1 GBP = 103.70

1,765 എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമെതിരെ 3,816 ക്രിമിനല്‍ കേസുകള്‍; രണ്ടാം സ്ഥാനത്ത് കേരളം

1,765 എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമെതിരെ 3,816 ക്രിമിനല്‍ കേസുകള്‍; രണ്ടാം സ്ഥാനത്ത് കേരളം

ന്യുഡല്‍ഹി: രാജ്യത്ത് ക്രിമിനല്‍ കേസുകള്‍ നേരിടുന്ന എം.പിമാരുടെയും എം.എല്‍.എമാരുടെയും എണ്ണം 1,765. ഇവര്‍ക്കെതിരെ 3,816 കേസുകളാണ് വിവിധ സംസ്ഥാനങ്ങളില്‍ നിലവിലുള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഈ കേസുകളില്‍ 3,045 എണ്ണം ഇപ്പോഴും തീര്‍പ്പുണ്ടാകാതെ കിടക്കുകയാണ്. 23 ഹൈക്കോടതികളില്‍ നിന്നും ഏഴ് നിയമസഭകളില്‍ നിന്നും 11 സര്‍ക്കാരുകളില്‍ നിന്നുമാണ് ഈ വിവരം ലഭിച്ചിരിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.

ക്രിമിനലുകളായ ജനപ്രതിനിധികളില്‍ മുന്നിലുള്ള സംസ്ഥാനം ഉത്തര്‍പ്രദേശ് ആണ്. ഇവിടെ 248 എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമെതിരെ 565 കേസുകളാണ് നിലവിലുള്ളത്. രണ്ടാം സ്ഥാനത്ത് കേരളമാണ്. ഇവിടെ 114 ജനപ്രതിനിധികള്‍ക്കെതിരെ 533 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യു.പിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ തീര്‍പ്പുണ്ടാകാതെ കെട്ടക്കിടക്കുന്നത്. 539 എണ്ണം. കേരളത്തില്‍ 373 എണ്ണമുണ്ട്.

മൂന്നാം സ്ഥാനത്ത് തമിഴ്‌നാടാണ്. ഇവിടെ 178 എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമെതിരെ 402 കേസുകളാണുള്ളത്. ഇവയില്‍ 324 എണ്ണം തീര്‍പ്പുണ്ടാകാതെ കിടക്കുന്നു. ബിഹാറില്‍ 144 പേര്‍ക്കെതിരെ 306 കേസുകള്‍, ബംഗാളില്‍ 139 പേര്‍ക്കെതിരെ 303 കേസുകള്‍, ആന്ധ്രാപ്രദേശില്‍ 132 പേര്‍ക്കെതിരെ 140 കേസുകള്‍, ഡല്‍ഹിയില്‍ 84 പേര്‍ക്കെതിരെ 118 കേസുകള്‍, കര്‍ണാടകയില്‍ 82 പേര്‍ക്കെതിരെ 137 കേസുകള്‍ എന്നിങ്ങനെയാണ് പട്ടിക. എന്നാല്‍ മണിപ്പുര്‍, മിസോറാം സംസ്ഥാനങ്ങളില്‍ നിന്ന് ആരും പ്രതിപ്പട്ടികയില്‍ കയറിപ്പറ്റിയിട്ടില്ല.

അതേസമയം, ബോംബെ ഹൈക്കോടതിയും മഹാരാഷ്ട്ര, ഗോവ സര്‍ക്കാരുകളും നോട്ടീസില്‍ മറുപടി നല്‍കിയിട്ടില്ലെന്നും കേന്ദ്ര നിയമമന്ത്രാലയം കോടതിയെ അറിയിച്ചു. ക്രിമിനല്‍ കേസുകളില്‍ പെടുന്ന രാഷ്ട്രീയക്കാരെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് 2017 നവംബര്‍ ഒന്നിന് കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയത്. ജനപ്രതിനിധികള്‍ക്കെതിരായ കേസുകളില്‍ പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് കേസുകളുടെ വിവരം തേടിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more