1 GBP = 103.12

കേരളത്തിലെ നേഴ്‌സുമാരുടെ സമരത്തിന് യുക്മ നേഴ്‌സസ് ഫോറത്തിന്റെ ഐക്യദാര്‍ഢ്യ പ്രഖ്യാപനം മാത്രം പോരാ പ്രിന്‍സ് ജോര്‍ജ്ജ്

കേരളത്തിലെ നേഴ്‌സുമാരുടെ സമരത്തിന് യുക്മ നേഴ്‌സസ് ഫോറത്തിന്റെ ഐക്യദാര്‍ഢ്യ പ്രഖ്യാപനം മാത്രം പോരാ പ്രിന്‍സ് ജോര്‍ജ്ജ്

കഴിഞ്ഞ നാലാഴ്ചകളില്‍ ഏറെയായി അവകാശ സംരക്ഷണത്തിനും തൊഴില്‍ രംഗത്തെ ചൂഷണത്തിനെതിരായും, സ്വകാര്യ ആശുപത്രി മാനേജുമെന്റുകളോടും, കേരളം സര്‍ക്കാരിനോടും സമരം ചെയ്യുന്ന നേഴ്‌സുമാരായ സഹോദരങ്ങള്‍ക്ക് യുക്മ നേഴ്‌സസ് ഫോറം സമരത്തിന് എല്ലാവിധ പിന്തുണയും, ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചതും ഇപെറ്റിഷന്‍ തുടങ്ങിവച്ചതും ഒരു നല്ല കാര്യം തന്നെയാണ്. ഗവണ്മെന്റും, സ്വകാര്യ മാനേജുമെന്റുകളുമായി നിരവധി ചര്‍ച്ചകള്‍ നടക്കുകയും, അവയൊന്നും തന്നെ കേരളത്തിന്റെ സാമ്പത്തിക ഭദ്രതയുടെ ആണിക്കല്ലായ നേഴ്‌സുമാരുടെ പ്രശ്‌നങ്ങളെ തിരിച്ചറിഞ്ഞു സഹായിക്കാന്‍ പര്യാപ്തമാവാതെ വരികയും ചെയ്യുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ സമരമാര്‍ഗ്ഗങ്ങള്‍ തുടരുവാനുള്ള നേഴ്‌സുമാരുടെ തീരുമാനത്തെ പിന്തുണക്കുന്നു. ഇന്ത്യയില്‍ നേഴ്‌സിംഗ് പഠിച്ച്, ഇന്ത്യയില്‍ തന്നെ ആദ്യകാലങ്ങളില്‍ ജോലി ചെയ്തതുകൊണ്ട്, നേഴ്‌സിംഗ് പഠനത്തിനായി ഈടാക്കുന്ന ഫീസുകളും, ലെവികളും, സംഭാവനകളും എനിക്ക് നന്നായറിയാം. പഠിച്ചിറങ്ങിയാല്‍, എക്‌സ്പീരിയന്‍സിന് വേണ്ടി എന്ന ഓമനപ്പേരില്‍ നിര്‍ബന്ധിത ബോണ്ട് നാമമാത്രമായ ശമ്പളത്തില്‍ ചെയ്യേണ്ടിവരുന്ന അവസ്ഥയും, അതിനുശേഷം ജോലി തേടുമ്പോഴും ചെയ്യുമ്പോഴും, ഉള്ള അവഗണനയും, അവജ്ഞയും, നേരിട്ടനുഭവിച്ചിട്ടുള്ളവരാണ് ഇന്ന് വിദേശരാജ്യങ്ങളിലെത്തി ജോലി നേടി സാമ്പത്തികഭദ്രത നേടിയ നേഴ്‌സിംഗ് സമൂഹം.

യു കെയില്‍ അച്ചടക്കത്തോടെ ക്ലിപ്തമായ മണിക്കൂറുകള്‍ മാത്രം ചെയ്യേണ്ടിവരുന്ന ഷിഫ്റ്റുകള്‍ക്ക് മാന്യമായ വേതനം വാങ്ങുന്ന നേഴ്‌സുമാര്‍ക്ക്, നാട്ടില്‍ മിതമായ വേതനത്തിന് വേണ്ടി ദീര്‍ഘമായ മണിക്കൂറുകള്‍ ജോലി ചെയ്യേണ്ടി വരുന്ന നമ്മുടെ സഹോദരങ്ങളുടെ വേദന മനസ്സിലാകും എന്ന് വിശ്വസിക്കുന്നു. ഒരുകാലത്ത്, നമ്മളെപ്പോലെ വിദേശരാജ്യങ്ങളിലേക്ക് ചേക്കേറി സാമ്പത്തിക ഭദ്രത കൈവരിക്കാം എന്ന പ്രതീക്ഷയാണ് ഈ പീഢനങ്ങളെല്ലാം ഏറ്റുവാങ്ങി നേഴ്‌സിംഗ് ജോലിയില്‍ തുടരാന്‍ നമ്മുടെ നേഴ്‌സുമാരെ പ്രേരിപ്പിക്കുന്നത്. എന്നാല്‍, ഇന്ന് ഐ ഇ എല്‍ ടി എസ് പോലുള്ള പ്രവേശന പരീക്ഷകളും, ലോകവിപണിയിലെ തൊഴില്‍ സാദ്ധ്യതയിലെ കുറവുകളും, കേരളത്തിലെ നേഴ്‌സുമാരുടെ വിദേശസ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍, നാട്ടില്‍ തന്നെ മാന്യമായ വേതനം ലഭിക്കുന്നതിന് നേഴ്‌സുമാര്‍ ചെയ്യുന്ന ഈ സമരത്തെ നാം പ്രവാസി നേഴ്‌സുമാര്‍ ഏറ്റെടുക്കണം. തൊഴിലിന് അര്‍ഹിക്കുന്ന മാന്യതയും, ന്യായമായ വേതനവും മറ്റാനുകൂല്യങ്ങളും നേടിയെടുക്കുന്നതുവരെ നമ്മുടെ സഹോദരങ്ങള്‍ തുടരേണ്ട ഇപ്പോഴത്തെ സമരത്തിന് പൂര്‍ണ്ണമായ പിന്തുണ പ്രവാസി നേഴ്‌സുമാരും, നേഴ്‌സിംഗ് സംഘടനകളും, നേഴ്‌സിംഗ് ഏജന്‍സികളും, മറ്റു സംഘടനകളും ഒറ്റക്കെട്ടായി നല്‍കണം.

ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുക്മയും, യുക്മ നേഴ്‌സസ് ഫോറവും സമരത്തെ അനുകൂലിച്ചു പ്രസ്താവന ഇറക്കുകയും ഇപെറ്റിഷന്‍ തുടങ്ങുകയും ചെയ്ത കാര്യം നേരത്തെ സൂചിപ്പിച്ചുവല്ലോ. എന്നാല്‍, ഇതിനേക്കാളുപരിയായി ശമ്പളമില്ലാതെ, ജോലി ബഹിഷ്‌കരിച്ച് സമരത്തിനിറങ്ങുന്ന നേഴ്‌സ് സഹോദരങ്ങളുടെ സാമ്പത്തികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്ന ചെറിയ സഹായങ്ങള്‍ ചെയ്യാന്‍ യുക്മയും, യുക്മ നേഴ്‌സസ് ഫോറവും മുമ്പോട്ട് വരണം എന്നാണ് എന്റെ ആഗ്രഹം. ഓരോ ദിവസവും, സെക്രട്ടറിയേറ്റ് ഉപരോധത്തിനോ, അതുപോലുള്ള സമരങ്ങള്‍ക്കോ ഇറങ്ങുന്ന സഹോദരങ്ങള്‍ക്ക് ഒരു പൊതി ചോറെങ്കിലും കൊടുത്ത് നമ്മുടെ പിന്തുണ അറിയിക്കാനും, ഇപ്പോഴത്തെ ഈ ആവേശത്തിന്റെ കൈത്തിരി അണയാതെ സൂക്ഷിക്കാനും നമുക്ക് കഴിയണം. നമ്മുടെ പിറന്ന നാടിന്റെ സാമ്പത്തികാടിത്തറക്കും, വികസനങ്ങള്‍ക്കും പ്രവാസി സമൂഹം ചെയ്ത നിസ്തുലമായ സംഭാവന നേഴ്‌സിംഗ് എന്ന വിദ്യാഭ്യാസ യോഗ്യത കൊണ്ട് നേടിയതാണ് എന്ന് സര്‍ക്കാരും, മാനേജ്‌മെന്റുകളും സൗകര്യപൂര്‍വം മറന്നാലും, നേഴ്‌സിംഗ് രംഗത്ത് ഇപ്പോഴുള്ളവരുടെയും, പുതുതായി കടന്നു വരുന്നവരുടെയും ആത്മവീര്യം ചോര്‍ന്നുപോകാതിരിക്കുവാനും, നേഴ്‌സിംഗ് പ്രൊഫഷന്റെ മാന്യത നിലനിര്‍ത്തുവാനും നമുക്ക് ഈ സമരത്തെ ഒന്നു ചേര്‍ന്ന് പിന്തുണക്കാം. സാമ്പത്തികമായും, അല്ലാതെയും സഹായിക്കാം. യുക്മയെയും, യുക്മ നേഴ്‌സസ് ഫോറത്തെയും, ലോകത്തിലെ മറ്റ് പ്രവാസി സമൂഹങ്ങളെയും, സംഘടനകളെയും ഈ ഉദ്യമത്തില്‍ കൂട്ടുചേരുവാനായി ക്ഷണിക്കുന്നു.

NB: പ്രിന്‍സ് ജോര്‍ജ്ജ് യു കെയില്‍ ബെര്‍മിംഗ്ഹാമിലെ ഹാര്‍ട്ട്‌ലാന്‍ഡ്‌സ് ഹോസ്പിറ്റലിലെ ഡയാലിസിസ് വാര്‍ഡ് മാനേജരാണ്. തൊടുപുഴ സ്വദേശിയായ പ്രിന്‍സ് 2001 മുതല്‍ യു കെ യില്‍ ജോലി നോക്കി വരുന്നു. ഈയടുത്ത് അദ്ദേഹത്തിന്റെ ഹോസ്പിറ്റലില്‍ നിന്നും മാനേജ്‌മെന്റുമായി സംസാരിച്ച് 25 ഡയാലിസിസ് മെഷീനുകളും, ഒരു ആര്‍ ഓ പ്ലാന്റും സൗജന്യമായി നേടി ചിറമേലച്ചന്റെ നേതൃത്വത്തിലുള്ള കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യക്ക് കേരളത്തില്‍ എത്തിച്ചു കൊടുക്കുന്നത് ഇദ്ദേഹമാണ്. ഇത് എത്തിച്ച് കൊടുക്കുന്നതിനുള്ള തുകയും, കൂടാതെ ഏതാനും വൃക്ക രോഗികളുടെ ചികിത്സക്ക് ആവശ്യമായ തുകയും സ്വരൂപിച്ചു കഴിഞ്ഞു. ഇത് കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയു കെ ബെനഫാക്ടേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ആഗസ്ത് മാസം ചിറമേലച്ചന് കൈമാറും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more