1 GBP = 103.82
breaking news

ചാരക്കേസ്: ഹസന്റെ പ്രസ്‌താവന കുറ്റസമ്മതമെന്ന് നമ്പി നാരായണൻ

ചാരക്കേസ്: ഹസന്റെ പ്രസ്‌താവന കുറ്റസമ്മതമെന്ന് നമ്പി നാരായണൻ

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് കെ.പി.സി.സി അദ്ധ്യക്ഷൻ എം.എം.ഹസൻ നടത്തിയ പ്രസ്താവന കുറ്റസമ്മതമാണെന്ന് പ്രശസ്ത ശാസ്ത്രജ്ഞൻ നമ്പി നാരായണൻ പറഞ്ഞു. ചാരക്കേസിൽ തെറ്റ് പറ്റിയെന്ന്‌ കോൺഗ്രസിലെ ഒരു മുതിർന്നനേതാവ് തന്നെ തന്നോട് സമ്മതിച്ചിട്ടുണ്ട്. ചാരക്കേസിൽ കരുണാകരനെതിരെ നീങ്ങിയെന്നത് എം.എം.ഹസന്റെ കുറ്റസമ്മതം തന്നെയാണ്. ഉമ്മൻ ചാണ്ടിയുടെ മൗനം സമ്മതമായി കാണാം. കോൺഗ്രസിലെ ഗ്രൂപ്പ് താത്പര്യങ്ങൾക്ക്‌ വേണ്ടിയാണ് ചാരക്കേസ് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് സർക്കാരിനെതിരെ അന്ന് പ്രതിപക്ഷത്തായിരുന്ന എൽ.ഡി.എഫും ചാരക്കേസ് ഉപയോഗിച്ചു. കള്ളക്കേസ് ആഘോഷിക്കുമ്പോഴുംദേശീയതാല്പര്യം മുന്നിൽക്കണ്ടില്ല. തുടരന്വേഷണത്തിനുള്ള എൽ.ഡി.എഫ് നീക്കം തെറ്റിദ്ധാരണകൊണ്ടായിരുന്നെന്നാണ് വിശ്വാസം. ചാരക്കേസുണ്ടായതിന്റെ പിറ്റേ വർഷം തന്നെ കോൺഗ്രസിലെ ഒരു മുതിർന്ന നേതാവ് തന്നോട് തെറ്റ് ഏറ്റുപറഞ്ഞിട്ടുണ്ട്. തലമുതിർന്ന ആ നേതാവിന്റെ പേര് വെളിപ്പെടുത്താനാകില്ല. വിമാനത്താവളത്തിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ ക്ഷമാപണമെന്നും നമ്പി നാരായണൻ പറഞ്ഞു.

ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ സ്ഥാനത്ത് നിന്നും രാജി വയ്പ്പിക്കാൻ ശ്രമിക്കരുതെന്ന് ഉമ്മൻ ചാണ്ടിയോടും തന്നോടും എ.കെ. ആന്റണി ആവശ്യപ്പെട്ടിരുന്നുവെന്ന ഹസന്റെ പ്രസ്‌താവനയാണ് ചാരക്കേസ് വീണ്ടും ചർച്ചയാക്കിയത്. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയാൽ പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാവുമെന്നും ആന്റണി മുന്നറിയിപ്പ് നൽകിയിരുന്നു. അദ്ദേഹത്തെ രാജിവയ്പ്പിക്കാൻ ശ്രമിച്ചതിൽ ഖേദിക്കുന്നുവെന്നും ഹസൻ കഴിഞ്ഞ ദിവസംകോഴിക്കോട് ഡി.സി.സിയിൽ കെ.കരുണാകരന്റെ ഏഴാം ചരമവാർഷികത്തോടനുബന്ധിച്ചു നടത്തിയ അനുസ്മരണച്ചടങ്ങിൽ പറഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more