1 GBP = 103.14

യുഎസിന് മുന്നില്‍ പാക്കിസ്ഥാന്‍ മുട്ടുമടക്കി ; ഭീകരപ്രവര്‍ത്തനത്തിനെതിരെ ആദ്യ ചുവട്

യുഎസിന് മുന്നില്‍ പാക്കിസ്ഥാന്‍ മുട്ടുമടക്കി ; ഭീകരപ്രവര്‍ത്തനത്തിനെതിരെ ആദ്യ ചുവട്

ഇസ്‌ലാമാബാദ്: യുഎസിന്റെ ഭീഷണിക്ക് പിന്നാലെ പ്രശ്‌നപരിഹാരത്തിന് വഴിയൊരുക്കി പാക്കിസ്ഥാന്‍. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കൂടിയായ കുപ്രസിദ്ധ ഭീകരന്‍ ഹാഫിസ് സയീദ്, പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസ്ഹര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് പാക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി.

ഭീകരാക്രമണ സംഘടനകളെ സഹായിക്കുന്നവര്‍ 10 വര്‍ഷം വരെ ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും, കനത്ത പിഴ നല്‍കേണ്ടിവരുമെന്നും, ആവശ്യമെങ്കില്‍ ഇത്തരക്കാരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ദിനപത്രങ്ങളില്‍ ശനിയാഴ്ച പാക്ക് സര്‍ക്കാര്‍ പരസ്യവും പ്രസിദ്ധീകരിച്ചു. സാമ്പത്തിക സഹായം നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തിയ 72 സംഘടനകളുടെ പട്ടികയും പരസ്യത്തോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹാഫിസ് സയീദ് രൂപം നല്‍കിയ ലഷ്‌കറെ ത്വയിബ, ജമാഅത്തുദ്ദഅവ (ജെയുഡി), ഫലാ ഇ ഇന്‍സാനിയത് ഫൗണ്ടേഷന്‍ (എഫ്‌ഐഎഫ്) തുടങ്ങിയവയും മസൂദ് അസ്ഹറിന്റെ ലഷ്‌കറെ ത്വയിബയും വിലക്ക് ബാധകമാക്കിയ സംഘടനകളില്‍പ്പെടുന്നു.

പാക്കിസ്ഥാനില്‍ 1997ല്‍ പാസാക്കിയ ഭീകരവിരുദ്ധ നിയമമനുസരിച്ചും 1848ലെ യുഎന്‍ രക്ഷാസമിതി ചട്ടമനുസരിച്ചും ഇത്തരം സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് നിരോധിച്ചിട്ടുള്ളതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ നിയമം ലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ ജയില്‍ശിക്ഷയോ 10 ലക്ഷം രൂപ വരെ പിഴയോ ഇവ രണ്ടും ഒരുമിച്ചോ ലഭിക്കാമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി.

നേരത്തെ, ഭീകരര്‍ക്കു സഹായം നല്‍കുന്നതിന്റെ പേരില്‍ പാക്കിസ്ഥാനുള്ള 200 കോടി ഡോളര്‍ (ഏകദേശം 12,600 കോടി രൂപ) സുരക്ഷാ സഹായവും സൈനിക ഉപകരണങ്ങളുടെ വിതരണവും യുഎസ് മരവിപ്പിച്ചിരുന്നു. താലിബാന്‍, ഹഖാനി നെറ്റ്‌വര്‍ക് ഭീകരസംഘടനകള്‍ക്കു താവളമൊരുക്കുന്നതിന്റെ പേരില്‍ പാക്കിസ്ഥാനുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ആദ്യപടിയായാണു സുരക്ഷാ സഹായം സസ്‌പെന്‍ഡ് ചെയ്തതെന്ന് യുഎസ് വിശദീകരിച്ചിരുന്നു. ഭീകരസംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കും വരെ ഇതു തുടരുമെന്നും യുഎസ് വ്യക്തമാക്കിയിരുന്നു. യുഎന്‍ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സയീദിനെതിരെ നടപടിയെടുക്കണമെന്ന് ഇന്ത്യയും യുഎസും വര്‍ഷങ്ങളായി പാക്ക് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more