾപ്പെടെയുള്ള പ്രവാസി മലയാളി സംഘടനകളുടെ എക്കാലത്തെയും പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു വിദേശങ്ങളിൽ മരണമടയുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുക എന്നത്. വിഷയത്തിൽ സർക്കാരുകളുടെ മെല്ലെപ്പോക്ക് നയം കൊണ്ട് ഇംഗ്ലണ്ടിൽ യുക്മ മുൻകൈയെടുത്ത് സാന്ത്വനം എന്ന പദ്ധതിക്ക് രൂപം നൽകിയിരുന്നു.യുകെയിലെ നിരവധി മലയാളി കുടുംബങ്ങൾക്കാണ് യുക്മ സാന്ത്വനം പദ്ധതി സഹായകമായത്. സോഷ്യൽ സെക്യൂരിറ്റികാര്യത്തിൽ ഭദ്രമാണെങ്കിലും, യുകെയിലെ ആകസ്മിക മരണങ്ങളും അതുകഴിഞ്ഞു മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവുകളും സാധാരണക്കാർക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു. ഈ ഘട്ടത്തിലെല്ലാം മരണപ്പെട്ടവരുടെ ആശ്രിതർക്ക് കൈത്താങ്ങായിരുന്നത് യുകെ മലയാളികളുടെ ദേശീയ പ്രസ്ഥാനമായ യുക്മയായിരുന്നു. എന്നാൽ ഇപ്പോൾ കേരളാ സർക്കാർ തന്നെ ഇക്കാര്യത്തിൽ ശാശ്വത പരിഹാരവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.

കേരളസർക്കാർ തുടങ്ങുന്ന KSFE പ്രവാസി ചിട്ടിയിൽ ചേരുന്നവർക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. ഈ വിഷയത്തിൽ ഇംഗ്ലണ്ടിൽ നിന്നുള്ള ലോക കേരള സഭ അംഗമായ രാജേഷ് കൃഷ്ണയുടെ നിരന്തര ഇടപെടൽ വിജയംകണ്ടു. പ്രഥമ ലോക കേരള സഭയിൽ രാജേഷ് മുന്നോട്ടുവച്ച കരട് നിർദേശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ഇതായിരുന്നു. ഇതുകൂടാതെ യുക്മ അടക്കമുള്ള സംഘടനകൾ പലപ്പോഴായി സർക്കാരിന് നൽകിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ ധനമന്ത്രി ഡോക്ടർ തോമസ് ഐസക് ഈ വിഷയത്തിലെടുത്ത പ്രത്യേക താല്പര്യവും അതിന് മുഖ്യമന്ത്രി നൽകിയ അനുമതിയുമാണ്, ചിട്ടിയുടെ തുടക്കത്തിൽ തന്നെ ഇത് പദ്ധതിയോട് ചേർക്കാൻ സഹായകരമായത്.

പ്രവാസി ചിട്ടിയിലേക്കുള്ള രജിസ്ട്രേഷൻ നടപടികളുടെ ഉദ്ഘാടനം ജൂൺ 12ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഒരുവശത്ത് സുരക്ഷിതവും ആദായകരവുമായ ഒരു നിക്ഷേപമാർഗം എന്ന നിലയിലും മറുവശത്ത് സംസ്ഥാനത്തിന്റെ വികസനത്തിനുള്ള മുതൽമുടക്കെന്ന രീതിയിലും ഇരട്ടപ്രാധാന്യത്തോടെയാണ് പ്രവാസി ചിട്ടി രൂപപ്പെടുത്തുന്നത്. കേരള ഫിനാൻഷ്യൽ എന്റർപ്രൈസസ് (KSFE) യ്ക്കാണ് പദ്ധതിയുടെ നടത്തിപ്പുചുമതല. കിഫ്ബിയുടെയും (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ‌് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) നോർക്കയുടെയും സഹകരണവും പദ്ധതിക്കുണ്ട്.

വിദേശരാജ്യങ്ങളിൽ കഴിയുന്ന മലയാളികൾക്കായിട്ടുള്ള പ്രവാസി ചിട്ടിക്ക് തുടക്കം യുഎഇയിലായിരിക്കും. പിന്നീട് മറ്റു ജിസിസി രാജ്യങ്ങൾ, യുകെ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക എന്നിങ്ങനെ മുഴുവൻ പ്രവാസി മലയാളികളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി തോമസ്‌ ഐസക‌് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ ചിട്ടികൾക്കില്ലാത്ത ചില പ്രത്യേകതകൾ പ്രവാസി ചിട്ടിക്കുണ്ട് . പ്രവാസി ചിട്ടിക്ക് എൽഐസിയുടെ ഇൻഷുറൻസ് സുരക്ഷ ലഭ്യമാകും. ചിട്ടിയിൽ ചേരുന്ന ആരെങ്കിലും മരിച്ചാൽ ബാക്കിവരുന്ന തവണകൾ എൽഐസി അടച്ചുതീർക്കും. ആനുകൂല്യങ്ങൾ ബന്ധുക്കൾക്ക് നൽകുകയും ചെയ്യും.സ്റ്റേറ്റ് ഇൻഷുറൻസിന്റെ പരിരക്ഷയും പ്രവാസി ചിട്ടിക്കുണ്ടാകും. പ്രവാസികൾ പവർ ഓഫ് അറ്റോർണി വഴി ചുമതലപ്പെടുത്തിയാൽ അവരുടെ പ്രതിനിധിയായി നാട്ടിലുള്ളവർക്കും കുറിയിൽ ചേരാം. അവർക്ക് ലേലം വിളിക്കാനും തടസ്സമില്ല..

ചിട്ടിയിൽ ചേരുന്നവരുടെ സെക്യൂരിറ്റി , ഫിക്സെഡ് ഡിപ്പോസിറ്റുകൾ, ഫോർമാൻ കമീഷൻ, ഫ്രീ ഫ്ലോട്ട് തുടങ്ങിയ തുകകൾ കിഫ്ബി ബോണ്ടുകളിൽ നിക്ഷേപിക്കും. ഈ തുക സംസ്ഥാനത്തിന്റെ വിവിധ വികസനപദ്ധതികൾക്കായി മുതൽമുടക്കും. ഇവയിൽ ഫോർമാൻ കമീഷൻ ഒഴികെ ബാക്കിയെല്ലാം വട്ടമെത്തുമ്പോഴേക്കെങ്കിലും തിരിച്ചുകൊടുക്കേണ്ടവയാണ്. പക്ഷേ, അപ്പോഴേക്കും പുതിയ കുറികളുടെ വിഹിതം നിക്ഷേപത്തിനായി ലഭിക്കും .

ചിട്ടിനടത്തിപ്പ് പൂർണമായും ഓൺലൈനാണ്. ചിട്ടി രജിസ്ട്രേഷനും പണം അടയ‌്ക്കലും ലേലംവിളിയും പണം കൊടുക്കലുമെല്ലാം ഓൺലൈനായിരിക്കും. ഇതിനുള്ള സോഫ്റ്റ്‌വെയറും തയ്യാറാണെന്ന് ധനകാര്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പ്രവാസികളുടെ കൈയിലെ പണം സംസ്ഥാനവികസനത്തിന് ഉപയോഗിക്കുന്നില്ല എന്നത് ഏറെ കാലമായി ഉയരുന്ന വിമർശമാണ്. ചില ബോണ്ടുകളിലെ നിക്ഷേപവും വികസനപ്രവർത്തനങ്ങൾക്ക് സംഭാവനയായി നൽകുന്ന പണവും മാത്രമായി ഈ വികസനപങ്കാളിത്തം ഒതുങ്ങിനിൽക്കുകയായിരുന്നു. പ്രവാസി ചിട്ടിയിലൂടെ പുതുമാർഗം ഇതിനായി ഒരുങ്ങുകയാണ്.മറ്റേതൊരു ചിട്ടിയുംപോലെ സമ്പാദ്യം എല്ലാവിധ ആനുകൂല്യങ്ങളോടുംകൂടി തിരികെ ലഭിക്കും. നാട്ടിലെ വികസനവും നടക്കും. “പ്രവാസിയുടെ സമ്പാദ്യം നാടിന്റെ സൗഭാഗ്യം’ എന്നതാണ് പ്രവാസി ചിട്ടിയുടെ മുദ്രാവാക്യം.

റയൻ നൈനാൻ ചിൽഡ്രൻസ് ചാരിറ്റി (http://www.rncc.org.uk) എന്ന കുട്ടികൾക്കായുള്ള കാൻസർ ചാരിറ്റിയുടെ ധനശേഖരണാർദ്ധം ലണ്ടൻനിൽ തുടങ്ങി കേരളം വരെ നീളുന്ന റോഡ് ട്രിപ്പിന്റെ തയ്യാറെടുപ്പിലാണ് രാജേഷ് കൃഷ്ണ. ജൂൺ 30ന് യുക്മ വള്ളംകളി വേദിയിലാണ് യാത്രയുടെ ഫ്ലാഗ് ഓഫ്. ലണ്ടനിൽ സോളിസിറ്ററായ സന്ദീപ് പണിക്കരും യാത്രയിൽ ഉണ്ട്. കൂടുതൽ വിവരങ്ങൾ https://london2kerala.com/ എന്ന വെബ്സൈറ്റിലും https://www.facebook.com/london2kerala/ എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more