1 GBP = 103.92

നാല് കാർ, 90 മിനിറ്റ്; ഡൽഹി പൊലീസ് ആ കുട്ടിയെ രക്ഷിച്ചത് ഇങ്ങനെ…

നാല് കാർ, 90 മിനിറ്റ്; ഡൽഹി പൊലീസ് ആ കുട്ടിയെ രക്ഷിച്ചത് ഇങ്ങനെ…

ന്യൂഡൽഹി: സിനിമാ കഥയെ വെല്ലുന്ന ചെയ്സിങ്ങിലൂടെ റാഞ്ചികളിൽ നിന്ന് കുട്ടിയെ മോചിപ്പിച്ച് ഡൽഹി പൊലീസ്. ഒരാഴ്ച മുമ്പാണ് വിഹാൻ ഗുപ്ത എന്ന അഞ്ചു വയസുകാരനെ ഒരു സംഘമാളുകൾ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ സൂചനകളൊന്നും ആദ്യം പൊലീസിന് ലഭിച്ചിരുന്നില്ല. എന്നാൽ റാഞ്ചികളുടെ ഫോൺ വിളിയിൽ നിന്ന് തുമ്പ് ലഭിച്ച പൊലീസ് സമർഥമായ നീക്കത്തിലൂടെ ഗാസിയാബാദ് വെച്ച് അഞ്ചുവയസുകാരനെ രക്ഷപ്പെടുത്തുകയായിരുന്നു.

മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഫോൺ വിളികളാണ് പൊലീസിന് തുമ്പായത്. കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടെ തട്ടിക്കൊണ്ടു പോകൽ സംഘത്തിലെ ഒരാളെ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തു. ഒരു സിനിമാ കഥയേക്കാൾ ത്രില്ലിങ് ആയ ഈ സംഭവം ഡി.സി.പി രാം ഗോപാൽ നായിക് ആണ് വിവരിച്ചത്.

ഡൽഹിയിലെ ദിൽഷാദ് ഗാർഡനിടുത്ത് സ്കൂൾ ബസിൽ പോകുന്നതിനിടെയാണ് തോക്ക് ചൂണ്ടി ഒരു കൂട്ടമാളുകൾ വിഹാനെ ജനുവരി 25ന് തട്ടിക്കൊണ്ടുപോകുന്നത്. പിന്നീട് മൂന്ന് ദിവസം കഴിഞ്ഞ് 28നാണ് ഈ സംഘം മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ ചെയ്തത്. ഒരു മാളിനടുത്ത് വന്ന് 60 ലക്ഷം രൂപ പണമായി നൽകിയാൽ കുട്ടിയെ വിട്ട് തരാമെന്നായിരുന്നു സംഘത്തിന്‍റെ ആവശ്യം.

കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്‍റെ ചില സി.സി.സി.ടി.വി ദൃശ്യങ്ങൾ നേരത്തെ തന്നെ പൊലീസ് ശേഖരിച്ചിരുന്നു. പിന്നീട് മോചന ദ്രവ്യം ആവശ്യപ്പെട്ട് ലഭിച്ച ഫോൺ വിളികളിൽ നിന്നും ഷാഹിദാബാദിൽ സംഘം ഉള്ളതായി വിവരം ലഭിച്ചു. ഒാപറേഷൻ ‘സി റിവർ’ എന്ന് പേരിട്ട അന്വേഷണം പിന്നീട് വേഗത്തിലാക്കി. നിതിൻ കുമാർ ശർമയെന്നയാളാണ് ഈ സംഘത്തിലെ സൂത്രധാരനെന്ന് പിന്നീട് പൊലീസ് കണ്ടെത്തി. ഇയാൾ കുട്ടിക്കുള്ള ഭക്ഷണം വാങ്ങാനായി വിവേക് വിഹാറിലേക്ക് വരികയും ശേഷം ഒരു വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്തതോടെ പൊലീസിന് കാര്യങ്ങൾ എളുപ്പമായി. കാത്തിരുന്ന 18 പേരടങ്ങുന്ന പൊലീസ് സംഘം ഇയാൾ അറിയാതെ നാല് കാറുകളിലും നാല് ബൈക്കുകളിലുമായി ശർമയെ 90 മിനുറ്റ് പിന്തുടർന്നു. വിവാഹ വീട്ടിൽ നിന്ന് മദ്യപിച്ചതിനാൽ നല്ല വേഗത്തിൽ കാറോടിച്ച ഇയാൾ പിന്തുടരുന്ന കാര്യം അറിഞ്ഞിരുന്നില്ല.

ഇടക്ക് ഒരു ട്രാഫിക് സിഗ്നലിൽ വെച്ച് ഇയാളെ നഷ്ടമായെങ്കിലും ബൈക്കിലായി നീങ്ങിയിരുന്ന പൊലീസ് ഇയാളുടെ സ്വിഫ്്റ്റ് ഡിസൈർ കാർ കണ്ടെത്തി. പിടിയിലാകുമെന്ന് കണ്ട ശർമ പൊലീസ് വാഹനത്തിന് നേരെ വാഹനം ഇടിച്ചു കയറ്റാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. ഷാലിമാറിലെ അഞ്ച് നിലയുള്ള കെട്ടിടത്തിന്‍റെ അഞ്ചാം നിലയിൽ കുട്ടിയുണ്ടെന്നും അവിടെ കാവൽ നിൽക്കുന്നവരുടെ കൈവശം തോക്കുകളുണ്ടെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

ഉടൻ അവിടേക്ക് കുതിച്ച പൊലീസ് ശർമയെ ഉപയോഗിച്ച് വാതിൽ തുറപ്പിച്ച് കെട്ടിടത്തിനകത്ത് കയറി. എന്നാൽ സംശയം തോന്നിയ സംഘം അകത്തേക്ക് ഒാടി തോക്കുമായി തിരിച്ചെത്തി. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു ആത്മരക്ഷാർത്ഥം ഡി.സി.പി തന്നെ അയാൾക്ക് നേരെ നിറയൊഴിച്ചു. തോക്കേന്തിയ മറ്റൊരാളെയും വെടിവെച്ചിട്ടതിന് ശേഷം കിടപ്പുമുറിയിലേക്ക് പോയി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. വെടിയേറ്റവരിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ടാമന് കാലിലാണ് വെടിയേറ്റത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more