പുകവലി മുതല്‍ തൊഴില്‍ വരെ, 2017 ല്‍ നടപ്പിലാക്കുന്ന പുതിയ നിയമങ്ങളെ കുറിച്ച് അറിയാം


പുകവലി മുതല്‍ തൊഴില്‍ വരെ, 2017 ല്‍ നടപ്പിലാക്കുന്ന പുതിയ നിയമങ്ങളെ കുറിച്ച് അറിയാം

പുകവലി മുതല്‍ തൊഴില്‍ വരെ നിരവധി നിയമങ്ങളാണ് 2017ല്‍ മാറാന്‍ പോകുന്നത്. ജീവിതത്തെ നല്ലൊരു അളവ് വരെ സ്വാധീനിക്കാന്‍ കഴിയുന്ന നിയമമാറ്റങ്ങളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. 2016 ല്‍ മാറിയതും 2017 ല്‍ മാറുന്നതുമായി ചില പ്രധാനപ്പെട്ട നിയമങ്ങള്‍ ഏതെല്ലാമാണ് എന്ന് നോക്കാം.

മിനിമം വേതനം
ഈ വര്‍ഷവും മിനിമം വേതനത്തില്‍ വര്‍ദ്ധനവുണ്ടാകും. 2017 ഏപ്രില്‍ മുതലാണ് 25 വയസ്സിന് മുകളിലുള്ളവര്‍ക്ക് വേതനം മണിക്കൂറിന് 7.50 പൗണ്ടായി ഉയരുന്നത്. ഈ വര്‍ഷം ആദ്യം 30 പെന്‍സിന്റെ വര്‍ദ്ധനവ് വരുത്തിയതിന് പിന്നാലെയാണ് ഇത്. 18-20, 21-24 പ്രായത്തിലുള്ളവര്‍ക്ക് ചെറിയ വര്‍ദ്ധനവേ ലഭിക്കുകയുള്ളു. 2020ഓടെ 25 വയസ്സിന് മുകളിലുള്ളവരുടെ മിനിമം വേതനം മണിക്കൂറിന് 9 പൗണ്ടാക്കാനുള്ള ശ്രമത്തിലാണ് ഗവണ്‍മെന്റ്.

ചെറിയ കുട്ടികള്‍ക്കുള്ള ബാക്ക്‌ലെസ്സ് ബൂസ്റ്റര്‍ സീറ്റുകള്‍ നിരോധിക്കും

യുകെ നിയമപ്രകാരം 12 വയസ്സോ അല്ലെങ്കില്‍ 135 സെമി ഉയരമോ ഇതിലേതാണ് ആദ്യമെത്തുന്നത് അതുവരെ ചൈല്‍ഡ് സീറ്റുകള്‍ ഉപയോഗിക്കണമെന്നാണ് നിയമം. എന്നാല്‍ മാര്‍ച്ച് മാസം മുതല്‍ ബാക്ക് ലെസ്സ് ബൂസ്റ്റര്‍ സീറ്റുകള്‍ക്ക് ഗവണ്‍മെന്റ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 22 കിലോ ഭാരമെത്തിയിട്ടില്ലാത്തതോ അല്ലെങ്കില്‍ 125 സെമി പൊക്കമില്ലാത്തതോ ആയ കുട്ടികള്‍ ബാക്ക് ലെസ്സ് ബൂസ്റ്റര്‍ സീറ്റുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിയമം പറയുന്നത്. എന്നാല്‍ മാര്‍ച്ചിന് ശേഷം വാങ്ങുന്ന ബൂസ്റ്റര്‍ സീറ്റുകള്‍ക്കാകും നിയമം ബാധകം. നിലവിലുള്ളവര്‍ ഇത് മാറ്റിവാങ്ങേണ്ട കാര്യമില്ല.

കൂടുതല്‍ ഫണ്ടുള്ള അപ്രന്റീസ്ഷിപ്പുകള്‍ ലഭ്യമാക്കും.

യുകെയിലെ മൂന്ന് മില്യണോളം വരുന്ന അപ്രന്റീസ്ഷിപ്പുകള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിനായി വന്‍ ബിസിനസ്സുകള്‍ക്ക് പുതിയ ലെവി ഏര്‍പ്പെടുത്തി. പേറോള്‍ ടാക്‌സ് എന്ന പേരില്‍ 0.5 ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വര്‍ഷം 3 ബില്യണ്‍ ഇത് വഴി സമാഹരിക്കാനാകും. ഒരു വര്‍ഷം ശമ്പളമായി 3 മില്യണിലധികം പൗണ്ട് വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് മാത്രമാണ് ഈ നികുതി നല്‍കേണ്ടി വരുന്നത്.
തൊഴില്‍ പരിശീലനം നല്‍കുന്ന ബിസിനസ്സുകള്‍ക്കാകും ഈ തുക വിനിയോഗിക്കുക.

ചെറിയ പായ്ക്കറ്റ് സിഗരറ്റുകളും പുകയിലയും നിരോധിക്കും

2015 മുതല്‍ കടകളില്‍ സിഗരറ്റുകളും മറ്റും പ്രദര്‍ശിപ്പിക്കുന്നത് യുകെ നിയമം മൂലം നിരോധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മേയില്‍ ഇയു നടപ്പിലാക്കിയ നിയമം അനുസരിച്ച് പുകയിലയും ഈ ഗണത്തില്‍ ഉള്‍പ്പെടുത്തി. ഇനി മുതല്‍ സിഗരറ്റ് പായ്ക്കറ്റുകളില്‍ ബ്രാന്‍ഡുകളുടെ ലോഗോയോ കടും നിറങ്ങളോ ഉപയോഗിക്കാന്‍ പാടില്ല. എല്ലാ സിഗരറ്റ് പായ്ക്കറ്റുകളും കടുംപച്ചനിറത്തിലായിരിക്കണം. പത്ത് സിഗരറ്റിന്റെ പായ്ക്കറ്റും 30 ഗ്രാമില്‍ കുറവ് പുകയിലയുടെ പായ്ക്കും നിരോധിക്കപ്പെട്ടവയുടെ കൂട്ടത്തിലുണ്ട്. പുതിയ നിയമം മൂലം പുകവലിയക്കുന്നവരുടെ എണ്ണം ഇയുവിലുടനീളം 2.4 മില്യണ്‍ ആയി കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

കാറിന്റെ നികുതി കൂടും

2017 ഏപ്രില്‍ മുതല്‍ റോഡ് ടാക്‌സില്‍ നിന്ന് ഇലക്ട്രിക് കാറുകളെ പൂര്‍ണ്ണമായി ഒഴിവാക്കും. ബാക്കി എല്ലാ വാഹനങ്ങള്‍ക്കും അവയുടെ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് എമിഷന്റെ അടിസ്ഥാനത്തിലാകും നികുതി നിശ്ചയിക്കുക. ഇതിന് ശേഷം ഒരോ വര്‍ഷവും 140 പൗണ്ട് വീതം നല്‍കേണ്ടി വരും.

2017 ല്‍ നടപ്പിലാക്കുന്ന പുതിയ നിയമങ്ങള്‍

മൈക്രോബീഡുകള്‍ക്ക് നിരോധനം

ടൂത്ത് പേസ്റ്റിലും ബോഡി സ്‌ക്രബ്ബിലും മറ്റും കാണുന്ന മൈക്രോബീഡുകള്‍ക്ക് ഈ വര്‍ഷം മുതല്‍ നിരോധനമുണ്ടാകും. 2016 ല്‍ പരിസ്ഥിതി സ്‌നേഹികള്‍ ഇത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പെയ്ന്‍ നടത്തിയിരുന്നു. ഇവ ജീര്‍ണ്ണിച്ച് പോകുന്നവയല്ലെന്നതാണ് കാരണം. 2017 ആവസാനത്തോടെ മൈക്രോബീഡുകള്‍ രാജ്യത്ത് പൂര്‍ണ്ണമായി നിരോധിക്കുമെന്ന് ഗവണ്‍മെന്റ് പ്രഖ്യാപിച്ചു.

ലെറ്റിംഗ് ഏജന്റ് ഫീസിന് നിരോധനം

വീട് വാടകയ്ക്ക് എടുക്കുമ്പോള്‍ ഏജന്റുമാര്‍ക്ക് നല്‍കേണ്ടി വരുന്ന ഫീസുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് ഓട്ടം സ്‌റ്റേറ്റ്‌മെന്റില്‍ ചാന്‍സലര്‍ അറിയിച്ചിരുന്നു. ഈ വര്‍ഷം തന്നെ ഇത് നിയമമാക്കുമെന്ന് ചാന്‍സലര്‍ അറിയിച്ചു.

ആളുകള്‍ ഭവനരഹിതരാകുന്നത് തടയാന്‍ നിയമം

ആളുകള്‍ ഭവനരഹിതരാകുന്നത് തടയാന്‍ നടപടി സ്വീകരിക്കുമെന്ന് കമ്മ്യൂണിറ്റി സെക്രട്ടറി സാജിദ് ജാവേദ് അറിയിച്ചു. കൗണ്‍സിലുകള്‍ക്ക് ഇതിനുള്ള അധികാരം നല്‍കും. ഭവന രഹിതരായവര്‍ക്ക് താല്‍ക്കാലിക അഭയസ്ഥാനങ്ങള്‍ കണ്ടെത്തേണ്ട ഉത്തരവാദിത്വം നിലവില്‍ കൗണ്‍സിലുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത് നിയമമാക്കാനാണ് ശ്രമം. കണ്‍സര്‍വേറ്റീവ് എംപി ബോബ് ബ്ലാക്ക്മാന്‍ കൊണ്ടുവന്ന സ്വകാര്യ ബില്‍ ഈ മാസം എംപിമാര്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും.

കോടതികളില്‍ ലൈംഗികാതിക്രമത്തിന് ഇരകളാകുന്നവരുടെ ലൈംഗിക ചരിത്രം ഉപയോഗിക്കുന്നതിന് വിലക്ക്

ലൈംഗികാതിക്രമ കേസുകളില്‍ ഇരകളുടെ ലൈംഗിക ചരിത്രം വിസ്തരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. 1999 ലെ യൂത്ത് ജസ്റ്റിസ് ആന്‍ഡ് ക്രിമിനല്‍ എവിഡന്‍സ് ആക്ടിലെ സെക്ഷന്‍ 41 പ്രകാരം ഇരയുടെ ലൈംഗിക പൂര്‍വ്വിക ചരിത്രം കോടതിയില്‍ അവതരിപ്പിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പ്രത്യേക കേസുകളില്‍ അല്ലാതെ ഇരകളുടെ ലൈംഗിക സ്വഭാവത്തെ കുറിച്ച് പരാമര്‍ശിക്കുന്നതില്‍ നിന്ന് അഭിഭാഷകരെ വിലക്കുന്ന കാര്യം ഗവണ്‍മെന്റ് പരിഗണനയിലാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 558
Latest Updates