1 GBP = 103.12

റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ‘പ്രീസ്റ്റ് ഗ്രാന്റ് കോണ്‍ഫറന്‍സ് ‘ ജുലൈ 30 മുതല്‍. മാര്‍ ആലഞ്ചേരിയും ക്‌ളീമീസ് പിതാവും പങ്കെടുക്കും … യുകെയില്‍ നിന്നും മാര്‍ സ്രാമ്പിക്കലും ഫാ സോജി ഓലിക്കലും….

റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ‘പ്രീസ്റ്റ് ഗ്രാന്റ് കോണ്‍ഫറന്‍സ് ‘ ജുലൈ 30 മുതല്‍. മാര്‍ ആലഞ്ചേരിയും ക്‌ളീമീസ് പിതാവും പങ്കെടുക്കും … യുകെയില്‍ നിന്നും മാര്‍ സ്രാമ്പിക്കലും ഫാ സോജി ഓലിക്കലും….

ബാബു ജോസഫ്

പാലക്കാട്: സഭയെ വളര്‍ത്താന്‍ സഭയ്‌ക്കൊപ്പം നിലകൊണ്ട് ലോകസുവിശേഷവത്കരണരംഗത്ത് പ്രകടമായ അത്ഭുത അടയാളങ്ങളിലൂടെ അനേകരെ വിശ്വാസ ജീവിതത്തിലേക്ക് നയിക്കുവാന്‍ ദൈവം ഉപകരണമാക്കിയ കാലഘട്ടത്തിന്റെ വചനപ്രഘോഷകന്‍ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിനും അദ്ദേഹം സ്ഥാപക ഡയറക്ടറായിട്ടുള്ളതും, ഇന്ന് ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നതുമായ, സെഹിയോന്‍ മിനിസ്ട്രിക്കും അഭിഷേക നിറവും അനുഗ്രഹ സാഫല്യവുമേകി കൊണ്ട് സഭാ പിതാക്കന്മാരടക്കം ആയിരത്തിലേറെ ദൈവിക പ്രതിപുരുഷന്മാരുടെ മഹാസംഗമം ജുലൈ 30 മുതല്‍ ആഗസ്റ്റ് 4 വരെ അട്ടപ്പാടി താവളം സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ നടക്കുന്നു.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ ബസേലിയസ് മാര്‍ ക്ളീമീസ്, ബിഷപ്പ് മാര്‍ വര്‍ഗീസ് ചക്കാലയ്ക്കല്‍ , ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്, ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ബിഷപ്പ് സാമുവേല്‍ മാര്‍ ഐറേനിയസ്, ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, തുടങ്ങി നിരവധി മെത്രാന്‍മാരും സെഹിയോനില്‍ ധ്യാനം കൂടിയ വൈദികരുടെ ഈ മഹാസംഗമത്തില്‍ പങ്കെടുക്കും.

റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ വൈദിക മഹാ സംഗമം നയിക്കും. പോട്ട ഡിവൈന്‍ ധ്യാനകേന്ദ്രം സ്ഥാപക ഡയറക്ടറും കരിസ്മാറ്റിക് നവോത്ഥാന ശില്പിയുമായ റവ ഫാ മാത്യു നായ്ക്കംപറമ്പില്‍, അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ റവ ഫാ ബിനോയ് കരിമരുതുംകല്‍, സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ റവ. ഫാ. സോജി ഓലിക്കല്‍, സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ റവ. ഫാ. റെനി പുല്ലുകാലായില്‍, ശാലോം മാധ്യമ ശുശ്രൂഷകളുടെ ചീഫ് എഡിറ്റര്‍ ബ്രദര്‍ ബെന്നി പുന്നത്തറ എന്നിവരും വിവിധ ശുശ്രൂഷകള്‍ നയിക്കും.

ഭാരത കത്തോലിക്കാ സഭയിലെ ആയിരത്തിലേറെ വൈദികരും പിതാക്കന്മാരും ഒരുമിക്കുന്ന സംഗമത്തിനായുള്ള ഒരുക്കങ്ങള്‍ സെഹിയോനില്‍ നടന്നു വരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള അനേകര്‍ ഈ വൈദിക മഹാ സംഗമത്തിനായി പ്രാര്‍ത്ഥിക്കുന്നു. സെഹിയോന്‍ ധ്യാനകേന്ദ്രത്തെയും അതിന്റെ ശുശ്രൂഷകളെയും സംബന്ധിച്ചിടത്തോളം ദൈവികപരിപാലനത്തിന്റെ ഏറ്റവും മഹത്തായ നാളുകളാവും വൈദിക മഹാസംഗമത്തിന്റെ ദിനങ്ങള്‍.

മഹത്തായ ദൈവിക പദ്ധതിയുടെയും അനുഗ്രഹത്തിന്റെയും ഫലമായിക്കണ്ട് നടത്തപ്പെടുന്ന ഈ വൈദിക മഹാ സംഗമത്തിന്റെ ആത്മീയവിജയത്തിനായി സെഹിയോന്‍ കുടുംബം ഏവരുടെയും പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്നു ..

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more