1 GBP = 103.12

മുത്തലാഖിന് ഇന്ത്യയില്‍ നിരോധനം, ആറ് മാസത്തിനുള്ളില്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് സുപ്രീംകോടതി

മുത്തലാഖിന് ഇന്ത്യയില്‍ നിരോധനം, ആറ് മാസത്തിനുള്ളില്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് സുപ്രീംകോടതി

മുത്തലാഖ് ഭരണഘടനാവിരുദ്ധമാണ് എന്ന് സുപ്രീംകോടതി. സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ചാണ് ഇക്കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കിയത്. അഞ്ച് ജസ്്റ്റിസുമാരില്‍ മൂന്ന് പേര്‍ മുത്തലാഖിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ രണ്ട് പേര്‍ മുസ്ലീം വ്യക്തിനിയമത്തിന്റെ ഭാഗമാണ് ഇതെന്ന് അഭിപ്രായം രേഖപ്പെടുത്തി. ഭൂരിപക്ഷ വിധിപ്രകാരം മുത്തലാഖ് നിയമവിരുദ്ധമാണ് എന്ന് അഭിപ്രായത്തില്‍ സുപ്രിംകോടതി എത്തിച്ചേരുകയായിരുന്നു.

ജസ്റ്റിസ് കുര്യന്‍ ജോസഫ്, യു.യു.ലളിത്, ആര്‍.എഫ്.നരിമാന്‍ എന്നിവര്‍ മുത്തലാഖിനെ എതിര്‍ത്തപ്പോള്‍ ചീഫ് ജസ്റ്റിസ് കെഹാര്‍, ജസ്റ്റിസ് അബ്ദുള്‍ നസീര്‍ എന്നിവരാണ് ഭിന്നാഭിപ്രായം രോഖപ്പെടുത്തിയത്. ആറ്ദിവസം തുടര്‍ച്ചയായി വാദം കേട്ട ശേഷമാണ് ഭരണഘടനാ ബഞ്ച് ആയിരം പേജ് വരുന്ന വിധ പ്രസ്താവിച്ചത്.

സൈറാബാനു, അഫ്രീന്‍ റഹ്മാന്‍, ഇസ്രത് ജഹാന്‍, ഗുല്‍ഷണ്‍ പ്രവീണ്‍, ഫര്‍ഹ ഫായിസ് എന്നിവരുടെ ഹര്‍ജികള്‍ക്ക് പുറമേ 2015 ഒക്ടോബറില്‍ ജസ്റ്റിസുമാരായ അനില്‍ ആര്‍. ദാവേയും ആദര്‍ശ് കുമാര്‍ ഗോയലും പരിഗണിച്ച മുത്തലാഖ് പൊതുതാല്‍പ്പര്യ ഹര്‍ജികളും കോടതി പരിഗണിച്ചു. 15 വര്‍ഷത്തെ വിവാഹ ബന്ധം ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി അവസാനിപ്പിച്ച ഉത്തര്‍പ്രദേശില്‍ നിന്നുള്ള സൈറ ബാനു, കത്തു വഴി മൊഴിചൊല്ലപ്പെട്ട അഫ്രീന്‍ റഹ്മാന്‍, മുദ്ര പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍ പ്രവീണ്‍, ഫോണിലൂടെ മോഴി ചൊല്ലപ്പെട്ട ഇസ്രത് ജഹാന്‍, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയ സാബ്‌റി എന്നിവരുടെ ഹര്‍ജികള്‍ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു.

മുത്തലാഖ് ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവ നിരോധിക്കണം എന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമബോര്‍ഡും ജമാ അത്തെ ഇസ്ലാമി ഹിന്ദും മുത്തലാഖിന് അനുകൂലമായി കക്ഷിചേര്‍ന്നപ്പോള്‍ മുസ്ലീം വിമന്‍സ് ക്വസ്റ്റ് ഫോര്‍ ഇക്വാളിറ്റി, ഖൂര്‍ആന്‍ സുന്നത്ത് സൊസൈറ്റി എന്നിവര്‍ എതിരായി ഹര്‍ജി നല്‍കി. കേന്ദ്രസര്‍ക്കാരും കേസില്‍ കക്ഷികള്‍ ആയിരുന്നു.

മുത്തലാഖ് നിരോധിക്കാന്‍ ആവശ്യമെങ്കില്‍ ആറ്മാസത്തിനകം നിയമനിര്‍മ്മാണം നടത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിയമം നിലവില്‍ വരുന്നത് വരെ ആറ്മാസത്തേക്ക് മുത്തലാഖിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആറ് മാസത്തിനുള്ളില്‍ നിയമനിര്‍മ്മാണം നടത്താത്ത പക്ഷം സ്ുപ്രീംകോടതിയുടെ വിലക്ക് തുടരും.

മുത്തലാഖ് മുസ്ലീം വിവാഹമോചനത്തിലെ ഏറ്റവും നീചവും അനഭലഷണീയവുമായ രീതിയാണ് എന്ന് സുപ്രീംകോടതി വാദത്തിനിടെ നിരീക്ഷിച്ചു. മുത്തലാഖിനുള്ള അവകാശം പുരുഷന് മാത്രമാണെന്നും ഇത് തുല്യതയ്ക്കുള്ള അവകാശം വാഗ്ദാനം ചെയ്യുന്ന ഭരണഘടനയുടെ 14-ാം വകുപ്പിന്റെ ലംഘനമാണ് എന്നും കക്ഷികള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാം ജേഠ്മലാനി ചൂണ്ടിക്കാട്ടി. ഏകപക്ഷീയമായ വിവാഹമോചനം നിയമവിരുദ്ധമാണ്. ഖുറാനിലെ വചനങ്ങള്‍ക്ക് എത്ിരാണ് എന്നതിനാല്‍ മുത്തലാഖ് റദ്ദാക്കണമെന്ന് അദ്ദേഹം സുപ്രീംകോടതിയെ ബോധിപ്പിച്ചു. കേന്ദ്രസര്‍ക്കാരും മുത്തലാഖ് നിയമവിരുദ്ധമാണ് എന്ന്് നിലപാട് സ്വീകരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more