1 GBP = 103.70

ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍:ഫിസിക്സ് നോബല്‍ മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്

ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍:ഫിസിക്സ് നോബല്‍ മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്

സ്റ്റോക്ഹോം:ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ നൂറ് വര്‍ഷം മുന്‍പ് പ്രവചിച്ച ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ രണ്ട് വര്‍ഷം മുന്‍പ് കണ്ടെത്തിയതില്‍ നിര്‍ണായക പങ്കു വഹിച്ച മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ ഭൗതിക ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം നേടി.
മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ പ്രൊഫ. റെയ്നര്‍ വീസ്, കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ പ്രൊഫസര്‍മാരായ ബാരി ബാരിഷ്, കിപ് തോണ്‍ എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്.

2015ല്‍ ഗുരുത്വാകര്‍ഷണ തരംഗം സ്ഥിരീകരിച്ച അമേരിക്കയിലെ അമേരിക്കയിലെ ലിഗോ ( ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്സര്‍വേറ്ററി ) എന്ന പരീക്ഷണ ശാലയിലെ ശാസ്ത്രജ്ഞരാണ് മൂവരും.

പതിനൊന്ന് ലക്ഷം ഡോളര്‍ ( 7.15 കോടി രൂപ ) ആണ് സമ്മാനത്തുക. ഇതിന്റെ പകുതി പ്രൊഫ. റെയ്നര്‍ വീസിനും ബാക്കി തുക മറ്റ് രണ്ട് പേര്‍ക്ക് തുല്യമായും ലഭിക്കും.

ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ കണ്ടുപിടിക്കുന്നതില്‍ നിര്‍ണായക പങ്കാണ് ലിഗോ നടത്തിയതെന്നും ഇതുവരെ അജ്ഞാതമായിരുന്ന ലോകങ്ങള്‍ ഇതോടെ തുറന്നിട്ടിരിക്കുകയാണെന്നും റോയല്‍ സ്വീഡിഷ് അക്കാഡമി ഓഫ് സയന്‍സസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഗുരുത്വാകര്‍ഷണ തരംഗം
130കോടി പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറം രണ്ട് തമോഗര്‍ത്തങ്ങള്‍ കൂട്ടിയിടിച്ച് ഒന്നായതിന്റെ ആഘാതത്തില്‍ നിന്നുണ്ടായ തരംഗങ്ങളാണ് ഭൂമിയുടെ ആകര്‍ഷണബലത്താല്‍ ലിഗോ പരീക്ഷണ ശാലയില്‍ എത്തിയതായി ഇവര്‍ കണ്ടെത്തിയത്. പ്രകാശ വേഗത്തില്‍ സഞ്ചരിക്കുന്ന ഈ തരംഗങ്ങളെ ലിഗോയില്‍ ലേസര്‍ രശ്മികള്‍ ഉപയോഗിച്ചാണ് കണ്ടെത്തിയത്. പത്ത് വര്‍ഷം നീണ്ട പരീക്ഷണങ്ങളുടെ വിജയമുഹൂര്‍ത്തമായിരുന്നു അത്.

തരംഗങ്ങള്‍ ഭൂമിയില്‍ എത്തിയപ്പോഴേക്കും വളരെ ദുര്‍ബലമായിപ്പോയിരുന്നെങ്കിലും ഗോളാന്തര ഭൗതികശാസ്ത്രത്തില്‍ വലിയ വിപ്ലവത്തിന്റെ നാന്ദിയാണിതെന്ന് സ്വീഡിഷ് അക്കാഡമി വിലയിരുത്തി.

ലിഗോയോടൊപ്പം പ്രവര്‍ത്തിക്കുന്ന ഇറ്റലിയിലെ പിസയിലുള്ള വിര്‍ഗോ പരീക്ഷണ ശാലയിലും കഴിഞ്ഞ വര്‍ഷം ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ കണ്ടെത്തിയിരുന്നു. ഇംഗ്ലീഷിലെ L ആകൃതിയിലുള്ള നീണ്ട തുരങ്കം പോലുള്ള പരീക്ഷണ ശാലയില്‍ ലേസര്‍ രശ്മികള്‍ പായിച്ചാണ് പരീക്ഷണം. ഗുരുത്വ തരംഗങ്ങള്‍ ലേസര്‍ രശ്മികളെ തടസപ്പെടുത്തിയപ്പോഴാണ് അവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more