1 GBP = 103.33

ബ്രിട്ടീഷ് രാജ്ഞിയടക്കം 180 രാജ്യങ്ങളിൽ നിന്നുള്ളവരുടെ പട്ടികയുമായി പാരഡൈസ് പേപ്പേഴ്‌സ്‌

ബ്രിട്ടീഷ് രാജ്ഞിയടക്കം 180 രാജ്യങ്ങളിൽ നിന്നുള്ളവരുടെ പട്ടികയുമായി പാരഡൈസ് പേപ്പേഴ്‌സ്‌

ന്യൂഡൽഹി: പനാമ പേപ്പേഴ്സ് ഇന്ത്യയിലെ അടക്കമുള്ള കള്ളപ്പണക്കാരുടെ വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ അന്വേഷണാത്മക മാദ്ധ്യമ പ്രവർത്തകരുടെ മറ്റൊരു കൂട്ടായ്‌മയായ ‘പാരഡൈസ് പേപ്പേഴ്സ് ‘ എന്ന പേരിൽ പുതിയ വിവരങ്ങളുമായി രംഗത്ത്. ബ്രിട്ടീഷ് രാജ്ഞിയടക്കം 180 രാജ്യങ്ങളിൽ നിന്നുള്ള കള്ളപ്പണക്കാരുടെ വിവരങ്ങളാണ് അവർ പുറത്ത് വിട്ടിരിക്കുന്നത്. ആഗോള തലത്തിലുള്ള പട്ടികയിലെ പ്രധാനി ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയാണ്. 2005ൽ എലിസബത്ത് രാജ്ഞിയുടെ സ്വകാര്യ സ്വത്തുവകകളിൽ നിന്നും 7.5 ദശലക്ഷം ഡോളർ കെയ്‌മാനിലെ എൽ.പി എന്ന സ്ഥാപനത്തിൽ നിക്ഷേപിച്ചതായാണ് രേഖകളിൽ പറയുന്നത്. ഇതിലൂടെ 2008 ജൂണിൽ നിക്ഷേപത്തിൽ നിന്ന് 3,60,000 ഡോളർ രാജ്ഞിക്ക് ലഭിച്ചിരുന്നു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ, യു.എസ് സെക്രട്ടറി ഒഫ് കൊമേഴ്സ് വിൽബർ റോസ്, ജോർദാൻ രാജ്ഞി നൂർ അൽ ഹുസൈൻ എന്നിവരുടെ രഹസ്യ സമ്പാദ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പാരഡൈസ് പേപ്പറിൽ പറയുന്നു. ബ്രിട്ടനിലേയും അമേരിക്കയിലേയും സർവകലാശാലകൾ, യു.എ.യിലെ ഒരു ബാങ്ക്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുചിന്റെ കുടുംബത്തെ കുറിച്ചുള്ള വിവരങ്ങൾ എന്നിവയും ഇതിലുണ്ട്. പാരഡൈസ് പേപ്പേഴ്സ് ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങളിലെ കള്ളപ്പണക്കാരുടെ വിവരങ്ങൾ പുറത്ത് കൊണ്ടുവന്ന പനാമ പേപ്പേഴ്സ്,​ ഓഫ്ഷോർ ലീക്ക്സ്,​ സ്വിസ് ലീക്ക്സ് എന്നിവയെ പോലെ രഹസ്യരേഖകൾ സൂക്ഷിക്കുകയാണ് പാരഡൈസ് പേപ്പേഴ്സും ചെയ്യുന്നത്.

ഇന്ത്യയിലെ 714 പ്രമുഖരുടെ പേരുകളാണ് പുറത്ത് വന്നിട്ടുള്ളത്. കേന്ദ്രമന്ത്രി ജയന്ത് സിൻഹ, ബി.ജെ.പി എം.പി ആർ.കെ.സിൻഹ, ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ, ടൂ ജി സ്‌പെകട്രം അഴിമതിയിലെ കോർപ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയ, സിനിമാ താരം സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത തുടങ്ങിയവരാണ് പട്ടികയിലുള്ള ഇന്ത്യാക്കാരിൽ പ്രമുഖർ. ഇപ്പോൾ പുറത്ത് വന്ന പേരുകൾ കൂടാതെ സൺ ടിവി, എസാർ ലൂപ്, എസ്.എൻ.സി ലാവ്‌ലിൻ, കാർത്തി ചിദംബരം പ്രതിയായ രാജസ്ഥാനിലെ ആംബുലൻസ് കേസിലെ സിക്വിസ്‌റ്റ ഹെൽത്ത് കെയർ, അപ്പോളോ ടയേഴ്സ്, ജിൻഡാൽ സ്‌റ്റീൽസ്, ഹാവെൽസ്, ഹിന്ദുജ ഗ്രൂപ്പ്, എമാർ എം.ജി.എഫ്, വീഡിയോകോൺ, ഡി.എസ് കൺസ്ട്രക്ഷൻ, ഹീരാനന്ദാനി ഗ്രൂപ്പ്, വിജയ് മല്യയുടെ യുണൈറ്റഡ് സ്‌പിരിറ്റ്സ്, ജി.എം.ആർ ഗ്രൂപ്പ് തുടങ്ങിയവയും പട്ടികയിൽ ഉണ്ടെന്ന് സൂചനയുണ്ട്. ജർമനിയിലെ ദിനപത്രമായ സെഡ്യൂസെ സീറ്റംഗും അന്വേഷണാത്മക മാദ്ധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇൻർനാഷണൽ കൺസോർഷ്യം ഒഫ് ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റും 96 മാദ്ധ്യമ സ്ഥാപനങ്ങളുമായി ചേർന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

പട്ടികയിൽ ഇന്ത്യയ്ക്ക് പത്തൊന്പതാമത്തെ സ്ഥാനമാണുള്ളത്. ബർമുഡയിലെ ആപ്പിൾബൈ നിയമ സ്ഥാപനത്തിൽ നിന്നുള്ള രേഖകളാണ് ചോർന്നവയിൽ കൂടുതലും. ആപ്പിൾബൈയിൽ നിക്ഷേപമുള്ളവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നതാണ് മറ്റൊരു വസ്തുത. ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഉൾപ്പെട്ടവരുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യങ്ങൾ ചെയ്യുന്നത് ആപ്പിൾബൈ ആണ്. അതേസമയം, കേന്ദ്ര സഹമന്ത്രിയായ ജയന്ത് സിൻഹ മന്ത്രിയാവുന്നതിന് മുന്പ് ഒമിദ്യാർ നെറ്റ്‌വർക്ക് കന്പനിയുടെ ഇന്ത്യയിലെ മാനേജിംഗ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നുവെന്നും രേഖകളിൽ പറയുന്നു. അമേരിക്കൻ കന്പനിയായ ഡി ലൈറ്റിൽ നിക്ഷേപമുള്ള കന്പനിയാണ് ഒമിദ്യാർ നെറ്റ്‌വർക്ക്. 2014ൽ ഹസാരിബാഗിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്പോൾ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ സത്യവാങ്മൂലത്തിൽ ജയന്ത് സിൻഹഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല. പ്രധാനമന്ത്രിയുടെ ഓഫീസിന് നൽകിയ സ്വത്ത് വിവരത്തിലും ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ല.

പനാമ പേപ്പേഴ്സ് വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്പോൾ പാരഡൈസ് പേപ്പേഴ്സിലുള്ള കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ വിവരങ്ങളാണ്,​ ആപ്പിൾബൈ, സിംഗപ്പൂർ ആസ്ഥാനമായ ഏഷ്യാ സിറ്റി ട്രസ്റ്റ് എന്നിവയുടെ 13.4 ദശലക്ഷം കോർപ്പറേറ്റ് രേഖകളുടെ ശേഖരമാണ് പാരഡൈസ് പേപ്പഴ്സിലുള്ളത്. ഈ വിവരങ്ങൾ ചോരുന്നത് ഇതാദ്യമായാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more