1 GBP = 103.85
breaking news

നവീൻ ആസ്ട്രേലിയക്ക് കുടിയേറുമ്പോൾ ഇമയ്ക്ക് നഷ്ടമാകുന്നത് നവീനതയുടെ മുഖം…യുകെ മലയാളികൾക്ക് മാനവികതയുടെയും ….

നവീൻ ആസ്ട്രേലിയക്ക് കുടിയേറുമ്പോൾ ഇമയ്ക്ക് നഷ്ടമാകുന്നത് നവീനതയുടെ മുഖം…യുകെ മലയാളികൾക്ക് മാനവികതയുടെയും ….

വിൽസൺ പുന്നോളിൽ

മലയാളിക്ക് നൽകാവുന്ന ഏറ്റവും നല്ല വിശേഷണം “അവൻ ഒരു എല്ലാം തികഞ്ഞ സമൂഹ ജീവി എന്ന് തന്നെ”. ഇടപെടുന്ന ഏത് മണ്ഡലമായാലും മലയാളി അത് തെളിയിച്ചിരിക്കും. രാഷ്ട്രീയം, സാംസ്കാരികം, വാർത്താവിനിമയം, കലാകായികം, മതം, കാരുണ്യ പ്രവർത്തനങ്ങൾ അങ്ങനെ ഏത് മേഖലയിൽ ആയാലും ഒരു ചെറിയ കാലം കൊണ്ടു തന്നെ മലയാളി സമൂഹം യുകെയുടെ പൊതുമണ്ഡലത്തിൽ ഒരിടം നേടി എന്നത് അതിമനോഹരമായൊരു സത്യം തന്നെ. ഇവിടുത്തെ ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് മധ്യവയസ്കർ ആണ് എന്നതും വസ്തുത തന്നെ. ഇംഗ്ലണ്ടിലെ തെക്ക് പടിഞ്ഞാറ് കൗണ്ടിയായ ഡെവണിലെ എക്സിറ്ററിലും അതിന് മാറ്റമൊന്നുമില്ല. ഇവിടെയാണ് നവീൻ തോമസ് എന്ന ചെറുപ്പക്കാരൻ അവരോടൊപ്പം നിന്ന് കൊണ്ടു എക്സിറ്റർ മലയാളി അസോസിയേഷന് (ഇമ) നവീനതയുടെയും യുവത്വത്തിന്റെയും മുഖം നൽകിയത് എന്നത് ചാരിതാർഥ്യം തന്നെ.

കഴിഞ്ഞ 2 വർഷമായി ഇമയുടെ പി.ആർ.ഓ ആയി പ്രവർത്തിച്ചു കൊണ്ട്‌ നവമാധ്യമങ്ങളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തി കൊണ്ട്‌ എക്സിറ്റർ മലയാളികളുടെ വിശേഷങ്ങൾ മറ്റുള്ളവരിൽ എത്തിക്കുന്നതിൽ നവീൻ സ്തുത്യർഹമായ പ്രവർത്തനം ആണ് നടത്തിയതെന്ന് പ്രസിഡന്റ് സാബു എബ്രഹാം പറഞ്ഞു.

അടുത്ത കാലത്തു മതപരമായ ചില പ്രശ്നങ്ങൾ എക്സിറ്റർ മലയാളി സമൂഹത്തിൽ ഉണ്ടായപ്പോൾ മതമല്ല മതനിരപേക്ഷതയാണ് മലയാളിയുടെ മുഖം എന്ന് പറഞ്ഞു കൊണ്ട്‌ സമൂഹത്തെ ഒന്നിച്ചു നിർത്തുവാൻ നവീൻ എടുത്ത തീരുമാനങ്ങളെ ചെയർമാൻ മോഹൻ കുമാർ അഭിമാനത്തോടെ ഓർക്കുന്നു.

ഇമ വൈസ് ചെയർമാൻ ആനി ജോസഫും സെക്രട്ടറി റോബി വർഗീസും നവീനിൽ കാണുന്നത് കാരുണ്യത്തിന്റെ ആൾരൂപമാണ്. കഴിഞ്ഞ ക്രിസ്തുമസ് ആഘോഷവേളയിൽ നവീന്റെ നേതൃത്വത്തിൽ ഓരോ മലയാളി ഭവനവും സന്ദർശിച്ചു അവരിൽ നിന്നും കിട്ടാവുന്നത് എല്ലാം സമാഹരിച്ച് ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷന് നൽകിയത് മലയാളി സമൂഹത്തിന് എക്സിറ്ററിൽ വലിയൊരു ബഹുമതി നേടി തന്നു എന്ന് അവർ കൃതജ്ഞതയോടെ അനുസ്മരിക്കുന്നു.

എക്സിറ്റർ മലയാളികളെ ദേശീയധാരയിലേക്ക് കൈപിടിച്ച് ഉയർത്തണം എന്ന ലക്ഷ്യത്തോടെ യുക്മയിൽ ചേർക്കുവാൻ ശ്രമിച്ചതും ഇമയ്ക്ക് സ്വന്തമായി ഒരു വെബ്‌സൈറ്റ് എന്ന സ്വപ്നം സാക്ഷാത്കരിക്കുവാൻ മുന്നിൽ നിന്നതും നവീൻ തന്നെ. ചുരുക്കത്തിൽ അമ്മയുടെ എല്ലാ പ്രവർത്തനങ്ങളിലും ചേട്ടന്മാരുടെ ഒപ്പം നിന്ന് ഒരു ചെറുപ്പക്കാരന്റെ എല്ലാ ആവേശത്തോടും നോർത്താംപ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നിന്നും മെന്റൽ ഹെൽത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ആയ നവീൻ ഉണ്ടായിരുന്നു എന്നത് എക്സിറ്റർ മലയാളികളുടെ ഭാഗ്യം എന്ന് വേണം കരുതുവാൻ.

പൊതു മണ്ഡലങ്ങളിൽ പ്രവർത്തിക്കുമ്പോഴും നവീൻ ആത്മീയ കാര്യങ്ങളിലും ഒട്ടും പിന്നിൽ അല്ലായിരുന്നു എന്ന മരിയൻ പ്രാർത്ഥനാ ഗ്രൂപ്പിലെ പ്രവർത്തനങ്ങളെ ഓർമ്മിച്ച് മരിയൻ ടിവി യൂറോപ്പിന്റെ ഡയറക്ടർ ബ്ര. തോമസ് സാജ് സാക്ഷ്യപ്പെടുത്തുന്നു.

നവീന്റേത് കേവലം എക്സിറ്ററിൽ മാത്രം ഒതുങ്ങിയ പ്രകൃതം ആയിരുന്നില്ല. യുകെയിൽ 10000 കണക്കിന് ചാരിറ്റി ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുവെങ്കിലും ഇന്നിന്റെ പ്രത്യേകിച്ച് മലയാളി പ്രവാസികൾ ഉൾക്കൊള്ളുന്ന ഏഷ്യൻ സമൂഹത്തിന്റെ ആവശ്യകതയായ അവയവ ദാനത്തിന്റെയും സ്റ്റം സെല്ലിന്റെയും മാഹാത്മ്യം ജനങ്ങളിൽ എത്തിക്കുവാൻ പ്രവർത്തിക്കുന്ന “ഉപഹാറിന്റെ” മുന്നണി പോരാളിയായിരുന്നു നവീൻ.

ഇംഗ്ലണ്ടിലെ നിരവധി നഗരങ്ങളിൽ ഉപഹാറിന്റെ ക്യാംപയിൻ പരിപാടിയിൽ സജീവ സാനിധ്യവും മാറ്റി നിർത്തുവാൻ കഴിയാത്ത വ്യക്തിയും ആയിരുന്നുവെന്ന് സംഘടനയുടെ ഡയറക്ടർ ബോർഡ് അംഗം ഡോ. അജിമോൾ പ്രദീപ് അഭിമാനത്തോടെ പറഞ്ഞു. നവീനെ പോലെ മാനവികതയുടെ പ്രചാരകന്മാർ യുകെയോട് വിട പറയുന്നത് നമ്മുടെ സമൂഹത്തിന് ഒരു തീരാനഷ്ടമായിരിക്കും എന്ന അജിമോൾ കൂട്ടിച്ചേർത്തു.

ഇന്ന് ഇംഗ്ലണ്ടിൽ അനുദിനം പ്രശസ്തമായി കൊണ്ടിരിക്കുന്ന മറ്റൊരു ചാരിറ്റിയാണ് “മദേഴ്‌സ് ചാരിറ്റി”. പാലീയേറ്റിവ് കെയറിനു പ്രാധാന്യം കൊടുത്ത് പ്രവർത്തിക്കുന്ന ഈ സംഘടനയുടെ കോർഗ്രൂപ്പ് അംഗമായ നവീൻ സംഘടനയിൽ തന്റെ നിരവധി സുഹൃത്തുക്കളെ അംഗങ്ങളാക്കുന്നതിനും നന്മയുടെ സന്ദേശം നവ മാധ്യമങ്ങളിലൂടെ ജനങ്ങളിൽ എത്തിക്കുന്നതിലും നവീൻ കാണിച്ച ആത്മാർത്ഥതയെ മദേഴ്‌സ് ചാരിറ്റി പ്രവർത്തകർ അഭിമാനത്തോടെ ഓർക്കുന്നു.

യുകെയിലെ അവരുടെ നഷ്ടം ആസ്‌ട്രേലിയയിൽ നവീൻ ചാരിറ്റി പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമ്പോൾ നികത്തുവാൻ കഴിയുമെന്നും അവർ പ്രതീക്ഷിക്കുന്നു.

അതെ, നവീൻ എന്ന കോട്ടയം മാന്നാനം സ്വദേശി ഭാര്യ ഡാലിയോടും കുട്ടികൾ ഹെയ്ഡനും ഹാരീസിനുമൊപ്പം ആസ്ട്രേലിയക്ക് ചേക്കേറുമ്പോൾ എക്സിറ്റർ മലയാളികൾക്ക് നഷ്ടമാകുന്നത് നവീനമായ ആശയങ്ങളും ചുറുചുറുക്കും കൈമുതലായുള്ള നല്ലൊരു സംഘാടകനെയും യുകെ മലയാളികൾക്ക് നഷ്ടമാകുന്നത് മാനവീകതയുടേയും കാരുണ്യത്തിന്റെയും പ്രതിരൂപം ആണെന്നതിൽ സംശയമേതുമില്ല.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more