1 GBP = 104.08

മന്ത്രിസഭാ പുനഃസംഘടനക്ക് ഒരുങ്ങി സിപിഎം; സ്പീക്കർ പി ശ്രീരാമകൃഷ്ണന് മന്ത്രിസ്ഥാനം പരിഗണനയിൽ

മന്ത്രിസഭാ പുനഃസംഘടനക്ക് ഒരുങ്ങി സിപിഎം; സ്പീക്കർ പി ശ്രീരാമകൃഷ്ണന് മന്ത്രിസ്ഥാനം പരിഗണനയിൽ

തിരുവനന്തപുരം: മുഖം മിനുക്കാന്‍ മന്ത്രിസഭാ പുനഃസംഘടനയ്‌ക്ക് ഒരുങ്ങി സിപിഎം. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മന്ത്രിസഭാ പുനസംഘടന നടത്താനാണ് ആലോചന. ഇ.പി.ജയരാജന്‍ മന്ത്രിസഭയിലേക്ക് തിരിച്ച് എത്തിയേക്കും. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെയും പരിഗണിക്കും. മറ്റു മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടായേക്കും.

ഇടയ്ക്കുള്ള മന്ത്രിസഭാ പുനസംഘടന സിപിഎം രീതിയല്ലെങ്കിലും സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ പുനസംഘടന സഹായിക്കുമെന്ന വിലയിരുത്തലിലാണ് സിപിഎം. ചില പ്രധാന വകുപ്പുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടേണ്ടതുണ്ടെന്നും പാര്‍ട്ടി വിലയിരുത്തുന്നു. കഴിഞ്ഞ മാസം അവസാനം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും പുനസംഘടന വേണമെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നു.

ഈ മാസം 19ന് സംസ്ഥാന സെക്രട്ടേറിയറ്റും 20, 21 തീയതികളില്‍ സംസ്ഥാന സമിതിയും ചേരുന്നുണ്ട്. ഈ യോഗങ്ങളില്‍ പുനസംഘടന ചര്‍ച്ചയായേക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് പുനസംഘടന മതിയെന്നായിരുന്നു മുന്‍ ധാരണ. എന്നാല്‍ അത്രയും വൈകിക്കേണ്ടെന്ന അഭിപ്രായവുമുണ്ട്. ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ഇ.പി.ജയരാജന്‍ മന്ത്രിസഭയിലേക്ക് മടങ്ങിയെത്തും. വ്യവസായ വകുപ്പിന്റെ പ്രവര്‍ത്തനം ഇനിയും മെച്ചപ്പെടണമെന്നാണ് പാര്‍ട്ടി വിലിയിരുത്തല്‍. അങ്ങനെയെങ്കില്‍ പഴയ വകുപ്പ് ജയരാജന് തിരിച്ചു നല്‍കും.

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനു മന്ത്രിപദം നല്‍കി സ്പീക്കര്‍ സ്ഥാനത്തേക്ക് മറ്റൊരാള്‍ വരും. രാജു എബ്രഹാം, പി.സുരേഷ്‌കുറുപ്പ് എന്നിവര്‍ക്കാണ് സാധ്യത. തദ്ദേശവകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ വ്യാപക അതൃപ്തിയാണ് സിപിഎമ്മിനുള്ളത്. കെ.ടി. ജലീലിനെ ഒഴിവാക്കുകയോ വേറെ വകുപ്പ് നല്‍കുകയോ ചെയ്യണമെന്ന ആവശ്യവും ശക്തമാണ്. ജലീലിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കാനും ആലോചനയുണ്ട്.

മോശം ഭരണത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം ഒഴിയേണ്ടിവരുമെന്ന ഭീഷണി, ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് നിപയോടെ ഒഴിവായി. അനാരോഗ്യത്തിന്റെ പേരില്‍ ടിപി രാമകൃഷ്ണനെ മാറ്റാനും ആലോചനയുണ്ട്. എന്നാല്‍ നല്ലരീതിയില്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന അദ്ദേഹത്തെ നിലനിര്‍ത്തണമെനന്ന അഭിപ്രായവും ശക്തമാണ്. വിദ്യാഭ്യാസവകുപ്പിന്റെ പ്രവര്‍ത്തനത്തിലും അതൃപ്തി ശക്തമാണ്. എന്നാല്‍ പ്രൊഫ.സി.രവീന്ദ്രനാഥിനെ ഒഴിവാക്കില്ല.
ധനവകുപ്പ് അദ്ദേഹത്തിനു നല്‍കി തോമസ് ഐസക്കിനെ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്ന അഭിപ്രായമുള്ളവരുമുണ്ട്. എന്നാല്‍ ഐസക്കിന് ഇതിനോട് താത്പര്യമില്ലെന്നറിയുന്നു. ഒന്നിലധികം പ്രധാന വകുപ്പുകള്‍ കൈവശം വച്ചിരിക്കുന്ന മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more