1 GBP = 103.84
breaking news

കായൽ കൈയേറ്റം: തോമസ് ചാണ്ടിക്കെതിരെ ഉടൻ നടപടിയുണ്ടാകാൻ സാധ്യതയില്ല

കായൽ കൈയേറ്റം: തോമസ് ചാണ്ടിക്കെതിരെ ഉടൻ നടപടിയുണ്ടാകാൻ സാധ്യതയില്ല

തിരുവനന്തപുരം: മാർത്താണ്ഡം കായൽ കൈയേറിയ കേസിൽ മന്ത്രി തോമസ് ചാണ്ടിയുടെ കസേര ഉടൻ തെറിക്കാൻ സാദ്ധ്യത കുറവാണ്. ഇതു സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാലാണിത്. പാർക്കിംഗ് ഗ്രൗണ്ടിനായി കായൽ നികത്തിയ നടപടിയിൽ തോമസ് ചാണ്ടിക്ക് രക്ഷപ്പെടാനുള്ള ഒട്ടേറെ പഴുതുകളും ആലപ്പുഴ ജില്ലാ കളക്ടർ സർക്കാരിന് സമർപ്പിച്ച അന്തിമ റിപ്പോർട്ടിലുണ്ട്. റിസോർട്ട് കമ്പനിയിലെ എക്സിക്യൂട്ടിവ് തലത്തിലുള്ള ഉദ്യോഗസ്ഥരുടെ തീരുമാന പ്രകാരമാണ് ഇതു ചെയ്തതെന്ന് ചൂണ്ടിക്കാട്ടി അവരിലൊരാളെ കുറ്റവാളിയാക്കാം. 2008ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം, ഭൂവിനിയോഗ ചട്ടങ്ങൾ, ഭൂസംരക്ഷണ നിയമം എന്നിവയുടെ ലംഘനമാണ് നടന്നതെന്ന് കളക്ടറുടെ റിപ്പോർട്ടിലുണ്ട്. എന്നാൽ, പാർക്കിങ്ങ് ഗ്രൗണ്ടിനായി സ്ഥലം നികത്തിയത് തോമസ് ചാണ്ടിയുടെ പേരിലല്ല. ചാണ്ടിയുടെ സഹോദരിയുടെ പേരിലാണ്.

ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ ആലപ്പുഴ ജില്ലാ കളക്ടർ നടത്തിയ അന്വേഷണവും റിപ്പോർട്ട് സമർപ്പണവും കോടതി അലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടി വാട്ടർവേൾഡ് ടൂറിസം കമ്പനി എം.ഡി മാത്യു ജോസഫ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യന് കത്ത് നൽകി. റിപ്പോർട്ടിന്റെ പകർപ്പ് തങ്ങൾക്ക് ലഭ്യമാക്കണമെന്നും തങ്ങളുടെ ഭാഗം കേൾക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു.

മാർത്താണ്ഡം കായൽ കൈയേറ്റം, നീർച്ചാൽ നികത്തിയത്, വലിയകുളം- സീറോ ജെട്ടി റോഡ് റിസോർട്ടിനായി ഉപയോഗിച്ചത് എന്നിവയിൽ ജില്ലാ കളക്ടർ നടത്തിയ അന്വേഷണം നിയമവിരുദ്ധവും അനാവശ്യവുമാണ്. ആരോപണങ്ങളിന്മേൽ ജില്ലാ കളക്ടർക്കും വിശദീകരണം നൽകിയിരുന്നു. ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ രണ്ടാമതൊരു അന്വേഷണം നടത്തുന്നത് കോടതി വിരുദ്ധമാണെന്ന് ഹിയറിംഗിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതിന് കളക്ടറുടെ മറുപടി ലഭിച്ചിട്ടില്ല.

കായൽ കൈയേറ്റം അന്വേഷിച്ച ആലപ്പുഴ കളക്ടറുടെ അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, കൈയേറ്റത്തിന് കൂട്ടു നിന്ന മുൻ കളക്ടർ പത്മകുമാറിനും മുൻ ആർ.ഡി.ഒയ്ക്കുമെതിരെ നടപടി വരും. താഴേക്കിടയിലുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാദ്ധ്യത കുറവാണ്. ജില്ലയിൽ റവന്യൂ ഭൂമിയുടെ സംരക്ഷകരായ കളക്ടറും ആർ.ഡി.ഒയും തങ്ങളുടെ പദവിക്ക് നിരക്കാത്ത വിധത്തിൽ വിവേചനാധികാരം ദുരുപയോഗിച്ച് കൈയേറ്റത്തിന് കൂട്ടു നിന്നതായി റിപ്പോർട്ടിൽ വിമർശനമുണ്ട്. ലാൻഡ് റവന്യൂ കമ്മിഷണറേറ്റിലെ ജോയന്റ് കമ്മിഷണറാണ് പത്മകുമാർ ഇപ്പോൾ. റിസോർട്ടിനോട് ചേർന്ന് കായലിൽ മത്സ്യബന്ധന ബോട്ടുകളെയും മറ്റും തടയാൻ ബോയ സ്ഥാപിക്കുന്നതിന് അനുമതി നൽകാൻ ആർ.ഡി.ഒയ്ക്ക് അധികാരമില്ലാതിരുന്നിട്ടും അനുമതി നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more