1 GBP = 103.14

ഫിലിപ്പൈൻസിന്റെ നിലപാട് പാരയായി, പ്രശ്‌നം പരിഹരിക്കാൻ കുവൈത്ത്

ഫിലിപ്പൈൻസിന്റെ നിലപാട് പാരയായി, പ്രശ്‌നം പരിഹരിക്കാൻ കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലി ചെയ്യുന്ന ഫിലിപ്പിനോകളെ സ്വദേശത്തേക്ക് തിരിച്ച് വിളിച്ച നടപടി ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കുവൈത്ത് സർക്കാർ പ്രശ്‌നപരിഹാരത്തിന് ഒരുങ്ങുന്നു. ഒന്നോ രണ്ടോ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിലുണ്ടായ തെറ്റിദ്ധാരണയുടെ പുറത്താണ് ഇപ്പോഴത്തെ പ്രതിസന്ധിയുണ്ടായതെന്നും പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുമെന്നും വിദേശകാര്യ സഹമന്ത്രി നാസർ അൽ സുബൈഹ് വ്യക്തമാക്കി. ഫിലിപ്പൈൻസ് ഉന്നയിച്ച വിഷയം ഗൗരവമായി തന്നെ എടുക്കുന്നു. എന്നാൽ എന്തെങ്കിലും പ്രശ്‌നങ്ങളുടെ പേരിൽ ഫിലിപ്പിനോകളെ മുഴുവൻ തിരിച്ച് വിളിക്കുന്നത് ശരിയല്ല. പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു വർഷത്തോളമായി സ്വദേശിയുടെ വീട്ടിലെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ഫിലിപിനോ വീട്ടുജോലിക്കാരിയുടെ മൃതദേഹം ഫെബ്രുവരിയിൽ കണ്ടെത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലെ പ്രശ്‌നങ്ങൾ തുടങ്ങുന്നത്. തുടർന്ന് കുവൈത്തിലേക്കുള്ള വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റ് ഫിലിപ്പൈൻസ് താത്കാലികമായി നിറുത്തിവച്ചു. ഇതിന് പിന്നാലെ ഫിലിപ്പൈൻസ് സ്വദേശികളായ വീട്ടുജോലിക്കാരെ നയതന്ത്രകാര്യാലയത്തിലെ വാനിൽ രക്ഷപ്പെടുത്തുന്ന വീഡിയോ പുറത്ത് വന്നു. ഇതിനിടെ പ്രസിഡന്റ് റോഡ്രിഗോയും രാജ്യത്തെ ഫിലിപ്പൈൻസ് പ്രതിനിധി റെന്റോ വില്ലയും നടത്തിയ ചില പ്രസ്‌താവനകളും കുവൈത്തിനെയും പ്രകോപിപ്പിച്ചു.തുടർന്ന് കഴിഞ്ഞ ബുധനാഴ്‌ച രാജ്യത്തുള്ള ഫിലിപ്പൈൻസ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയ കുവൈത്ത്, തങ്ങളുടെ ഫിലിപ്പൈൻസിലുള്ള നയതന്ത്ര ഉദ്യോഗസ്ഥനെ തിരിച്ച് വിളിക്കുകയും ചെയ്‌‌തിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം കുവൈത്തിലുള്ള തങ്ങളുടെ മുഴുവൻ പൗരന്മാരും എത്രയും പെട്ടെന്ന് രാജ്യത്തേക്ക് തിരിച്ച് വരണമെന്ന് ഫിലിപ്പൈൻസ് പ്രസിഡന്റ് റോഡ്രിഗോ ഡുറ്റേര്‍ട്ട് ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങൾ രൂക്ഷമാക്കിയത്. കുവൈത്തിലേക്കുള്ള ഫിലിപ്പൈൻസ് പൗരന്മാരുടെ റിക്രൂട്ട്മെന്റ് നിറുത്തിവച്ച ഉത്തരവ് അനിശ്ചിത കാലത്തേക്ക് നീട്ടിയതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഏതാണ്ട് 2,62000ത്തോളം ഫിലിപ്പൈനികൾ കുവൈത്തിലുണ്ടെന്നാണ് കണക്ക്. ഇതിൽ വലിയൊരു ശതമാനം പേരും ഗാർഹിക തൊഴിലാളികളാണ്. ഇത്രയും തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങുന്നത് കുവൈത്തിനെ സാരമായി ബാധിക്കും. അടുത്ത മാസങ്ങളിൽ വ്രതാനുഷ്‌ടാനം തുടങ്ങുന്നതിനാൽ ഈ സമയത്ത് ഗാർഹിക തൊഴിലാളികളുടെ സേവനം അത്യാവശ്യമാണ്. തുടർന്നാണ് പ്രശ്‌‌നപരിഹാരത്തിനായി കുവൈത്ത് മുൻകൈയ്യെടുക്കുന്നതെന്നാണ് വിലയിരുത്തൽ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more