1 GBP = 103.62
breaking news

നന്മ ചെയ്യാന്‍ നാള്‍ വഴി നോക്കണോ? പ്രിന്‍സ് ജോര്‍ജ്ജിന് യുക്മ നാഷണല്‍ കമ്മിറ്റിയുടെ അഭിനന്ദനം

നന്മ ചെയ്യാന്‍ നാള്‍ വഴി നോക്കണോ? പ്രിന്‍സ് ജോര്‍ജ്ജിന് യുക്മ നാഷണല്‍ കമ്മിറ്റിയുടെ അഭിനന്ദനം

ബാല സജീവ് കുമാര്‍

1996 മുതല്‍ വൃക്ക സംബന്ധമായ രോഗങ്ങളോട് മല്ലടിക്കുന്ന രോഗികളെ ശുശ്രൂഷിക്കുന്ന തൊടുപുഴ വെട്ടിക്കാട്ടിലെ പ്രിന്‍സ് ജോര്‍ജ്ജ് യു കെയിലും തിരഞ്ഞെടുത്തത് വൃക്ക രോഗികളെ പരിചരിക്കുവാന്‍ ആയിരുന്നു. 2001 മുതല്‍ യുകെയില്‍ ജോലി ചെയ്തുവരുന്ന അദ്ദേഹം 2010 മുതല്‍ ബെര്‍മിംഗ്ഹാമിലെ ഹാര്‍ട്ട്‌ലാന്‍ഡ്‌സ് ഹോസ്പിറ്റലിലെ ഡയാലിസിസ് വാര്‍ഡിന്റെ മാനേജരാണ്. അവിടെയെത്തുന്ന രോഗികളുടെ ആകുലതകളും, ആശങ്കകളും പലപ്പോഴും മനസ്സിനെ പിടിച്ചു കുലുക്കിയിട്ടുണ്ട് എന്ന് സാക്ഷ്യപ്പെടുത്തുന്ന പ്രിന്‍സ് ഇന്ന് തന്റെ അവസരോചിതമായ പ്രവര്‍ത്തനത്തിലൂടെ, ചിറമേലച്ചന്റെയും, കേരളത്തിലെ നിര്‍ദ്ധനരായ നിരവധി വൃക്ക രോഗികളുടെയും കണ്ണിലുണ്ണിയാകുകയാണ്. 25 ഡയാലിസിസ് മെഷീനുകളും, ഇവക്കെല്ലാം പിന്‍ബലമാകുന്ന ഒരു ആര്‍ ഓ യൂണിറ്റുമാണ് പ്രിന്‍സ് കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യക്കുവേണ്ടി ഹാര്‍ട്ട്‌ലാന്‍ഡ്‌സ് ഹോസ്പിറ്റല്‍ അധികൃതരുമായി സംസാരിച്ച് സൗജന്യമായി നേടിയെടുത്തത്. അദ്ദേഹത്തിന്റെ മഹനീയമായ ഈ ജീവകാരുണ്യ സംരംഭത്തെ യുക്മ നാഷണല്‍ ഭാരവാഹികള്‍ പ്രത്യേകമായി അഭിനന്ദിക്കുകയും എല്ലാവിധ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.

യു കെ യിലെ ഡയാലിസിസ് വാര്‍ഡുകളിലെ മെഷീനുകള്‍ എല്ലാ അഞ്ചുവര്‍ഷം കൂടുമ്പോഴും മാറ്റി നവീകരിക്കുക പതിവാണ്. അപ്രകാരം ഹാര്‍ട്ട്‌ലാന്‍ഡ്‌സ് ഹോസ്പിറ്റലിലും മെഷീനുകളുടെ നവീകരണത്തിനായി ചേര്‍ന്ന ഡയറക്ടേഴ്‌സ് മീറ്റിംഗില്‍ വച്ച് ഡയാലിസിസ് വാര്‍ഡ് മാനേജരായ പ്രിന്‍സ് മാറ്റാന്‍ പോകുന്ന പഴയ മെഷീനുകള്‍ തനിക്ക് ഒരു ചാരിറ്റി സംഘടനക്ക് നല്‍കാനായി തരണമെന്ന് അഭ്യര്‍ത്ഥിക്കുകയും, സാധാരണയായി എന്‍ എച് എസ് വെബ്‌സൈറ്റില്‍ ലേലം ചെയ്തു വില്‍ക്കുന്ന ഇവ, ഒരു ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി സൗജന്യമായി നല്‍കാമെന്ന് സമ്മതിക്കുകയും ആയിരുന്നു.

തുടര്‍ന്ന് പ്രിന്‍സ് കിഡ്‌നിയച്ഛന്‍ എന്ന രഹസ്യ വിളിപ്പേരുള്ള ചിറമേലച്ചനെ ബന്ധപ്പെടുകയും, ഡയാലിസിസ് യൂണിറ്റുകളും ആര്‍ ഓ പ്ലാന്റും കേരളത്തിലേക്ക് അയക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയുമായിരുന്നു. സൗജന്യമായി ലഭിച്ചു എങ്കിലും ഇത്രയും മെഷീനുകള്‍ കേരളത്തിലേക്ക് അയക്കുന്നതിനുള്ള സാമ്പത്തിക ബാദ്ധ്യതകളും, നിയമപരമായ നൂലാമാലകളും പ്രശ്‌നമായി വന്നപ്പോഴും പോംവഴിയുമായി ചിറമേലച്ചന്‍ തന്നെ രംഗത്തെത്തി. യു കെയില്‍ അസ്സിയെയും, സിബിയെയും വിളിക്കാന്‍ അച്ചന്‍ പറഞ്ഞു. എന്നാല്‍ നിശ്ചയദാര്‍ഢ്യമുള്ള പ്രിന്‍സ് ഇതിനോടകം തന്നെ, മലയാളികളും അന്യ രാജ്യക്കാരുമായ സഹപ്രവര്‍ത്തകരോട് തന്റെ ആഗ്രഹം വ്യക്തമാക്കുകയും സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സഹപ്രവര്‍ത്തകര്‍ നിര്‍ലോഭമായ പിന്തുണ വാഗ്ദാനം ചെയ്തു. ഉദാഹരണത്തിന് ‘യൂണിവേഴ്‌സല്‍ വില്ലേജ്’ എന്ന ആശയത്തില്‍ വിശ്വസിക്കുന്ന ഫിലിപ്പിനോ നേഴ്‌സുമാര്‍ അവരുടെ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ പതിനെട്ടാം തീയതി ഞായറാഴ്ച ബാഡ്മിന്റണ്‍ മത്സരം നടത്തി അതിലെ വരുമാനം ഈ ആവശ്യത്തിലേക്ക് നല്‍കുകയാണ്.

കൂടാതെ, യു കെ യിലെ ഇന്ത്യന്‍ വ്യവസായമായ ടാറ്റലാന്‍ഡ് റോവറുമായും പ്രിന്‍സ് ബന്ധപ്പെടുകയും ഭാവിയില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിയുന്ന തരത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയും ചെയ്യുന്നു. പ്രിന്‍സിന്റെ ഒറ്റയാള്‍ പട്ടാളത്തിന്റെ ശ്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടപ്പോള്‍ യുക്മ അംഗമായ ബെര്‍മിംഗ്ഹാമിലെ മലയാളി അസോസിയേഷന്‍ ബി സി എം സിയും മുന്‍ പ്രസിഡണ്ട് ജിമ്മി ജോസഫ് സഹകരണവുമായി രംഗത്തെത്തുകയും, ആവശ്യമായ തുക കണ്ടെത്തുന്നതിനായി ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. കൂട്ടായ പരിശ്രമത്തിലൂടെ മെഷീനുകള്‍ നാട്ടിലെത്തിക്കുന്നതിന് വിവിധ മേഖലകളില്‍ നിന്ന് സഹായം നേടാനും ഇവര്‍ക്ക് സാധിച്ചു.

യുക്മയുടെ ആദ്യ ട്രഷറര്‍ ആയ സിബി തോമസും, മുന്‍ യുക്മ നാഷണല്‍ പ്രസിഡന്റും, യുക്മ ചാരിറ്റി കോര്‍ഡിനേറ്ററുമായ അസ്സി എന്ന് വിളിപ്പേരുള്ള അഡ്വ. ഫ്രാന്‍സീസ് മാത്യു കവളക്കാട്ടിലും ചിറമേലച്ചന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ നിറസാന്നിദ്ധ്യവും, സ്വന്തം വൃക്ക ദാനം ചെയ്തവരുമാണ്. ഇവരെപ്പോലെ തന്നെ കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ സോജി അലക്‌സിനെയും കൂടി ചേര്‍ത്ത് കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ യു കെ ബെനഫാക്ടേഴ്‌സ് ഫോറം തുടങ്ങാനുള്ള ഒരുക്കത്തിലാണ് പ്രിന്‍സ് ജോര്‍ജ്ജ്. ആദ്യ യുക്മ ഫെസ്റ്റ് ഉദ്ഖാടനത്തിനു നോര്‍ത്താംപ്ടണില്‍ വന്ന ചിറമേലച്ചന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും യു കെയില്‍ നിര്‍ലോഭമായ പിന്തുണ നല്‍കുകയും സ്വന്തം ജീവിതം തന്നെ മാതൃകയായി നല്‍കുകയും ചെയ്ത ഇവരുടെ പേര് നിര്‍ദ്ദേശിച്ചതും ചിറമേലച്ചന്‍ തന്നെയാണ്. ഇന്ത്യയിലെ കിഡ്‌നി രോഗികളെ സഹായിക്കാനുള്ള ഒരു പദ്ധതി ഇവരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയിലൂടെ നടപ്പിലാക്കാനാണ് തന്റെ ആഗ്രഹം എന്ന് പ്രിന്‍സ് പറയുന്നു. കേരളത്തില്‍ വിവിധ ഇടങ്ങളിലായി സഞ്ചരിക്കുന്ന ലബോറട്ടറികളും, ചുരുങ്ങിയത് അഞ്ചു പേരുടെയെങ്കിലും വൃക്കമാറ്റിവക്കല്‍ ശസ്ത്രക്രിയക്ക് വേണ്ടുന്ന ചിലവുകളും വഹിക്കുക എന്നതാണ് ഇവരുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ലക്ഷ്യം.
കിഡ്‌നി സംബന്ധമായ രോഗികളുടെ ആശങ്കകള്‍ക്കും, സംശയങ്ങള്‍ക്കും മറുപടി പറയുന്നതിന് യുക്മ റാപ്പിഡ് റെസ്‌പോണ്‍സ് ടീമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധനാണെന്ന് അറിയിച്ച പ്രിന്‍സ്, വൃക്കരോഗ സംബന്ധമായ വിഷയങ്ങളില്‍ പ്രിന്‍സിനെ 07894911627 എന്ന മൊബൈല്‍ നമ്പറില്‍ ആര്‍ക്കും ബന്ധപ്പെടാമെന്നും അറിയിച്ചു.

പ്രിന്‍സിനെ പോലെയുള്ള സാമൂഹിക സ്‌നേഹികളായുള്ള മലയാളികള്‍ നമുക്ക് അഭിമാനമാണെന്നും, പ്രിന്‍സിന്റെ എല്ലാ വിധ പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടായി യുക്മ ഉണ്ടാകുമെന്നും, പ്രിന്‍സിന്റെ പ്രവര്‍ത്തനങ്ങളെ ഹൃദയപൂര്‍വം അഭിനന്ദിക്കുന്നു എന്നും യുക്മ നാഷണല്‍ കമ്മിറ്റിക്കുവേണ്ടി പ്രസിഡണ്ട് മാമ്മന്‍ ഫിലിപ്പ്, സെക്രട്ടറി റോജിമോന്‍ വറുഗീസ്, ട്രഷറര്‍ അലക്‌സ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more