1 GBP = 103.54
breaking news

80 ലക്ഷം രൂപയുടെ തട്ടിപ്പ്; ജയലളിതയുടെ സഹോദരിപുത്രി ദീപക്കെതിരെ കേസെടുത്തു

80 ലക്ഷം രൂപയുടെ തട്ടിപ്പ്; ജയലളിതയുടെ സഹോദരിപുത്രി ദീപക്കെതിരെ കേസെടുത്തു

ചെന്നൈ: ജയലളിതയുടെ സഹോദരപുത്രി ദീപയ്ക്കെതിരേ 80 ലക്ഷം രൂപയുടെ തട്ടിപ്പ് കേസ്. ഇഞ്ചമ്പാക്കത്തുള്ള വ്യവസായിയായ രാമചന്ദ്രന്റെ പരാതിയെത്തുടര്‍ന്നാണ് ചെന്നൈ സിറ്റി പൊലീസ് ദീപക്കെതിരെ കേസെടുത്തത്.

ജയയുടെ മരണത്തെത്തുടര്‍ന്ന് രാഷ്ട്രീയത്തിലിറങ്ങിയ ദീപ മന്ത്രിയാക്കാമെന്ന് വാഗ്ദാനംചെയ്ത് പണം തട്ടിയെന്നാണ് പരാതി. ഒരുതവണ 50 ലക്ഷം രൂപയും പിന്നീട് ബാക്കി തുക പലതവണകളായും വാങ്ങിയെന്നും പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും രാമചന്ദ്രന്‍ പരാതിയില്‍ പറയുന്നു.

എം.ജി.ആര്‍ അമ്മ ദീപ പേരവൈ സംഘടനയുണ്ടാക്കി രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച ദീപ ആര്‍.കെ. നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ഒപ്പം നല്‍കേണ്ട സത്യവാങ്മൂലം അപൂര്‍ണമാണെന്ന് ചൂണ്ടിക്കാട്ടി പത്രിക വരണാധികാരി തള്ളി. പിന്നീട് പൊതുരംഗത്ത് അത്ര സജീവമല്ലാതിരുന്ന ദീപ തനിക്കെതിരേ ശശികലയുടെയും ദിനകരന്റെയും ഭാഗത്തുനിന്ന് ഭീഷണിയുണ്ടെന്നാരോപിച്ച് വീണ്ടും രംഗത്തുവന്നു.

പുതിയ പാര്‍ട്ടിയുടെ കാഞ്ചീപുരം ജില്ലാ സെക്രട്ടറിയായി നിയമിക്കാമെന്നും പിന്നീട് മന്ത്രിയാക്കാമെന്നും ദീപ വാഗ്ദാനം ചെയ്തതായി രാമചന്ദ്രന്‍ പരാതിയില്‍ ആരോപിച്ചു. ദീപയും ഭര്‍ത്താവ് മാധവനും ഡ്രൈവര്‍ രാജയും ചേര്‍ന്നാണ് പണം തട്ടിയതെന്നും ഇയാള്‍ ആരോപിക്കുന്നു. ഡ്രൈവര്‍ രാജയുടെ സാന്നിധ്യത്തിലാണ് താന്‍ 50 ലക്ഷം രൂപ കൈമാറിയതെന്നും രാമചന്ദ്രന്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more