1 GBP = 103.91

പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ക്കായി രണ്ടു പുതുവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനം: ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത് 4,469.50 കോടി രൂപ

പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ക്കായി രണ്ടു പുതുവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനം: ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത് 4,469.50 കോടി രൂപ

പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ വിദേശ യാത്രകള്‍ക്കായി രണ്ടു പുതുവിമാനങ്ങള്‍ തീരുമാനം. ബോയിങ്ങിന്റെ രണ്ടു പുതുവിമാനങ്ങള്‍ വാങ്ങാന്‍ ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത് 4,469.50 കോടി രൂപയാണ്. കേന്ദ്ര വ്യോമയാന മേഖലയ്ക്ക് അനുവദിച്ചിരിക്കുന്ന ആകെ വിഹിതത്തിന്റെ മൂന്നില്‍ രണ്ടു ഭാഗമാണു വിഐപി വിമാനങ്ങള്‍ വാങ്ങാന്‍ ചെലവിടുന്നത്. ആകെ 6,602.86 കോടി രൂപയാണു വ്യോമയാന മേഖലയ്ക്കുള്ള വിഹിതം. കഴിഞ്ഞ വര്‍ഷം ആകെ വിഹിതം 2710 കോടിയായിരുന്നു. യുഎസ് കമ്പനിയായ ബോയിങ്ങിന്റെ 777 – 300 ഇആര്‍ മോഡല്‍ വിമാനങ്ങളാണു വാങ്ങുക. മിസൈലുകള്‍ക്ക് പോലും തകര്‍ക്കാനാകാത്ത ടെക്‌നോളജിയിലാണ് ഈ വിമാനം നിര്‍മിക്കുന്നത്.

വിവിഐപികള്‍ക്കുള്ള അത്യാധുനിക ബോയിംഗ് വിമാനങ്ങള്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ ഇന്ത്യയിലെത്തും. മാര്‍ച്ചിനു മുന്‍പ് മൂന്ന് ബോയിംഗ് 777-300 വിമാനങ്ങള്‍ എയര്‍ ഇന്ത്യയ്ക്ക് ലഭിക്കും. ഇതില്‍ രണ്ടു വിമാനങ്ങള്‍ വിവിഐപികളുടെ യാത്രയ്ക്കായി ഉപയോഗിക്കും. നിലവില്‍ ഉപയോഗിക്കുന്ന ജംബോ ജെറ്റുകള്‍ക്ക് 25 വര്‍ഷം പഴക്കമുണ്ട്. ഇതേതുടര്‍ന്നാണ് പുതിയ വിമാനങ്ങള്‍ വാങ്ങുന്നത്. നൂതന സുരക്ഷാ കവചം, ഉയര്‍ന്ന എന്‍ജിന്‍ കരുത്ത് എന്നിവയുള്ള വിമാനത്തില്‍ മിസൈല്‍ പ്രതിരോധ സംവിധാനമുള്‍പ്പെടെയുള്ളവ സജ്ജമാക്കും.

പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ക്ക് ഇപ്പോള്‍ ബോയിംഗ് 747-400 വിമാനമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ തദ്ദേശീയ യാത്രകള്‍ക്കും അയല്‍ രാജ്യ യാത്രകള്‍ക്കുമായി എംബ്രെയര്‍ 135, എംബ്രയര്‍ 145, കസ്റ്റമൈസ് ബോയിംഗ് ബിസിനസ് ജെറ്റുകളുമുണ്ട്. ബോയിംഗ് വിമാനങ്ങള്‍ വിവിഐപി യാത്രകളില്ലാത്തപ്പോള്‍ സാധാരണ സര്‍വീസുകള്‍ക്കും നല്‍കാറുണ്ട്. ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കാണ് (പാലം എയര്‍ഫോഴ്‌സ് ബേസ്) എയര്‍ ഇന്ത്യ വണ്‍ വിമാനങ്ങള്‍ എത്തുക. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമാണ് എയര്‍ഫോഴ്‌സ് വണ്‍. അതുപോലെയാണ് എയര്‍ ഇന്ത്യ വണ്‍. എന്നാല്‍ എയര്‍ഫോഴ്‌സ് വണ്‍ പോലെ വിവിഐപി യാത്രയ്ക്ക് മാത്രമായി ഇന്ത്യയില്‍ പ്രത്യേക വിമാനം ഇല്ലെന്നതാണ് യാഥാര്‍ഥ്യം. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി വിവിഐപികള്‍ ഉപയോഗിക്കുന്ന വിമാനങ്ങള്‍ എയര്‍ ഇന്ത്യ വണ്‍ എന്നാണ് അറിയപ്പെടുന്നത്.

നിലവില്‍ ഒരു ബോയിംഗ് 747-400ല്‍ പ്രധാനമന്ത്രി യാത്ര തിരിച്ചാലും അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാനായി മറ്റൊരു ബോയിംഗ് വിമാനവും തയ്യാറാക്കിയിട്ടുണ്ടാവും. രാജ്ദൂത്, രാജ്ഹംസ്, രാജ്കമല്‍ എന്നിങ്ങനെയാണ് ഇവയുടെ പേരുകള്‍. വിഐപി വണ്‍ രാഷ്ട്രപതിയുടേതാണ്. വിഐപി 2 ഉപരാഷ്ട്രപതിയും വിഐപി 3 പ്രധാനമന്ത്രിയുമാണ് ഉപയോഗിക്കുന്നത്. ഇവര്‍ക്കായി പ്രത്യേകം വിശ്രമമുറികളും വിമാനത്തിലുണ്ട്. 3 ബോയിംഗ് വിമാനങ്ങളാണ് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കുമൊക്കെ ഉപയോഗിക്കാറുള്ളത്. എട്ട് പൈലറ്റുകളുടെ പാനലാണ് വിവിഐപി യാത്രകള്‍ക്ക് സാരഥ്യം വഹിക്കുന്നത്. യാത്ര തീരുമാനമായാല്‍ ഫ്‌ലൈറ്റിലെ ബെഡ്‌റൂമുകളും കോണ്‍ഫറന്‍സ് റൂമുകളുമെല്ലാം തയ്യാറാക്കും. സാറ്റലൈറ്റ് ഫോണും ഫാക്‌സും ഇന്റര്‍നെറ്റ് സേവനവുമെല്ലാം പരിശോധിക്കപ്പെടും. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലായിരിക്കും എയര്‍ക്രാഫ്റ്റും ജീവനക്കാരും. കാല്‍ നൂറ്റാണ്ട് പഴക്കമുള്ള ബോയിംഗ് വിമാനങ്ങളാണ് രാഷ്ട്രത്തെ ഏറ്റവും സുരക്ഷ വേണ്ട വിവിഐപികള്‍ ഉപയോഗിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ വിമാനം കേടായ സംഭവം വരെ ഉണ്ടായിട്ടുണ്ട്. ഇതിനു പുറമെ ശത്രുക്കളുടെ ഭീഷണികളും നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം മറികടക്കാന്‍ അത്യാധുനിക സുരക്ഷയുള്ള വിമാനങ്ങള്‍ വേണ്ടതുണ്ടെന്ന് പ്രതിരോധ വിഭാഗവും എയര്‍ ഇന്ത്യയും വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്.

സാധാരണക്കാര്‍ക്കു വിമാനയാത്ര പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ഉഡാന്‍ പദ്ധതിക്കായി 1014.09 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ തവണ ഇത് 200.11 കോടിയായിരുന്നു. കടക്കെണിയിലുള്ള എയര്‍ ഇന്ത്യയ്ക്ക് 650 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ലഭ്യമാക്കും. പ്രതിവര്‍ഷം 100 കോടി വിമാന സര്‍വീസുകള്‍ വരെ കൈകാര്യം ചെയ്യാന്‍ കഴിയും വിധം വിമാനത്താവളങ്ങളിലെ സൗകര്യങ്ങള്‍ വികസിപ്പിക്കും. വിമാനത്താവളങ്ങളിലെ സൗകര്യം നിലവിലുള്ളതിനേക്കാള്‍ അഞ്ചു മടങ്ങ് വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതി (എന്‍എബിഎച്ച് നെക്സ്റ്റ് ജെന്‍ എയര്‍പോര്‍ട്‌സ് ഫോര്‍ ഭാരത്) ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിനു പ്രത്യേക തുക അനുവദിച്ചിട്ടില്ല. എയര്‍പോര്‍ട്‌സ് അതോറിറ്റിയുടെ വരുമാനത്തില്‍നിന്ന് ഇതിനുള്ള പണം കണ്ടെത്തും. അതോറിറ്റിക്കു കീഴില്‍ 124 വിമാനത്താവളങ്ങളുണ്ട്. രാജ്യത്തെ ആഭ്യന്തര യാത്രക്കാരുടെ എണ്ണം പ്രതിവര്‍ഷം 18 ശതമാനം വര്‍ധിക്കുന്ന സാഹചര്യത്തില്‍, വ്യോമയാന മേഖല ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ബജറ്റ് ചൂണ്ടിക്കാട്ടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more