അലക്സ് വര്‍ഗീസ്
കഴിഞ്ഞ ആഴ്ചയില്‍ മാഞ്ചസ്റ്ററില്‍ നടന്ന കാറപകടത്തെ തുടര്‍ന്ന് നമ്മില്‍ നിന്നും വേര്‍പിരിഞ്ഞ് പോയ പ്രിയപ്പെട്ട പോള്‍ ജോണിന്റെ അന്ത്യസംസ്കാര ശുശ്രൂഷകള്‍ക്ക് നാളെ ചൊവ്വാഴ്ച (28/3/2017) 11 മണിക്ക് വിഥിന്‍ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ തുട ക്കമാകും. അകാലത്തില്‍ നമ്മില്‍ നിന്നും പിരിഞ്ഞകന്ന പോള്‍ എന്ന നല്ല മനുഷ്യന് ഉചിതമായ യാത്രയയപ്പ് നല്‍കാനും, സ്നേഹം പ്രകടിപ്പിക്കുവാനും, അദ്ദേഹത്തിന്റെ കുടുംബം അവസരമൊരുക്കുന്നു.
സാധാരണ ഗതിയില്‍ ഇതുപോലുള്ള വിഷമഘട്ടങ്ങളില്‍ കുടുംബത്തിനാണ് സാമ്പത്തികവും മറ്റു തരത്തിലുമുള്ള സഹായം ആവശ്യമായി വരുന്നത്. എന്നാല്‍ മനുഷ്യ സ്നേഹിയും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വളരെയേറെ താല്പര്യവുമുണ്ടായിരുന്ന പോളിന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ വേണ്ടി മ്യതസംസ്കാര ശുശ്രൂഷകളില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് വേണ്ടി കോട്ടയത്തെ ഗാന്ധിനഗറിലുള്ള സെന്റ്.ജോസഫ് ഹോം ഫോര്‍ ക്യാന്‍സര്‍ & എച്ച്.ഐ.വി ഹോമിനെ സഹായിക്കുന്നതിന് വേണ്ടി ഒരു ചാരിറ്റി സംഘടിപ്പിക്കാനാണ് പോളിന്റെ കുടുംബം ആഗ്രഹിക്കുന്നത്. 1995 മുതല്‍ കോട്ടയത്ത് പ്രവര്‍ത്തിച്ച് വരുന്ന ഈ സ്ഥാപനം നിരാലംബരായ ക്യാന്‍സര്‍, എച്ച്.ഐ.വി രോഗികള്‍ക്ക് താങ്ങും തണലുമാണ്. ഒട്ടനവധി രോഗികളെ ശുശ്രൂഷിച്ച് സുഖപ്പെടുത്തുകയും ചെയ്യുന്നു ഈ ചാരിറ്റി പ്രസ്ഥാനം. തന്റെ ജീവന് നഷ്ടപ്പെടുത്തിയെങ്കിലും അതിന് മുന്‍പായി കൂടെയുണ്ടായിരുന്നവരുടെ വിലപ്പെട്ട ജീവന് രക്ഷിക്കാന്‍ പോളിന് സാധിച്ചു. മരണമടയുന്നതിന് മുന്‍പായി പോളിന്റെ അവയവങ്ങള്‍ ദാനം ചെയ്തിരുന്നു. നാളെ നടക്കുന്ന മൃതസംസ്കാര ശുശ്രൂഷകളില്‍ പങ്കെടുക്കുന്നവര്‍ പൂക്കളോ, കാര്‍ഡുകളോ തുടങ്ങി ആദരവ് പ്രകടിപ്പിക്കുവാനുള്ള കാര്യങ്ങളെല്ലാം ഒഴിവാക്കി ആ തുക പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ചാരിറ്റി ബോക്സില്‍ നിക്ഷേപിച്ചാല്‍ അതായിരിക്കും നമുക്കെല്ലാവര്‍ക്കും പോളിന് കൊടുക്കാവുന്ന ഏറ്റവും ഉചിതമായ അന്ത്യാഞ്ജലി.
പോള്‍ ജോണിന്റെ മ്യതദേഹവും വഹിച്ചുകൊണ്ടുള്ള ഫൂണറല്‍ ഡയറക്ടേഴ്സിന്റെ വാഹനം രാവിലെ 11 മണിക്ക് സെന്റ്.ആന്റണീസ് ദേവാലയത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ അഭിവന്ദ്യ മെത്രാന് മാര്‍ ജോസഫ് സ്രാസിക്കല്‍ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയും മറ്റ് ശുശ്രൂഷകളും ആരംഭിക്കും. രൂപതയുടെ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ വെരി.റവ. ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍, സീറോ മലബാര്‍ ചാപ്ലിയന്‍ റവ.ഡോ.ലോനപ്പന് അരങ്ങാശ്ശേരി, സീറോ മലങ്കര ചാപ്ലിയന്‍ റവ.ഫാ.രഞ്ജിത്ത് തുടങ്ങി ഒട്ടനവധി വൈദികള്‍ ശുശ്രൂഷകളില്‍ സഹകര്മിക രാകും. ദേവാലയത്തില്‍ പൊതു ദര്‍ശനത്തിനും അന്തിമോപചാരമര്പ്പിക്കുന്നതിനും അവസരമുണ്ടായിരിക്കും.
തുടര്‍ന്ന് ഒന്നരയോടെ മ്യതദേഹം ദേവാലയത്തില്‍ നിന്നും സതേണ്‍ സിമിത്തേരിയിലേക്ക് കൊണ്ടു പോവുന്നതാണ്.സിമിത്തേരിയിലെത്തിച്ച് അവസാന പ്രാര്‍ത്ഥനകള്‍ക്ക് ശേഷം, അറിയാവുന്നവര്‍ക്കെല്ലാം മനസ്സിന്റെ ഉള്ളറയില്‍ ഒരു പിടി നല്ല ഓര്‍മ്മകള്‍ക്കൊപ്പം, ഹൃദയത്തില്‍ ഒരു നൊമ്പരവും ബാക്കിയാക്കി പോളിന് ബ്രിട്ടന്റെ മണ്ണില്‍ അന്തിമ വിശ്രമമാകും…
പോളിന്റെ മാതാപിതാക്കള്‍ പ്രായാധിക്യത്താല്‍ എത്തിച്ചേരുന്നില്ല. സഹോദരങ്ങളും മറ്റ് ബന്ധുക്കളും എത്തിച്ചേര്‍ന്നു.
ഇളയ മകളായ എഞ്ചലയെ സ്കൂള്‍ സമയം കഴിഞ്ഞുള്ള കൊയര്‍ പ്രാക്ടീസിന് ശേഷം വീട്ടിലേക്ക് പോകുന്ന വഴിയില്‍ റോഡ് ക്രോസ് ചെയ്യുമ്പോള്‍ എതിരെ വന്ന കാര്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് പോള്‍ മരണമടഞ്ഞത്. ബ്രയിനുള്ളില് രക്തം ക്ലോട്ട് ആയതോടെ ശസ്ത്രക്രിയ നടത്താനുള്ള ഡോക്ടേഴ്സിന്റെ ശ്രമം വിഫലമായതോടെ 48 മണിക്കൂറോളം നീണ്ട ജീവന്മരണ പോരാട്ടത്തിനൊടുവില്‍ പോള്‍ ജോണ്‍ മരണത്തിന് കീഴടങ്ങിയത്. നാട്ടില്‍ കൂടല്ലൂര്‍ സ്വദേശിയാണെങ്കിലും പോള്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം മദ്രാസിലായിരുന്നു. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ആല്‍ഫാ സ്കൈ ഷെഫ് എന്ന സ്ഥാപനത്തിലായിരുന്നു പോള്‍ വന്ന കാലം മുതല്‍ ജോലി ചെയ്തിരുന്നത്. ഭാര്യ മിനി വിഥിന്‍ഷോ ഹോസ്പിറ്റലില്‍ എന്‍ഡോസ്കോപ്പി വിഭാഗത്തില്‍ നഴ്സാണ്. മൂത്ത മകള്‍ കിമ്പര്‍ലി വാലി റേഞ്ച് സ്കൂളില്‍ പത്താം ക്ലാസിലും ഇളയ മകള്‍ ഏഞ്ചല സെന്റ്.ജോണ്‍സ് സ്കൂളില്‍ അഞ്ചാം ക്ലാസിലും പഠിക്കുന്നു.
ശനിയാഴ്ച സെന്റ്.ജോണ്‍സ് പ്രീസ്റ്റ്ബറിയില് റവ.ഫാ.സജിയുടെ മദ്ധ്യസ്ഥതയില്‍ ചേര്‍ന്ന വിവിധ സംഘടനാ പ്രതിനിധിയുടെ യോഗം ഫ്യൂണറല്‍ സംബന്ധിച്ച ക്രമീകരണങ്ങള്‍ക്ക് അന്തിമരൂപം നല്കി. മലയാളി സമൂഹത്തെ കൂടാതെ ഇംഗ്ലീഷ് കമ്യൂണിറ്റിയില്‍ നിന്നും ഉള്‍പ്പെടെ വന്‍ ജനാവലി മ്യത സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഇതനുസരിച്ച് ശുശ്രൂഷകള്‍ക്ക് എത്തുന്നവര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യുന്നതിന് താഴെ പറയുന്ന സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്.
ഫ്രീ പാര്‍ക്കിംഗ്:-
Cornishman Pub,
Cornishway,
Wythenshawe,
M22 OJX.
പെയ്ഡ് പാര്‍ക്കിംഗ്:-
Forum Centre,
Wythenhawe,
M22 5RX.
ദേവാലയത്തിന്റെ വിലാസം:-
St. Antonys Church,
Dunkery Road,
Wythenshawe,
M22 OWR.
സിമിത്തേരിയുടെ വിലാസം:-
Southern Cemetery,
Barlow Moor Road,
Chorton – Cum – Hardy,
M21 7GL.
സെന്റ്.ജോസഫ് ഹോം ഫോര്‍ ക്യാന്‍സര്‍ & എച്ച്.ഐ.വി ഹോമിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു
click on malayalam character to switch languages