1 GBP = 104.08

നാദിര്‍ഷ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വന്ന ശേഷം ചോദ്യം ചെയ്യലിന് ഹാജരാകും

നാദിര്‍ഷ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വന്ന ശേഷം ചോദ്യം ചെയ്യലിന് ഹാജരാകും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസന്വേഷണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. ചികിത്സയിലായിരുന്ന നാദിര്‍ഷ ഇന്നലെ രാത്രി ആശുപത്രി വിട്ടിരുന്നു. ഇന്ന് രാവിലെ പതിനൊന്നരയോടെ ആലുവ പൊലീസ് ക്ലബ്ബില്‍ എത്തുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി വന്നശേഷം ചോദ്യം ചെയ്യലിന് ഹാജരായാല്‍ മതിയെന്ന് നാദിര്‍ഷ തീരുമാനിക്കുകയായിരുന്നു.

ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് കഴിഞ്ഞ ചൊവ്വാഴ്ചയാണ് അന്വേഷണ സംഘം നാദിര്‍ഷയ്ക്ക് നോട്ടീസ് അയച്ചത്. എന്നാല്‍ നെഞ്ചുവേദനയെ തുടര്‍ന്ന് അന്നു തന്നെ നാദിര്‍ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡിസ്ചാര്‍ജ് ചെയ്താലുടന്‍ നാദിര്‍ഷയെ ചോദ്യം ചെയ്യാനായിരുന്നു അന്വേഷണസംഘത്തിന്റെ തീരുമാനം. ഇന്നലെ രാത്രി 10 മണിയോടെ ആശുപത്രി വിട്ട നാദിര്‍ഷ അഭിഭാഷകരുമായി കൂടിയാലോചന നടത്തി.

ചോദ്യംചെയ്യലിന് ഹാജരാകുന്നതാണ് ഉചിതമെന്ന നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് പതിനൊന്നരയോടെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനായിരുന്നു നാദിര്‍ഷ ആദ്യം തീരുമാനിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ബൈജു പൗലോസ് ഉള്‍പ്പടെയുള്ളവര്‍ ആലുവ പൊലീസ് ക്ലബ്ബിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് നാദിര്‍ഷ തീരുമാനം മാറ്റുകയായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി മറ്റന്നാള്‍ പരിഗണിക്കുന്ന സാഹചര്യത്തില്‍ കോടതി തീരുമാനം അറിഞ്ഞ ശേഷം ചോദ്യംചെയ്യലിന് ഹാജരായാല്‍ മതിയെന്ന് നാദിര്‍ഷ തീരുമാനിക്കുകയായിരുന്നു.

അതേസമയം, കടുത്ത നടപടിയിലേയ്ക്ക് ഉടന്‍ നീങ്ങാതെ ഒരു ദിവസം കൂടി കാത്തിരിക്കാനാണ് അന്വേഷണ സംഘത്തിന്റെയും തീരുമാനം. നേരത്തെ ദിലീപിനൊപ്പം നാദിര്‍ഷയെ ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ മൊഴിയില്‍ നിരവധി വൈരുദ്ധ്യങ്ങള്‍ ഉള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കൂടാതെ സംശയാസ്പദമായ രീതിയില്‍ നിലമ്പൂരിലെയും ഫോര്‍ട്ട് കൊച്ചിയിലെയും സ്വകാര്യ ഹോട്ടലില്‍ താമസിച്ച് പ്രമുഖരുമായി നാദിര്‍ഷ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇക്കാര്യങ്ങള്‍ ചോദിച്ചറിയനാണ് പൊലീസ് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്. തെളിവുകള്‍ നാദിര്‍ഷയ്‌ക്കെതിരായാല്‍ അറസ്റ്റ് ചെയ്യനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more