1 GBP = 103.85

ജനവിധി മാനിക്കുന്നു, പാര്‍ട്ടിയെ ശക്തിപ്പെടുത്തി തിരിച്ചുവരും: രാഹുല്‍ ഗാന്ധി

ജനവിധി മാനിക്കുന്നു, പാര്‍ട്ടിയെ ശക്തിപ്പെടുത്തി തിരിച്ചുവരും: രാഹുല്‍ ഗാന്ധി

ദില്ലി: മൂന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഈ മേഖലകളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തി ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ച് തിരികെ വരുമെന്നും അദ്ദേഹം പറഞ്ഞു. ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ നിയയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം.

“ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് പാര്‍ട്ടി അംഗീകരിക്കുന്നു. വടക്കുകിഴക്കന്‍ മേഖലകളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തി ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയ എല്ലാ പ്രവര്‍ത്തകര്‍ക്കും ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു”. രാഹുല്‍ പറഞ്ഞു.

ത്രിപുരയിലും നാഗാലാന്‍ഡിലും വന്‍തോല്‍വിയാണ് കോണ്‍ഗ്രസിന് നേരിട്ടത്. 21 സീറ്റുകള്‍ നേടി മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും അധികാരത്തിലേറാന്‍ കഴിഞ്ഞതുമില്ല. മൂന്നിടത്തും ബിജെപി സഖ്യമാണ് ഭരണം പിടിച്ചിരിക്കുന്നത്. ത്രിപുരയിലും നാഗാലാന്‍ഡിലും ഒറ്റ സീറ്റ് പോലും വിജയിക്കാനും കോണ്‍ഗ്രസിന് സാധിച്ചില്ല. കഴിഞ്ഞ തവണ ത്രിപുരയില്‍ പത്ത് സീറ്റും നാഗാലാന്‍ഡില്‍ എട്ട് സീറ്റുകളും കോണ്‍ഗ്രസ് നേടിയിരുന്നു. ആ നിലയില്‍ നിന്നാണ് ഇത്തവണ പാര്‍ട്ടി തകര്‍ന്ന് തരിപ്പണമായിരിക്കുന്നത്.

മാര്‍ച്ച് മൂന്നിനാണ് മൂന്ന് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. എന്നാല്‍ ഈ സമയത്ത് പാര്‍ട്ടി അധ്യക്ഷനായ രാഹുല്‍ രാജ്യത്ത് ഉണ്ടായിരുന്നില്ല. അമ്മൂമ്മയോടൊപ്പം ഹോളി ആഘോഷിക്കാന്‍ ഇറ്റലിയില്‍ പോയിരിക്കുകയായിരുന്നു രാഹുല്‍. രാഹുലിന്റെ ഈ നിലപാടിനെതിരെ വന്‍വിമര്‍ശനങ്ങളായിരുന്നു രാഷ്ട്രീയമേഖലകളില്‍ നിന്ന് ഉയര്‍ന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more