1 GBP = 103.69

ഫീസ് നിശ്ചയിക്കാനുള്ള അധികാരം കൈപ്പിടിയിലാക്കാൻ സ്വാശ്രയ മെഡിക്കൽ കോളേജുകൾ നടത്തിയ ശ്രമം ഹൈക്കോടതി പൊളിച്ചടുക്കി

ഫീസ് നിശ്ചയിക്കാനുള്ള അധികാരം കൈപ്പിടിയിലാക്കാൻ സ്വാശ്രയ മെഡിക്കൽ കോളേജുകൾ നടത്തിയ ശ്രമം ഹൈക്കോടതി പൊളിച്ചടുക്കി

തിരുവനന്തപുരം: ജസ്റ്റിസ് രാജേന്ദ്രബാബുസമിതിയെ നോക്കുകുത്തിയാക്കി, ഫീസ് നിശ്ചയിക്കാനുള്ള അധികാരം കൈപ്പിടിയിലാക്കാൻ സ്വാശ്രയ മെഡിക്കൽ കോളേജുകൾ നടത്തിയ ശ്രമം ഹൈക്കോടതി പൊളിച്ചടുക്കി.
ഫീസ് നിശ്ചയിക്കാനല്ല, ഫീസ് അമിതമാകാതെ നിയന്ത്രിക്കാനും തലവരി ഒഴിവാക്കാനുമാണ് സമിതിക്ക് അധികാരമെന്ന സ്വാശ്രയ ലോബിയുടെ വാദം ഹൈക്കോടതി തള്ളിയത് സർക്കാരിന് ആശ്വാസമായി. അതേസമയം, ബി.പി.എല്ലുകാർക്ക് കുറഞ്ഞ ഫീസിന് കരാറുണ്ടാക്കുന്നതും പത്തംഗസമിതിയിലെ നാലുപേർ ചേർന്ന് ഫീസ് നിശ്ചയിക്കുന്നതും ഹൈക്കോടതി തടഞ്ഞത് സർക്കാരിന് ക്ഷീണവുമായി.

ഫീസ് നിർണയ സമിതിയെ ഇല്ലാതാക്കി ഫീസിൽ സർക്കാരിന്റെ അധികാരം ഇല്ലാതാക്കാനാണ് സ്വാശ്രയലോബി ഹൈക്കോടതിയിൽ ശ്രമിച്ചത്. ഇതിനായി ഇന്റർചർച്ചും സ്വാശ്രയ അസോസിയേഷനും ഒന്നിച്ചു. സമിതിയിൽ ഏറെയും സർക്കാർ പ്രതിനിധികളാണെന്നും, സ്വതന്ത്ര സ്വഭാവം ഉറപ്പാക്കണമെന്ന സുപ്രീംകോടതി ഉത്തരവുകൾ ലംഘിച്ചെന്നും സ്വാശ്രയലോബി വാദിച്ചു. ജംബോ കമ്മിറ്റി പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവുണ്ടായിരിക്കേ, പത്തംഗസമിതിയെ നിയോഗിക്കുകയും ക്വോറംതികയാൻ നാലുപേർ മതിയെന്ന് ചട്ടമുണ്ടാക്കുകയും ചെയ്തു. സ്വാശ്രയ കോളേജുകളുമായി ബന്ധമുള്ളവരെ സമിതിയിൽ അംഗമാക്കരുതെന്ന നിയമം വകവയ്ക്കാതെ, പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രി ഡയറക്ടറായ കൃഷ്‌ണൻ കാരങ്ങാടിനെ അംഗമാക്കിയതും സ്വാശ്രയ ലോബി ചോദ്യംചെയ്തു. കൃഷ്‌ണൻ രാജിവച്ചെങ്കിലും അദ്ദേഹം കൂടി നിശ്ചയിച്ച അഞ്ചുലക്ഷം താത്കാലിക ഫീസ് അസാധുവാണെന്ന് മാനേജ്മെന്റുകൾ വാദിച്ചു.

സമിതിയംഗങ്ങളുടെ എണ്ണംകുറച്ചാൽ എല്ലാവർക്കും ഫീസ്‌നിർണയത്തിൽ പങ്കെടുക്കാമെന്നും നാലുപേരുടെ ക്വോറം ഒഴിവാക്കാമെന്നുമുള്ള ഹൈക്കോടതി നിർദ്ദേശം സർക്കാർ അംഗീകരിക്കുകയാണ്. ഹൈക്കോടതി വി‌മർശിച്ച സാഹചര്യത്തിൽ കമ്മിറ്റി ചെറുതാക്കാൻ നിയമഭേദഗതി കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ കേരളകൗമുദിയോട് പറഞ്ഞു. പ്രവേശന നടപടികളുടെ മേൽനോട്ടത്തിനും ഫീസ് നിയന്ത്രണത്തിനും അഞ്ചംഗങ്ങൾ വീതമുള്ള രണ്ട് കമ്മിറ്റികൾ നേരത്തേ ഉണ്ടായിരുന്നു. ഓർഡിനൻസിൽ പത്തംഗങ്ങളുള്ള ഒരു കമ്മിറ്റിയായി മാറ്റുകയായിരുന്നു.

രാജേന്ദ്രബാബു സമിതി നിശ്ചയിച്ച അഞ്ചുലക്ഷം താത്കാലിക ഫീസ് വകവയ്ക്കാതെ, 11ലക്ഷത്തിന് മൂന്നു കോളേജുകളുമായി സർക്കാർ കരാറുണ്ടാക്കിയത് ക്രോസ്‌ സബ്സിഡിയാണെന്നും കോടതിയലക്ഷ്യമാണെന്നും സ്വാശ്രയലോബി വാദിച്ചു. ബി.പി.എൽ, എസ്.ഇ.ബി.സി വിദ്യാർത്ഥികൾക്ക് 25,000 രൂപ ഫീസിൽ പഠിക്കാൻ മറ്റുള്ളവരിൽനിന്ന് 11ലക്ഷംവരെ വാങ്ങാനുള്ള കരാർ നിയമവിരുദ്ധമാണെന്നാണ് ഹൈക്കോടതി വി‌മർശിച്ചത്.

ഇനാംദാർകേസിലെ ഉത്തരവിലൂടെ സുപ്രീംകോടതി ക്രോസ്‌സബ്സിഡി തടഞ്ഞിട്ടുണ്ട്. എന്നാൽ, നിലനിൽക്കില്ലെന്ന് അറിയാമായിരുന്നിട്ടും ബി.പി.എല്ലുകാർക്ക് കുറഞ്ഞ ഫീസുറപ്പാക്കാൻ ഓർഡിനൻസിലൂടെ നിയമപരമായ വഴി തുറന്നിടുകയാണ് സർക്കാർ ചെയ്തതെന്നും കുട്ടികൾക്ക് പരമാവധി ആനൂകൂല്യം ലഭ്യമാക്കാൻ ഇനിയും ശ്രമിക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

പരിയാരം കരാർ റദ്ദായി, ഫീസ്‌മാറും
ഹൈക്കോടതി ഉത്തരവോടെ പരിയാരത്ത് കുറഞ്ഞഫീസിലുള്ള കരാർ റദ്ദായി. 50ശതമാനം സർക്കാർ സീറ്റുകളിലെ 10 ബി.പി.എല്ലുകാർക്ക് 25,000രൂപയും 13എസ്.ഇ.ബി.സിക്കാർക്ക് 45,000രൂപയും ശേഷിക്കുന്നവർക്ക് രണ്ടരലക്ഷം രൂപയുമാണ് ഫീസ്. 35ശതമാനം മാനേജ്മെന്റ് സീറ്റിൽ 10ലക്ഷവും 15ശതമാനം എൻ.ആർ.ഐയിൽ 14ലക്ഷവുമാണ് ഫീസ്. എൻ.ആർ.ഐ ഒഴികെയുള്ള ഫീസുകൾ ഏകീകരിക്കേണ്ടിവരും. പരിയാരത്തെ ബി.ഡി.എസിന്റെ കരാറും റദ്ദാവും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more