1 GBP = 103.62
breaking news

മലയാളി ടാക്‌സി ഡ്രൈവര്‍ക്ക് നേരെയുള്ള വംശീയ ആക്രമണം; കുടിയേറ്റ മലയാളികള്‍ക്കിടയില്‍ ആശങ്ക പടരുന്നു

മലയാളി ടാക്‌സി ഡ്രൈവര്‍ക്ക്  നേരെയുള്ള വംശീയ ആക്രമണം; കുടിയേറ്റ മലയാളികള്‍ക്കിടയില്‍ ആശങ്ക പടരുന്നു

ബാല സജീവ് കുമാര്‍

ഓസ്‌ട്രേലിയയില്‍ മലയാളി ടാക്‌സി ഡ്രൈവര്‍ക്ക് നേരെയുള്ള വംശീയ ആക്രമണവും അധിക്ഷേപവും കുടിയേറ്റ മലയാളികള്‍ക്കിടയില്‍ കടുത്ത ആശങ്ക ഉളവാക്കുന്നു. കുര്‍ബാന അര്‍പ്പിക്കുന്നതിനു ഒരുങ്ങുന്നതിനിടെ മലയാളി വൈദികനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒരാഴ്ച തികയുന്നതിനു മുന്‍പാണു ഇന്ത്യാക്കാരന്‍ എന്ന പേരില്‍ മലയാളി ടാക്‌സി ഡ്രൈവര്‍
ആക്രമിക്കപ്പെടുന്നത്.

മെല്‍ബണിലെ നോര്‍ത്ത് ഹെബര്‍ട് മാക്‌ഡോണാള്‍ഡില്‍ ഒരു പെണ്‍കുട്ടി അടങ്ങുന്ന അഞ്ചംഗ സംഘമായിരുന്നു മലയാളി ടാക്‌സി ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ 8 വര്‍ഷമായി ആസ്‌ട്രേലിയയില്‍ കുടുംബസമേതം താമസിച്ചു വരുന്ന 33 കാരനായ കോട്ടയം പുതുപ്പള്ളി സ്വദേശി ലി മാക്‌സ് ജോയി ആണ് (25 / 03 / 2017) ശനിയാഴ്ച രാത്രി ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഒരാഴ്ചക്കുള്ളില്‍ നടക്കുന്ന ക്രൂരമായ രണ്ടാമത്തെ വംശീയ ആക്രമണം എന്നത് ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സാമൂഹിക സുരക്ഷയെക്കുറിച്ച് ആശങ്ക ഉണര്‍ത്തുന്നു. അക്രമികളെ തിരിച്ചറിയാന്‍ വ്യക്തമായ സി.സി ടിവി ദൃശ്യങ്ങള്‍ പോലും ലഭ്യമായിരിക്കുമ്പോള്‍ പോലീസില്‍ പരാതി നല്‍കിയ ലി മാക്‌സിനെ പിന്തിരിപ്പിക്കാനാണ് പോലീസ് ശ്രമിച്ചതെന്നും ആക്ഷേപമുണ്ട്.

ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ ലി മാക്‌സ് ഓസ്‌ട്രേലിയയില്‍ നേഴ്‌സിംഗ് പഠിക്കുന്നതോടൊപ്പം തന്നെ ടാക്‌സി ഓടിക്കുന്നുമുണ്ട്. ശനിയാഴ്ച വെളുപ്പിന് 5 മണിക്ക് വീട്ടിലേക്ക് മടങ്ങുന്ന വഴി ഹൊബാര്‍ട്ടിലെ മാക്‌ഡോണാള്‍ഡില്‍ എത്തിയ അദ്ദേഹം സ്‌റ്റോര്‍ മാനേജരുമായി തര്‍ക്കിച്ചു കൊണ്ടിരുന്ന അഞ്ചംഗ സംഘത്തെ കണ്ട് തിരികെ കാറിലേക്ക് തന്നെ മടങ്ങി. കാറിന്റെ ബൂട്ടില്‍ നിന്നും ജാക്കറ്റ് എടുത്ത് അണിഞ്ഞു കൊണ്ടിരുന്ന ലി മാക്‌സിനെ കടയില്‍ നിന്ന് തന്നെ വംശീയ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞു പിന്‍തുടര്‍ന്ന് എത്തിയ അക്രമി സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. ചെറുത്തു നില്‍പ്പ് സാധ്യമല്ലാത്ത രക്ഷക്കായി മാക്‌ഡോണാള്‍ഡിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച അദ്ദേഹത്തെ ഷര്‍ട്ടിന് പിടിച്ചു നിര്‍ത്തി വീണ്ടും ആക്രമിച്ചു എന്നും മാക്‌ഡോണാള്‍ഡ് മാനേജരുടെ അവസരോചിതമായ ഇടപെടലാണ് തന്റെ ജീവന്‍ രക്ഷിച്ചത് എന്നും ലി മാക്‌സ് പറഞ്ഞു. മാനേജര്‍ അടുത്ത പോലീസ് സ്‌റ്റേഷനിലേക്ക് ഫോണ്‍ ചെയ്ത് ഉച്ചത്തില്‍ സംസാരിക്കുന്നത് ശ്രദ്ധിച്ച അക്രമികള്‍, ഉടന്‍ പോലീസ് എത്തുമെന്ന് മനസ്സിലാക്കി പിന്‍വാങ്ങുകയായിരുന്നുവത്രെ.

ഉടന്‍ തന്നെ സ്ഥലത്ത് എത്തിയ പോലീസിന്റെ ഇടപെടലോടെ, തലയിലും മുഖത്തും മറ്റു ശരീര ഭാഗങ്ങളിലും മുറിവും, ചതവും, പ്രഹരങ്ങള്‍ ഏറ്റതിന്റെ പാടുകളുമായി ലിയേ റോയല്‍ ഹൊബാര്‍ട്ട് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു പരിചരണം നല്‍കി. പിറ്റേന്ന് കാലത്ത് പോലീസ് സ്‌റ്റേഷനില്‍ ഫോട്ടോ എടുക്കുന്നതിനും മറ്റാവശ്യങ്ങള്‍ക്കുമായി എത്തിച്ചേരണം എന്ന് പോലീസ് ആവശ്യപ്പെട്ടത് അനുസരിച്ച് എത്തിയ ലി മാക്‌സിനെ ആരും പരിഗണിക്കുക പോലും ചെയ്തില്ല എന്നു പരാതിയുണ്ട്. പിന്നീട് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ ചെയ്ത് തന്റെ ദുരവസ്ഥ വിവരിച്ചതിനു ശേഷമാണ് അദ്ദേഹത്തെ പരിഗണിച്ചത് എന്നും അദ്ദേഹം പറയുന്നു. ഇന്ത്യക്കാര്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ പോലീസ് അയഞ്ഞ നിലപാടാണ് സ്വീകരിക്കുന്നത് എന്ന് അദ്ദേഹം ആരോപിക്കുന്നു. പോലീസിന്റെ നിലപാട് കുടിയേറ്റ മലയാളികള്‍ക്കിടയില്‍ കടുത്ത ആശങ്ക ഉളവാക്കുന്നു.

ടാസ്മാനിയ പ്രവിശ്യയില്‍ ഇന്ത്യക്കാര്‍ക്ക് നേരെയുള്ള അശ്ലീല പ്രയോഗങ്ങളും, ആക്രമണങ്ങളും സാധാരണമാകുന്നതായി ലി മാക്‌സ് പറയുന്നു. ചെറിയ കുട്ടികള്‍ പോലും ഇതിനു മുതിരുന്നതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. നിരവധി ഡ്രൈവര്‍മാര്‍ അപമാനിക്കപ്പെടുന്നുണ്ട് എങ്കിലും ആരും തന്നെ പരാതിപ്പെടാന്‍ മിനക്കെടാറില്ലത്രേ. ഇക്കഴിഞ്ഞ ദിവസം ഒരു സ്‌കൂള്‍ കുട്ടി കുപ്പിയില്‍ നിന്നും വായില്‍ വെള്ളം നിറച്ച് കാറിന്റെ ഉള്ളില്‍ ഇരുന്ന ലി മാക്‌സിന്റെ മേലേക്ക് തുപ്പിയിട്ട് ‘തിരിച്ചു നിന്റെ രാജ്യത്ത് പോടാ’ എന്ന് ആക്രോശിച്ചുവത്രേ. ഡൊണാള്‍ഡ് ട്രംപ് ഇളക്കി വിട്ട വര്‍ഗ്ഗീയ വിവേചനം ആയിരിക്കും ഈയിടെയായി വര്‍ദ്ധിച്ചു വരുന്ന വംശീയ അധിക്ഷേപങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഉത്തേജനം പകരുന്നത് എന്ന് ലി മാക്‌സ് അഭിപ്രായപ്പെട്ടു.

ബ്രിട്ടീഷ് പൗരത്വം നേടിയതിനു ശേഷം ഓസ്‌ട്രേലിയയ്ക്ക് കുടിയേറുന്നതിനു ശ്രമിച്ചു വരുന്ന നിരവധി യു.കെ മലയാളികളെ സംബന്ധിച്ച് ഇത്തരം സംഭവങ്ങള്‍ കനത്ത തിരിച്ചടിയാണെന്നും വിലയിരുത്തപ്പെടുന്നു

ഓസ്‌ട്രേലിയയില്‍ മലയാളി ടാക്‌സി ഡ്രൈവര്‍ക്ക്‌ നേരെ വംശീയ ആക്രമണം; പരിക്കേറ്റത് കോട്ടയം പുതുപ്പള്ളി സ്വദേശിക്ക്

മെല്‍ബണില്‍ മലയാളി വൈദികനെ അക്രമിച്ചയാള്‍ അറസ്റ്റില്‍

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more