1 GBP = 103.33

വിശ്വഹിന്ദു പരിഷത്തിന് ബദൽ സംഘടനയുമായി പ്രവീൺ തൊഗാഡിയ

വിശ്വഹിന്ദു പരിഷത്തിന് ബദൽ സംഘടനയുമായി പ്രവീൺ തൊഗാഡിയ

ന്യൂഡൽഹി: വിശ്വഹിന്ദു പരിഷത്തിനു ബദലുമായി വി എച്ച് പി അന്താരാഷ്ട്ര മുൻ പ്രസിഡന്‍റ് പ്രവീൺ തൊഗാഡിയ. അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (എ എച്ച് പി) എന്നാണ് പുതിയ സംഘടനയുടെ പേര്. ഞായറാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിലാണ് എ എച്ച് പിയുടെ രൂപീകരണം അദ്ദേഹം പ്രഖ്യാപിച്ചത്. തൊഗാഡിയ തന്നെയാണ് പുതിയ സംഘടനയുടെയും അധ്യക്ഷൻ. ചെന്നൈയിൽ നിന്നുള്ള എസ് വേദാന്തം ആയിരിക്കും സംഘടനയുടെ വർക്കിങ് പ്രസിഡന്‍റ്. വിശ്വ ഹിന്ദു പരിഷത്തിന്‍റെ അന്താരാഷ്ട്ര വർക്കിങ് പ്രസിഡന്‍റ് ആയിരുന്ന തൊഗാഡിയ കലഹത്തെ തുടർന്ന് ഏപ്രിലിലാണ് വി എച്ച് പിയിൽ നിന്ന് പുറത്തുപോകുന്നത്.

രാജ്യത്തെ അഞ്ഞൂറിലേറെ ജില്ലകളിൽ എ എച്ച് പി യൂണിറ്റുകൾക്ക് രൂപം കൊടുത്തു കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. ‘ഹിന്ദു ആദ്യം’ എന്നാണ് എ എച്ച് പിയുടെ മുദ്രാവാക്യം. രാഷ്ട്രീയ ബജ്‍‍രംഗ്‍‍ദൾ, രാഷ്ട്രീയ കിസാൻ പരിഷത്ത്, രാഷ്ട്രീയ മഹിള പരിഷത്ത്, ഓജസ്വിനി (യുവതികൾക്കായി), രാഷ്ട്രീയ ഛത്ര പരിഷത്ത് എന്നിങ്ങനെയുള്ള അനുബന്ധസംഘടനകളും എ എച്ച് പിയുടെ കീഴിൽ വരും. ഹിന്ദു ഹെൽപ് ലൈൻ, ഇന്ത്യ ഹെൽത്ത് ലൈൻ, ഹിന്ദു അഭിഭാഷക ഫോറം, സാമ്പത്തിക വികസന ഫോറം എന്നിവയ്ക്ക് രൂപം കൊടുക്കുമെന്നും തൊഗാഡിയ പറഞ്ഞു.

ഹിന്ദു ആദ്യം എന്നതായിരിക്കും എ എച്ച് പിയുടെ ലക്ഷ്യം. ഹിന്ദുക്കളുടെ സുരക്ഷയ്ക്കും ശ്രേയസ്സിനും ആത്മാഭിമാനത്തിനും വേണ്ടി ഇത് പ്രവർത്തിക്കും. എല്ലാ ജാതിയിലും ഭാഷയിലും സംസ്ഥാനങ്ങളിലും വിഭാഗങ്ങളിലും ഉൾപ്പെട്ടവരുടെ അവകാശങ്ങൾക്കു വേണ്ടിയും എ എച്ച് പി പ്രവർത്തിക്കും. നാനാതുറകളിൽപ്പെട്ട ആളുകളുടെ ജനാധിപത്യ ശബ്ദമായിരിക്കും എ എച്ച് പി എന്നും പ്രവീൺ തൊഗാഡിയ ഡൽഹിയിൽ നടന്ന ചടങ്ങിൽ പറഞ്ഞു. കാശിയി, മഥുര, രാമജന്മഭൂമി എന്നിവിടങ്ങളിൽ ഹിന്ദുക്കൾക്ക് ഭരണം നൽകുക, ഗോവധത്തിനെതിരെ നിയമം കൊണ്ടുവരിക, ഏകീകൃത സിവിൽ കോഡ്, ആർട്ടിക്കിൾ 370 കശ്മീരിൽ റദ്ദു ചെയ്യുക, റോഹിങ്ക്യൻ അഭയാർത്ഥികളെയും ബംഗ്ലാദേശികളെയും നാടു കടത്തുക, മുസ്ലിങ്ങളുടെ ന്യൂനപക്ഷ പദവി എടുത്തുകളയുക എന്നീ ആവശ്യങ്ങൾ നേടിയെടുക്കാൻ പോരാടുമെന്നും തൊഗാഡിയ അറിയിച്ചു.

ഡൽഹി ആയിരുക്കും എ എച്ച് പിയുടെ ആസ്ഥാനം. ജൂൺ 26ന് ലഖ്‍‍നൗവിൽ നിന്ന് അയോധ്യയിലേക്ക് എ എച്ച് പി വാഹനമാർച്ച് സംഘടിപ്പിക്കും. വൈകുന്നേരം മൂന്നുമണിക്ക് അയോധ്യയിൽ മാർച്ച് എത്തിയതിനു ശേഷം രാമ ജന്മഭൂമിയിലെ അമ്പലങ്ങൾക്ക് പ്രത്യേക നിയമത്തിനായി ഒപ്പുശേഖരണം സംഘടിപ്പിക്കും. ഒക്ടോബർ 24നും 31നും ഇടയിൽ 10 കോടി ഒപ്പുകൾ ശേഖരിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more