1 GBP = 103.85

സർക്കാരിന്റെ സാമൂഹിക പെൻഷൻ മരണപ്പെട്ടവരുടെ പേരിൽ കൈവശപ്പെടുത്തുന്നവർക്ക് മുന്നറിയിപ്പുമായി മന്ത്രി

സർക്കാരിന്റെ സാമൂഹിക പെൻഷൻ മരണപ്പെട്ടവരുടെ പേരിൽ കൈവശപ്പെടുത്തുന്നവർക്ക് മുന്നറിയിപ്പുമായി മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാമൂഹിക പെൻഷൻ മരണപ്പെട്ടവരുടെ പേരിൽ കൈവശപ്പെടുത്തുന്നവർക്ക് മുന്നറിയിപ്പുമായി മന്ത്രി ടി.എം.തോമസ് ഐസക് രംഗത്തെത്തി. ഇത്തരക്കാർക്ക് സ്വയം പിൻവാങ്ങാൻ ഒരവസരം നൽകുമെന്നും സർക്കാർ പിടിച്ചാൽ കൈപ്പറ്റിയ മുഴുവൻ തുകയും തിരിച്ചടയ്‌ക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നർമം കലർന്ന രീതിയിൽ അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കേരള സർക്കാരിന്റെ സാമൂഹ്യക്ഷേമ പെൻഷന് പരലോകത്തും അവകാശികളുണ്ട്. ഒന്നും രണ്ടുമല്ല, ഭൂവാസം വെടിഞ്ഞ ഏതാണ്ട് പത്തമ്പതിനായിരം ആത്മാക്കളാണ് പെൻഷൻ തുക കൊണ്ട് അങ്ങേ ലോകത്ത് സുഭിക്ഷമായി ജീവിക്കുന്നത്. സർക്കാരിനെ സംബന്ധിച്ച് ഇതിൽപ്പരം ആനന്ദമെന്ത്? ഇനി പറയുന്ന കാര്യം തമാശയല്ല. മരണപ്പെട്ടവരുടെ പേരിൽ ഇപ്പോഴും പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്നു എന്ന കാര്യം സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ പട്ടികയും തയ്യാറാക്കിക്കഴിഞ്ഞു. സാമൂഹ്യക്ഷേമ പെൻഷൻ ഡാറ്റാബേസിലെ വിവരങ്ങളും പഞ്ചായത്തുകളിലെ ജനന മരണ രജിസ്‌റ്ററിലെ വിവരങ്ങളും താരതമ്യപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. പട്ടികയനുസരിച്ച് നിലവിൽ പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന 31,256 പേർ പഞ്ചായത്ത് രേഖകൾ പ്രകാരം ജീവിച്ചിരിപ്പില്ല.

എല്ലാ മരണവും പഞ്ചായത്തിൽ രജിസ്‌റ്റർ ചെയ്യുന്ന രീതി ഇപ്പോഴുമില്ല. അക്കാര്യം നമുക്കൊക്കെ അറിയാം. രണ്ടു ഡാറ്റാബേസിലെ വിവരങ്ങൾ തമ്മിൽ താരതമ്യം ചെയ്യുമ്പോഴുള്ള ക്ലറിക്കൽ പ്രശ്നങ്ങൾ വേറെ. ഈ പരിമിതികളൊക്കെ മറികടന്നാണ് 31,256 പേർ ലിസ്‌റ്റിൽപ്പെട്ടത്. രജിസ്റ്റർ ചെയ്യപ്പെടാത്ത മരണങ്ങളുടെ കാര്യം കൂടി പരിഗണിക്കുമ്പോൾ എണ്ണം അമ്പതിനായിരം കവിയുമെന്നു തീർച്ചയായും ഉറപ്പിക്കാം. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ പേർ മലപ്പുറം ജില്ലയിലാണ് (5753). രണ്ടും മൂന്നും സ്ഥാനങ്ങൾ തൃശൂർ (5468), കോഴിക്കോട് (4653) ജില്ലകൾക്കാണ്. പാലക്കാടും (4286) തിരുവനന്തപുരവും (4016) തൊട്ടു പിന്നിലുണ്ട്. ഇത്തരം കള്ളത്തരം ഏറ്റവും കുറവ് കാസർകോട് (337), ഇടുക്കി (239) ജില്ലകളാണ്.

രേഖകൾ പ്രകാരം മരണപ്പെട്ടവരെന്നു കാണുന്നവരുടെ പെൻഷൻ വിതരണം ഓണക്കാലത്ത് നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഓരോ പഞ്ചായത്തിനും പട്ടിക നൽകും. പട്ടികയിലുൾപ്പെട്ടവർ ജീവിച്ചിരിക്കുന്നോ മരിച്ചോ എന്ന് പഞ്ചായത്ത് സെക്രട്ടറി അന്വേഷിച്ചു റിപ്പോർട്ടു ചെയ്യണം. പട്ടികയിൽ നിന്ന് സ്വയം ഒഴിവാകാൻ എല്ലാവർക്കും ഒരു അവസരം തരുന്നു. സർക്കാർ കണ്ടുപിടിക്കുകയാണെങ്കിൽ ഇത്തരത്തിൽ കൈപ്പറ്റിയ മുഴുവൻ പണവും തിരിച്ചു പിടിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more