വംശീയ വിദ്വേഷമുള്‍പ്പടെ ജനങ്ങളെ വിഭജിക്കുന്ന തെറ്റുകള്‍ തിരുത്തണം, വികാരഭരിതനായി ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം


വംശീയ വിദ്വേഷമുള്‍പ്പടെ ജനങ്ങളെ വിഭജിക്കുന്ന തെറ്റുകള്‍ തിരുത്തണം, വികാരഭരിതനായി ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം

വംശീയ വിദ്വേഷം ഉള്‍പ്പടെ ജനങ്ങളെ വിഭജിക്കുന്ന എല്ലാ തെറ്റുകളും തിരുത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. സാധാരണക്കാരായ ജനങ്ങള്‍ അണിനിരന്നാല്‍ മാറ്റം സാധ്യമാകുമെന്നും അദ്ദേഹം ഷിക്കോഗോയില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ വ്യക്തമാക്കി. ജനാധിപത്യമാണ് രാജ്യത്തിന്റെ നിലനില്‍പ്പിന് അടിസ്ഥാനമെന്നും എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഒരു അമേരിക്കയാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഏറെ വികാരഭരിതനായിരുന്ന അദ്ദേഹം അഅമേരിക്കയ്ക്ക് നിറഞ്ഞ കണ്ണുകളോടെ നന്ദി പറഞ്ഞു. 2008 ലെ തെരഞ്ഞെടുപ്പില്‍ വിജയപ്രഖ്യാപനം നടത്തിയ അതേ വേദിയിലാണ് എട്ട് വര്‍ഷത്തിന് ശേഷം ഒബാമ വിടവാങ്ങല്‍ പ്രസംഗവും നടത്തിയത്.

ജനങ്ങളാണ് തന്നെ മെച്ചപ്പെട്ട പ്രസിഡന്റാക്കിയത്. മെച്ചപ്പെട്ട മനുഷ്യനാക്കിയത്. ഓരോ ദിവസവും നിങ്ങളില്‍ നിന്നാണ് ഞാന്‍ പഠിച്ചതെന്നും അദ്ദേഹം പറഞ്ഞു. വര്‍ണ്ണവിവേചനം ഇപ്പോഴും ഒരു വെല്ലുവിളിയായി തുടരുകയാണെന്നും നിയമങ്ങള്‍ മാറിയതുകൊണ്ട് കാര്യമില്ലെന്നും ഹൃദയങ്ങള്‍ മാറിയാലേ കൂടുതല്‍ മുന്നേറാന്‍ നമുക്ക് സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. മൂല്യങ്ങള്‍ നഷ്ടമാകുന്നതില്‍ ജാഗ്രത പുലര്‍ത്തണം. റഷ്യയ്‌ക്കോ ചൈനയ്‌ക്കോ അമേരിക്ക ലോകത്തില്‍ ചെലുത്തിയ സ്വാധീനത്തിനൊപ്പമെത്താനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇസ്ലാമിക് സ്‌റ്റേറ്റിനെതിരായ പോരാട്ടം ഐസിസിനെ പൂര്‍ണ്ണമായി ഇല്ലാതാക്കുന്നത് വരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഒരു വിദേശ തീവ്രവാദ സംഘടനയ്ക്കും അമേരിക്കന്‍ മണ്ണില്‍ ഒരു അക്രമണവും ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു. എട്ട് വര്‍ഷക്കാലത്തെ ഭരണനേട്ടങ്ങളെ കുറിച്ചും അദ്ദേഹം പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.
സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് ഉള്‍പ്പടെുള്ള സാമൂഹ്യക്ഷേമ പദ്ധതികള്‍, ഒസാമ ബിന്‍ ലാദന്റെ വധം അടക്കം ഭീകരവിരുദ്ധ പോരാട്ടത്തിലെ നേട്ടങ്ങള് എന്നിവയെല്ലാം അദ്ദേഹം എടുത്തുകാട്ടി.

അമേരിക്കയിലേക്ക് മാറ്റങ്ങള്‍ കൊണ്ടുവരാനായത് എന്റെ കഴിവുകൊണ്ടല്ലെന്നും നിങ്ങളിലൂടെയാണ് അത് സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് ജോ ബൈഡനേയും ഭാര്യ മിഷേല്‍ ഒബാമയേയും പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. പത്തുദിവസം കൊണ്ട് തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റില്‍ നിന്ന് അടുത്ത പ്രസിഡന്റിലേക്ക് സുഗമമായ ഒരു അധികാരക്കൈമാറ്റം നടക്കുകയാണ്. ഇത് നമ്മുടെ ജനാധിപത്യത്തിന്റെ മഹത്വമാണ് വെളിവാക്കുന്നതെന്നും ആര്‍ത്തുവിളിച്ച ആരാധകരോട് അദ്ദേഹം ചൂണ്ടിക്കാട്ടി.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 426